November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ മയക്കുമരുന്ന് ദുരുപയോഗം; 13 ശതമാനം 20 ല്‍ താഴെയുള്ളവരെന്ന് യുഎന്‍ വിദഗ്ധന്‍

1 min read

തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു. ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ ‘കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും; സമൂഹത്തിന്‍റെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബില്ലി ബാറ്റ് വെയര്‍.

കുട്ടികള്‍ക്കെതിരായ അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവ കാരണം അവരുടെ മാനസിക, ശാരീരികാരോഗ്യം സാരമായി ബാധിക്കുന്നുവെന്ന് ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു. ഇത് മൂലം മയക്കുമരുന്നിന്‍റെയും മദ്യപാനത്തിന്‍റെയും ദുരുപയോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ സാഹചര്യം വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ 10 ല്‍ ഒമ്പത് പേരും 18 വയസ് തികയുന്നതിന് മുമ്പ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിലും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കിലും കേരളത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി സി ജോസഫ് പറഞ്ഞു. കുട്ടികളുമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ അഭാവം കേരളത്തില്‍ പ്രകടമാണ്. ശിശുപരിചരണം, ശിശുസംരക്ഷണ നിയമങ്ങള്‍ എന്നിവയിലും സംസ്ഥാനം മെച്ചപ്പെടേണ്ടതുണ്ട്. കേരളത്തില്‍ എഫ് ഡബ്ല്യുഎഫ് നടത്തുന്ന ‘വേണ്ട’ പദ്ധതി ശിശുപരിചരണം കൈകാര്യം ചെയ്യുന്നതിലെ ശേഷി വര്‍ധിപ്പിക്കേണ്ടതിനെ അഭിസംബോധന ചെയ്യുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഇടപെടലുകളിലൂടെ ചെറുപ്രായത്തില്‍ തന്നെ ആരോഗ്യ വിദ്യാഭ്യാസം പ്രതിരോധം, പരിചരണം, മയക്കുമരുന്നിന്‍റെ ലഭ്യത കുറയ്ക്കല്‍ തുടങ്ങിയ ബഹുമുഖ സമീപനമാണ് ‘വേണ്ട’ പിന്തുടരുന്നത്. പ്രതിവര്‍ഷം ശരാശരി 3000 കുട്ടികള്‍ ഇതിലൂടെ പരിശീലനം നേടുന്നു. ഈ പദ്ധതി 10 ലക്ഷത്തിലധികം കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ലഹരിവസ്തുക്കളുടെ ദുരുപയോഗം ഉപയോക്താക്കളെന്ന നിലയിലും ഇരയെന്ന നിലയിലും കുട്ടികളെ ബാധിക്കുമെന്ന് ‘ആഗോള ഡ്രഗ് നയം; കുട്ടികള്‍ക്കായുള്ള പരിശ്രമങ്ങള്‍’ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ ദി കണ്‍സേണ്‍ഡ് ഫോര്‍ വര്‍ക്കിംഗ് ചില്‍ഡ്രന്‍-ഇന്ത്യയുടെ അഡ്വക്കസി ആന്‍ഡ് ഫണ്ട് റൈസിംഗ് ഡയറക്ടര്‍ കവിത രത്ന പറഞ്ഞു. കുട്ടികള്‍ക്കും ഭരണകൂടത്തിന്‍റെ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. അവര്‍ ലഹരിമുക്ത സമൂഹത്തില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.

മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം ശ്രീലങ്കയില്‍ ഓരോ വര്‍ഷവും ഏകദേശം 40,000 പേര്‍ മരിക്കുന്നുവെന്ന് ശ്രീലങ്കയിലെ നാഷണല്‍ ഡേഞ്ചറസ് ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡ് (എന്‍ഡിഡിസിബി) ചെയര്‍മാന്‍ ശാക്യ നാനായക്കര പറഞ്ഞു. സമൂഹത്തിന്‍റെ ഗുണപരമായ ഇടപെടല്‍ ഏഷ്യാ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നാക്ക സാഹചര്യങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന കുട്ടികള്‍ അപകീര്‍ത്തിപ്പെടുത്തല്‍, പീഡനം, ലൈംഗിക ചൂഷണം എന്നിവ നേരിടുന്നുണ്ടെന്ന് ചൈല്‍ഡ് വര്‍ക്കേഴ്സ് ഇന്‍ നേപ്പാള്‍ കണ്‍സേണ്‍ഡ് സെന്‍റര്‍ (സിഡബ്ല്യുഐഎന്‍) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമ്നിമ തുലാധര്‍ അഭിപ്രായപ്പെട്ടു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ലഹരി ഉപയോഗിക്കുന്ന 70 ശതമാനം കൗമാരക്കാരും ഇതിന്‍റെ കുടുംബ ചരിത്രമുള്ളവരാണെന്ന് ബെംഗളുരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) സെന്‍റര്‍ ഫോര്‍ അഡിക്ഷന്‍ മെഡിസിന്‍ സൈക്യാട്രി പ്രൊഫസര്‍ ഡോ. അരുണ്‍ കന്തസാമി പറഞ്ഞു. മുതിര്‍ന്നവരില്‍ ഇത് 43 ശതമാനമാണ്. കൗമാരക്കാരില്‍ 61 ശതമാനവും മുതിര്‍ന്നവരില്‍ 32 ശതമാനവും ഇതിലൂടെയുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാളത്തേക്കല്ല, ഇന്നത്തേക്കാണ് കുട്ടികളെ പരിപൂര്‍ണമായി വളര്‍ത്തിയെടുക്കേണ്ടതെന്ന് സെഷന്‍ നിയന്ത്രിച്ച ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (എഡിഐസി)-ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ ഇടയാറന്‍മുള പറഞ്ഞു.

Maintained By : Studio3