സംസ്ഥാന സർക്കാരിന്റെ വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2022ലെ വനിതാ രത്‌ന പുരസ്‌കാരത്തിനായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.
സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിലാണ് പുരസ്‌കാരം നൽകുന്നത്. ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നൽകും. അതത് ജില്ലാ വനിത ശിശു വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സി ഡി കൾ ഫോട്ടോകൾ, പത്രക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തണം.
വ്യക്തികൾക്കും സംഘടനകൾക്കും വനിതകളെ അവാർഡിനായി നാമനിർദേശം ചെയ്യാം. അപേക്ഷകളും നോമിനേഷനുകളും അതത് ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ആണ്. അർഹമായ അപേക്ഷകൾ ലഭിക്കാത്ത പക്ഷം ഉചിതമായ വ്യക്തികളെ ജില്ലാതല സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണ്.
അപേക്ഷക ജീവിച്ചിരിക്കുന്ന ആളും കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാർജ്ജിച്ച വനിതകൾക്ക് മുൻഗണനയുണ്ടായിരിക്കും. വിശദവിവരങ്ങൾ www.wcd.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും.