ഡിസൈന്‍ വീക്കിന്‍റെ മൂന്നാം പതിപ്പ് ഡിസംബര്‍ 16,17 തീയതികളില്‍ കൊച്ചിയില്‍
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡിസൈന്‍ ഫെസ്റ്റിവലായ കൊച്ചി ഡിസൈന്‍ വീക്ക് മൂന്നാം പതിപ്പിന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 16 & 17 തീയതികളില്‍ കൊച്ചിയിലെ ബോള്‍ഗാട്ടി ഐലന്‍റില്‍ നടക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്‍റെ മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് സന്നിഹിതനായിരുന്നു. രാജ്യത്തെ സര്‍ഗപ്രതിഭകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നുള്ളവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാനാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. വളര്‍ന്നുവരുന്ന സര്‍ഗാത്മക സമൂഹത്തിന് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ ഒരു ആഗോള ഡിസൈന്‍ ഹബ്ബാക്കി മാറ്റുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി ഡിസൈന്‍ വീക്കുമായി കൈകോര്‍ക്കും. ഡിസൈന്‍ വീക്കില്‍ വിവിധ മേഖലകളിലെ രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള ആശയങ്ങള്‍ക്ക് രൂപം നല്‍കാനും ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുമുള്ള അവസരം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ഡിസൈന്‍ വീക്കിനോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള ആശയങ്ങള്‍ ക്ഷണിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയും ഐഐഎച്ച്ടിയുമായി ചേര്‍ന്ന് കൈത്തറി വസ്ത്രങ്ങളുടെ ഡിസൈന്‍ ചലഞ്ച് സംഘടിപ്പിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നാല് നഗരങ്ങളില്‍ ഐഇഡിസി നേതൃത്വം നല്‍കുന്ന റോഡ് ഷോ നടത്തും. സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, സാങ്കേതിക വിദ്യകളുടെ പരിചയപ്പെടുത്തലുമുണ്ടാകും. സൂപ്പര്‍ ഫാബ് ലാബുമായി ചേര്‍ന്ന് കേരളത്തിന്‍റെ സ്വന്തം സുവനീര്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള ശില്‍പശാല സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ പ്രാദേശിക പ്രാധാന്യമുള്ള കരകൗശല വസ്തുക്കളേയും കലാകാരന്‍മാരേയും മേളയില്‍ ഉള്‍പ്പെടുത്തും.
മൂവികോണ്‍, ഇലക്ട്രോണിക്സ് മേക്കര്‍ ഫെസ്റ്റ്, വര്‍ക്ക്ഷോപ്പുകള്‍, ഡിസൈന്‍ ടോക്കുകള്‍, പ്രദര്‍ശനങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, ഫിലിം ഫെസ്റ്റിവല്‍, ഡിസൈന്‍ ചലഞ്ചുകള്‍ എന്നിവ കൊച്ചി ഡിസൈന്‍ വീക്കിന്‍റെ ഭാഗമായുണ്ടാകും. ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്. അന്താരാഷ്ട്ര ഡിസൈന്‍ ഫെസ്റ്റിവലായ കൊച്ചി ഡിസൈന്‍ വീക്കില്‍ കല, സാങ്കേതികവിദ്യ എന്നിവയിലെ പുതിയ പ്രവണതകളും ചര്‍ച്ച ചെയ്യും.
ഡിസൈന്‍ പ്രൊഫഷണലുകള്‍, ആര്‍ക്കിടെക്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍, ഭരണാധികാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. ആര്‍ക്കിടെക്റ്റുകള്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈന്‍ വീക്കിനുണ്ട്. അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ദേശീയ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐഐഐഡി), ദി ഇന്‍ഡസ് എന്‍റര്‍പ്രണേഴ്സ് (ടിഐഇ) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.
ഡിസൈന്‍ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും വര്‍ക്ക്ഷോപ്പുകളും ഇതിന്‍റെ ഭാഗമായുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റായ ഡിഡൈന്‍ വീക്ക് കൊച്ചിയിലെ ഏറ്റവും വലിയ മ്യൂസിക് ഫെസ്റ്റിവലും ഫുഡ് ഫെസ്റ്റിവലുമാണ്. കൊച്ചി ഡിസൈന്‍ വീക്കിന്‍റെ അവസാന 2 എഡിഷനുകള്‍ 2018-2019 വര്‍ഷങ്ങളില്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു.