കെഎസ് യുഎം ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് ഉച്ചകോടി 28ന്
തിരുവനന്തപുരം: കേരളത്തിലെ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഒക്ടോബര്‍ 28 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് ഉച്ചകോടി സംഘടിപ്പിക്കുന്നു. ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഒടി സംരംഭക ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐടിയ്ക്കു പുറമേ ആരോഗ്യ, കാര്‍ഷിക, ഓട്ടോമൊബൈല്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള സംരംഭങ്ങളെ ഈ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് എത്തിക്കാനും ഉച്ചകോടിയിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നു.
ഉച്ചകോടിയില്‍ 200 ലേറെ പ്രമുഖ സംരംഭകര്‍, ഇന്നവേറ്റേഴ്സ്, നിക്ഷേപകര്‍, ഭരണരംഗത്തെ പ്രമുഖര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ഐടിയ്ക്കു പുറമേ ആരോഗ്യ, കാര്‍ഷിക, ഓട്ടോമൊബൈല്‍ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളും ഉച്ചകോടിയുടെ ഭാഗമാകും. ഐഒടി മേഖലയിലെ വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തുകയും സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാരുമായി സംവദിക്കുകയും ചെയ്യും. ഡിജിറ്റല്‍ പരിവര്‍ത്തനം നടത്തുന്നതിനും പ്രവര്‍ത്തനക്ഷമതയ്ക്കുമുള്ള നിര്‍ണായക സഹായി എന്ന നിലയില്‍ നൂതന ആശയങ്ങളും ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സാധ്യതയുള്ള മേഖലയാണ് ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്. മനുഷ്യസഹായം ഇല്ലാതെ തന്നെ ആശയവിനിമയം നടത്താന്‍ യന്ത്രങ്ങളെയും ഉല്‍പ്പന്നങ്ങളെയും ഐഒടി പ്രാപ്തമാക്കുന്നതിനാല്‍, മികച്ച രീതിയിലും വേഗത്തിലും തീരുമാനമെടുക്കല്‍, പ്രവചനാത്മക വിശകലനം, ഓട്ടോമേഷന്‍ എന്നിവയിലൂടെ ഡാറ്റയുടെ യഥാര്‍ഥ മൂല്യം ശേഖരിക്കാനാകും. നിര്‍മ്മിതബുദ്ധി വഴി പരസ്പരം ബന്ധിപ്പിച്ച ഉപകരണങ്ങളും തത്സമയ ആശയവിനിമയവും കൂടിച്ചേര്‍ന്ന് ഐഒടി നല്‍കുന്ന കാര്യക്ഷമതയില്‍ ക്രമാതീതമായുള്ള വളര്‍ച്ച സുഗമമാക്കുകയും ചെയ്യും. സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായ കെഎസ്യുഎം സംസ്ഥാനത്ത് നൂതന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിനും വിപുലീകരണത്തിനും സാധ്യതകളുള്ള പ്രധാന മേഖലകളെ തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.