ആറു വർഷംകൊണ്ട് 86,993 സംരംഭങ്ങൾ, 8,184 കോടിയുടെ നിക്ഷേപം, 3,09,910 തൊഴിലുകൾ
തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാൻ കേരളത്തിനു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം.
പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ പ്രവർത്തിക്കേണ്ട മേഖലയല്ലെന്നും അതിൽനിന്നു പിൻവലിയണമെന്നും ആസ്തികൾ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്തു വലിയ തോതിൽ വളരുകയാണ്. ഇക്കാര്യത്തിൽ കേരളം ബദലാകുകയാണ്. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്യുകയെന്നതാണു കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന് അനുയോജ്യമായതും പരിസ്ഥിതിക്കു കോട്ടംതട്ടാത്തതുമായ വ്യവസായങ്ങൾ മാത്രമേ സ്വീകരിക്കൂ. അവയെ മാത്രമേ പ്രോത്സാഹിപ്പിക്കൂ – മുഖ്യമന്ത്രി വ്യക്തമാക്കി.
വൻകിട വ്യവസായങ്ങളിൽ ചിലതു കേരളത്തിലേക്കു വരാൻ തയാറായിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ പലതും ഇവിടേയ്ക്കു വരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. ചിലതു വന്നുകഴിഞ്ഞു. ഇത് ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിന്റെ സമ്പന്നമായ പ്രവാസി സമൂഹത്തിൽ പലരും വ്യവസായ മേഖലയിൽ വലിയ പ്രവർത്തനം നടത്തുന്നവരാണ്. ഇപ്പോൾ വ്യവസായ രംഗത്ത് ഇടപെട്ടു പ്രവർത്തിക്കുന്നവർക്കു സംസ്ഥാനത്തു പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയും. വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കു കേരളത്തിലേക്കു വ്യവസായങ്ങൾ വരണമെന്നു സംരംഭകരോടു പറയാൻ കഴിയും. ഈ രണ്ടു സാധ്യതയും ഉപയോഗിക്കാൻ കഴിയണം. വൻകിട വ്യവസായങ്ങൾക്കൊപ്പം ചെറുകിട വ്യവസായങ്ങളും വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെടണം. ചെറുകിട വ്യവസായ മേഖലയ്ക്കു കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം മുന്നോട്ടുവച്ചുള്ള മുദ്രാവാക്യം ഉയർത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അവർ നാടിനു പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കണം. വ്യവസായങ്ങൾ ആരംഭിക്കുമ്പോൾ സ്ഥാപനത്തിന്റെ നിർമാണഘട്ടത്തിൽത്തന്നെ തങ്ങളുടെ ഇത്ര ആളുകൾക്ക് ജോലി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതും പൂർണമായി ഇല്ലാതായി. നോക്കുകൂലിയുടെ കാര്യത്തിലും നല്ല രീതിയിലുള്ള മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെകാലത്തു സംസ്ഥാനത്ത് 69,138 ഇടത്തരം ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 6,448 കോടിയുടെ നിക്ഷേപം അതുവഴി വന്നു. 2,45,369 തൊഴിലുകൾ ഇതുവഴി നൽകാൻ കഴിഞ്ഞു. ഈ സർക്കാർ ഒരു വർഷംകൊണ്ട് 17,855 സംരംഭങ്ങൾ ആരംഭിച്ചു. 1,736 കോടിയുടെ നിക്ഷേപം ഇതിലൂടെയുണ്ടായി. 64,541 തൊഴിലുകൾ സൃഷ്ടിച്ചു. ഇത്തരത്തിൽ കഴിഞ്ഞ ആറു വർഷംകൊണ്ട് 86,993 സംരംഭങ്ങൾ, 8,184 കോടിയുടെ നിക്ഷേപം, 3,09,910 തൊഴിലുകൾ എന്നിവ സംസ്ഥാനത്തു കൊണ്ടുവരാൻ കഴിഞ്ഞു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ആകർഷിക്കുന്നതിനു നിയമസഭാ സാമാജികർ മുൻകൈയെടുക്കണം. ഇക്കാര്യത്തിൽ ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംരംഭക വർഷം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് പുതുതായി 36,969 വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി ചടങ്ങിൽ പങ്കെടുത്ത വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്നു മാസംകൊണ്ടാണ് ഈ ലക്ഷ്യപ്രാപ്തി നേടാൻ കഴിഞ്ഞത്. സംസ്ഥാനത്തേക്കു കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.