ഫുഡ് വെന്‍ഡിംഗ് കിയോസ്കിലൂടെ വെര്‍ച്വല്‍ ഫുഡ് കോര്‍ട്ടുമായി കേരള സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റെസ്റ്റോറന്‍റുകളില്‍ നിന്ന് ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്ന് അവ സ്വീകരിക്കുന്നതിനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. കേരളത്തിലെ മൂന്ന് യുവ സംരംഭകരാണ് പുതിയ ആശയത്തിനു പിന്നില്‍. സ്മാര്‍ട്ട് കിയോസ്ക് ഉല്‍പ്പന്നമായ വെന്‍ഡിഗോ ഉടന്‍ തിരുവനന്തപുരത്ത് അവതരിപ്പിക്കും. വെര്‍സിക്കിള്‍സ് ടെക്നോളജീസിന്‍റെ സംരംഭമാണിത്. മനോജ് ദത്തന്‍ (ഫൗണ്ടര്‍ സിഇഒ), അനീഷ് സുഹൈല്‍ (ഫൗണ്ടര്‍ സിടിഒ), ഇ-കൊമേഴ്സ് മേഖലയില്‍ അനുഭവപരിചയമുള്ള നിക്ഷേപകന്‍ കിരണ്‍ കരുണാകരന്‍ എന്നിവരാണ് സ്റ്റാര്‍ട്ടപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
ഉപഭോക്താവിന് വെന്‍ഡിഗോ പോര്‍ട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് എത്തിക്കുന്നതിനുള്ള സമയവും സ്ഥലവും രേഖപ്പെടുത്താനാകും. ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം പേയ്മെന്‍റ് ഗേറ്റ് വേകളുമായി സംയോജിപ്പിച്ചിരിക്കുന്നു. പേയ്മെന്‍റ് ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം ലഭിക്കുന്നതിനായി ഉപഭോക്താവിന് കിയോസ്ക് ബോക്സ് നമ്പറുള്ള ഒടിപി ലഭിക്കും.
ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഒന്നിലധികം റെസ്റ്റോറന്‍റുകളില്‍ നിന്ന് ഒറ്റ ഓര്‍ഡറില്‍ വിവിധ ഇനം ഭക്ഷണം വാങ്ങിക്കാമെന്ന് കിയോസ്കിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ച് മനോജ് ദത്തന്‍ പറഞ്ഞു. വിവിധ റെസ്റ്റോറന്‍റുകളില്‍ നിന്ന് സൂപ്പ്, ബിരിയാണി, നൂഡില്‍സ്, ഇറ്റാലിയന്‍ ടേക്ക്ഔട്ട് ഉള്‍പ്പെടെ ഇഷ്ടമുള്ള എന്തു വിഭവങ്ങളും ഓര്‍ഡര്‍ ചെയ്യാനാകും. ഓര്‍ഡറുകള്‍ ഒരു ഏകീകൃത പ്ലാറ്റ് ഫോമില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയും ഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിലൂടെയും ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പുനല്‍കുന്നു.
നഗരത്തിലെ മുന്‍നിര റെസ്റ്റോറന്‍റുകള്‍, കഫേകള്‍, ബേക്കറികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വെന്‍ഡിഗോ റെസ്റ്റോറന്‍റ് വ്യവസായത്തിനെ സഹായിക്കാനുതകും വിധം സുഗമമായ ഒരു പാതയൊരുക്കുകയാണ്. ആളുകള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ട്രാക്ക് ചെയ്യാനും പരിസരത്തുള്ള ഒരു പിക്കപ്പ് കിയോസ്കില്‍ നിന്ന് ഭക്ഷണം കൈപ്പറ്റാനും കഴിയും. ചിലപ്പോള്‍ ഈ കിയോസ്കുകളില്‍ ഒരു ക്ലൗഡ് കിച്ചണും ഉണ്ടായിരിക്കും. ഇതുവഴി പാചകവും കിയോസ്ക് വഴിയുള്ള വില്‍പ്പനയും സാധിക്കും. വെന്‍ഡിഗോ ടേക്ക്ഔട്ട് കിയോസ്ക് റെസ്റ്റോറന്‍റുകളിലോ മാളുകളിലോ റെസ്റ്റോറന്‍റുകള്‍ ആഗ്രഹിക്കുന്ന സൗകര്യപ്രദമായ സ്ഥലങ്ങളിലോ സ്ഥാപിക്കാനാകും.
