ആക്കുളം സാഹസിക വിനോദ പാര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് ടൂറിസം വികസനം സാധ്യമാക്കുന്നതിന് ഇക്കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും ഇതാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നതെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡിനു ശേഷം ആകര്‍ഷകമായ ടൂറിസം പദ്ധതികളിലൂടെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുകയും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്തം. അഡ്വഞ്ചര്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇതാണ് സാധ്യമാക്കുന്നത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക പാര്‍ക്ക് പുതിയ അഭിരുചികള്‍ തേടുന്ന സഞ്ചാരികളെ തൃപ്തിപ്പെടുത്തും. ആക്കുളം, വേളി, ശംഖുമുഖം ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം വികസനത്തിന് വലിയ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശകര്‍ക്ക് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാനും ആസ്വദിക്കാനുമുള്ള നിരവധി സംവിധാനങ്ങളും സാഹസിക വിനോദ ഉപാധികളുമാണ് ആക്കുളം ടൂറിസറ്റ് വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ കളക്ടറും ഡിടിപിസി ചെയര്‍മാനുമായ ജെറോമിക് ജോര്‍ജ്, കൗണ്‍സിലര്‍ കെ.സുരേഷ്കുമാര്‍, ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആകാശ സൈക്ലിംഗ്, സിപ് ലൈന്‍, ബലൂണ്‍ കാസില്‍, ബര്‍മാ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായുള്ള ബാറ്ററി കാറുകള്‍ എന്നിവയാണ് പുതിയതായി പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പുതുവര്‍ഷം വരെ ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്നവര്‍ക്ക് 30 ഉം കുട്ടികള്‍ക്ക് 40 ഉം ശതമാനം ഇളവ് ഉണ്ടായിരിക്കും. ഡിടിപിസിക്കും വട്ടിയൂര്‍ക്കാവ് യൂത്ത് എന്‍റര്‍പ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുമാണ് സാഹസിക വിനോദ പാര്‍ക്കിന്‍റെ നടത്തിപ്പ് ചുമതല.