എഫ് പിഒയിലൂടെ 20,000 കോടി സമാഹരിക്കാന്‍ അദാനി
കൊച്ചി: അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ഫര്‍തര്‍ പബ്ലിക് ഓഫറിങ് (എഫ് പിഒ) ജനുവരി 27 മുതല്‍ 31 വരെ നടക്കും. ഇതിലൂടെ 20,000 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 3,112 രൂപ മുതല്‍ 3,276 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് നാല് ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് എഫ് പിഒ ഇക്വിറ്റി ഷെയറിന് 64 രൂപയുടെ കിഴിവ് ലഭിക്കും.
എഫ് പിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ നിന്ന് 10,869 കോടി രൂപ ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍, എയര്‍പോര്‍ട്ടുകള്‍, ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ്വേ എന്നിവയുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങളുടെ മൂലധന ചെലവുകള്‍ക്കും, 4,165 കോടി കമ്പനിയുടെയും അതിന്‍റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ്, അദാനി റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ്, മുന്ദ്ര സോളാര്‍ ലിമിറ്റഡ് എന്നിവയുടെ ഭാഗികമായി വായ്പ തിരിച്ചടവുകള്‍ക്കുമായും വിനിയോഗിക്കും. എഫ്പിഒ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.