മഹാരാഷ്ട്രയിൽ 75,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ 75,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ രാജ്യത്തിന് സമർപ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. 1500 കോടിയിലധികം രൂപ ചെലവുവരുന്ന ദേശീയ റെയിൽ പദ്ധതികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻ.ഐ.ഒ), നാഗ്പൂർ, നാഗ് നദിയിലെ മലിനീകരണ നിയന്ത്രണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിപാടിയിൽ ചന്ദ്രപൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപെറ്റ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ചന്ദ്രാപൂർരിലെ സെന്റർ ഫോർ റിസർച്ച്, മാനേജ്‌മെന്റ് ആൻഡ് കൺട്രോൾ ഓഫ് ഹീമോഗ്ലോബിനോപതിയുടെ, ഉദ്ഘാടനവും നിർവഹിച്ചു.
അതിന് മുൻപേ ഇന്ന് നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമർപ്പിക്കുകയും നാഗ്പൂർ മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്തു. നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന 520 കിലോമീറ്റർ ദൂരമുള്ള ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
1575 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച നാഗ്പൂർ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഒ.പി.ഡി, ഐ.പി.ഡി, രോഗനിർണ്ണയ സേവനങ്ങൾ, ഓപ്പറേഷൻ തിയറ്ററുകൾ, മെഡിക്കൽ ശാസ്ത്രത്തിലെ സ്‌പെഷ്യാലിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളിൽപ്പെട്ട പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന 38 വകുപ്പുകൾ എന്നിവയൊക്കെയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചത്.