Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശ്രദ്ധയാകര്‍ഷിച്ച് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോ അവസരമൊരുക്കും.

ജെന്‍ റോബോട്ടിക്സ് ഉത്പന്നങ്ങളായ ബന്‍ഡികൂട്ട് ആണ് എക്സ്പോയിലെ പ്രധാന ആകര്‍ഷണം. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബോട്ടാണ് ‘ബന്‍ഡികൂട്ട്’. മനുഷ്യപ്രയത്നം കുറച്ച് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന ബന്‍ഡികൂട്ട് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ പല നഗരസഭകളിലും ബന്‍ഡികൂട്ട് റോബോട്ട് പ്രചാരത്തിലുണ്ട്. കേരളത്തില്‍ വാട്ടര്‍ അതോറിറ്റിക്കു വേണ്ടിയാണ് ബന്‍ഡികൂട്ട് പ്രവര്‍ത്തിക്കുന്നത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ ഉത്പന്നമായ ജെന്‍കോട്ടും പ്രദര്‍ശനത്തിലുണ്ട്. ലോജിസ്റ്റിക്സ് സേവനങ്ങള്‍ക്കായിട്ടാണ് ജെന്‍കോട്ട് വികസിപ്പിട്ടുള്ളത്.

ശ്രീചിത്ര കാന്‍സര്‍ സെന്‍ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പായ സാസ്കാന്‍ മെഡിടെക് വായിലെ കാന്‍സര്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയാനായുള്ള ഓറല്‍ സ്കാന്‍ എന്ന ഉപകരണമാണ് വികസിപ്പിച്ചിട്ടുള്ളത്. രോഗികള്‍ക്ക് ചികിത്സയ്ക്കു മുമ്പ് കാന്‍സര്‍ സംശയനിവാരണം വരുത്താന്‍ ഉപകരിക്കുന്ന ഓറല്‍ സ്കാന്‍ 2019 ലാണ് സാസ്കാന്‍ മെഡിടെക് വികസിപ്പിച്ചത്. കേള്‍വിശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കാന്‍ സഹായിക്കുകയാണ് ഡിജിറ്റല്‍ ആര്‍ട്സ് അക്കാദമി ഫോര്‍ ദ ഡെഫ്. എഴുത്തുഭാഷയും ശബ്ദവും ഒരേസമയം ഈ ഉപകരണത്തിലൂടെ സാധ്യമാകും. കേള്‍വിശേഷിയില്ലാത്ത വനിതാ സംരംഭകരായ രമ്യാരാജും ആര്യാലക്ഷ്മിയുമാണ് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകര്‍. ഹാക്കിംഗില്‍ നിന്ന് വെബ്സൈറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചാണ് പ്രൊഫേസ് ടെക്നോളജീസ് എക്സ്പോയില്‍ ശ്രദ്ധേയമാകുന്നത്.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മെഡ്ക്യു ആപ്. ആശുപത്രികള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍, ബ്ലഡ് ബാങ്ക്, ഫാര്‍മസി, ലബോറട്ടറി, സാന്ത്വന പരിചരണം തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ദമ്പതികളായ ഷംനയും ആദിഷ് ചാക്യാരിയുമാണ് ആരംഭിച്ചത്. ചികിത്സാവേളയില്‍ രോഗിയുടെ ഓക്സിജന്‍ വ്യതിയാനം കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്ന ഹെകാഫ്ളോ എന്ന മെഡിക്കല്‍ ഉപകരണം വികസിപ്പിച്ചാണ് കൊച്ചി ആസ്ഥാനമായ ഹെകാ മെഡിക്കല്‍സ് ഇന്ത്യ എക്സ്പോയില്‍ സാന്നിധ്യമറിയിക്കുന്നത്.

പരിസ്ഥിതിസൗഹൃദ വസ്തുക്കളില്‍ നിന്നും പാഴ്വസ്തുക്കളില്‍ നിന്നും നിത്യോപയോഗ, കരകൗശല സാധനങ്ങള്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി സ്റ്റാര്‍ട്ടപ്പായ വര്‍ഷ്യ ചുറ്റുപാടിലെ പ്ലാസ്റ്റിക്ക് ദുരുപയോഗം കുറയ്ക്കാനും ലക്ഷ്യമിടുന്നു. വര്‍ഷ്യക്കു പുറമേ പരിസ്ഥിസൗഹൃദ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് എക്സ്പോയിലുള്ളത്. ചക്ക, കൂണ്‍, റാഗി, ഏത്തക്കായ തുടങ്ങിയവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവയുടെ വിപണി സാധ്യതയും പ്രയോജനപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പുകളും എക്സ്പോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3