തിരുവനന്തപുരത്തെ ആദ്യത്തെ ‘മള്‍ട്ടി-റെസ്റ്റോറന്‍റ് ഓര്‍ഡറിംഗ്’ അനുഭവമാണ് വെന്‍ഡിഗോയെന്നും ഡെലിവറി വിഭാഗത്തിന്‍റെ ഭാവിയായി ഫുഡ് ടേക്ക്ഔട്ട് ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടെന്നും അനീഷ് സുഹൈല്‍ പറഞ്ഞു. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഭക്ഷണപ്രിയരെ പത്തിലധികം റെസ്റ്റോറന്‍റുകളില്‍ നിന്ന് ഒരേ ബില്ലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരേയൊരു ലക്ഷ്യസ്ഥാനം ഇതാണ്. വീട്ടില്‍ വ്യത്യസ്ത അഭിരുചിയിലുള്ളവരെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണം ഒരൊറ്റ ഓര്‍ഡറില്‍ നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില്ലറ വില്‍പ്പന പ്രവര്‍ത്തനങ്ങളിലൂടെ റെസ്റ്റോറന്‍റ് വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാനും തടസ്സമില്ലാത്ത ഭക്ഷണ വിതരണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ചെലവ് കുറയ്ക്കാനും ലാഭം വര്‍ധിപ്പിക്കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കിരണ്‍ കരുണാകരന്‍ പറഞ്ഞു. പാചകത്തില്‍ അഭിനിവേശമുള്ള ആളുകളെ മുന്‍കൂര്‍ നിക്ഷേപമില്ലാതെ ഒരു സംരംഭകനാകാന്‍ പ്രാപ്തരാക്കുകയാണ് വെന്‍ഡിഗോയുടെ ദൗത്യം. ഒരു സാധാരണ റെസ്റ്റോറന്‍റ് തുറക്കുന്നതിന് 10 ലക്ഷം ചെലവാകും. തുടര്‍ന്ന് റസ്റ്റോറന്‍റ് ഉടമയ്ക്ക് മാര്‍ക്കറ്റിംഗിനും സോഫ്റ്റ് വെയറിനുമായി പണം ചെലവഴിക്കാം. നിലവിലുള്ള ഒരു റെസ്റ്റോറന്‍റിന്‍റെ ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള സേവനം വെന്‍ഡിഗോ ഉറപ്പുനല്‍കുന്നു.
അടുക്കളസ്ഥലം മുതല്‍ സോഫ്റ്റ് വെയര്‍ ഓര്‍ഡര്‍ ചെയ്യല്‍, ഡെലിവറി കിയോസ്ക്, മാര്‍ക്കറ്റിംഗ്, തിരക്കുള്ള ഒരു റെസ്റ്റോറന്‍റിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കല്‍, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍, കിയോസ്ക് ഡെലിവറി പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി ഒരു ടേക്ക്ഔട്ട് റെസ്റ്റോറന്‍റ് സൃഷ്ടിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും വെന്‍ഡിഗോ നല്‍കും. റെസ്റ്റോറന്‍റുകളുടെ ഡിസ്കൗണ്ടുകള്‍, ഓഫറുകള്‍, അറിയിപ്പുകള്‍, സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ഇടപഴകാന്‍ സഹായിക്കും.
ഉപഭോക്താക്കള്‍ക്ക് അവര്‍ പരീക്ഷിച്ചിട്ടില്ലാത്ത പാചകരീതികള്‍ ആസ്വദിക്കാനുള്ള അവസരവും വെന്‍ഡിഗോ ഒരുക്കും. ഫൈവ് സ്റ്റാര്‍ ഷെഫുകള്‍ പ്രത്യേക പരിപാടികളിലൂടെ ഉപഭോക്താക്കള്‍ക്കായി പാചകം ചെയ്യുന്നതുവഴി അവരുടെ ബ്രാന്‍ഡ് പരിചയപ്പെടുത്തുന്നു. ഇതിലൂടെ ഒരു സ്റ്റാര്‍ റസ്റ്റോറന്‍റ് അനുഭവം ആളുകള്‍ക്ക് നല്‍കാനും വിദേശയിനം വിഭവങ്ങള്‍ പരിചയപ്പെടാനും അവസരമൊരുങ്ങുന്നു. ഇത്തരം അനുഭവങ്ങളെ കൂടുതല്‍ ജനകീയമാക്കുകയും സ്റ്റാര്‍ റസ്റ്റോറന്‍റുകളുടെ സമീപനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് വെന്‍ഡിഗോയുടെ ആശയം. ഉപഭോക്താക്കള്‍ക്കും ബിസിനസ് ഉടമകള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഭക്ഷണത്തെ കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടായ്മ കെട്ടിപ്പടുക്കാനും വെന്‍ഡിഗോ ശ്രമിക്കുന്നു.