ഖത്തർ എയർവേസിന്റെ ദുബായ്, അബുദാബി സർവീസുകൾ അടുത്ത ആഴ്ച ആരംഭിക്കും
1 min readദോഹ-ദുബായ് റൂട്ടിൽ ദിവസവും രണ്ട് സർവീസും ദോഹ-അബുദാബി റൂട്ടിൽ ഒരു സർവീസുമാണ് ഖത്തർ എയർവേസ് നടത്തുക
ദോഹ ദുബായിലേക്കും അബുദാബിയിലേക്കുമുള്ള വിമാന യാത്രയ്ക്ക് ഖത്തർ എയർവേസ് ബുക്കിംഗ് ആരംഭിച്ചു. ജനുവരി 27 മുതൽ ദോഹ-ദുബായ് സർവീസും ജനുവരി 28 മുതൽ ദോഹ-അബുദാബി സർവീസും ആരംഭിക്കാനാണ് ഖത്തർ എയർവേസ് പദ്ധതി. ദുബായിലേക്ക് പ്രതിദിനം രണ്ട് സർവീസും അബുദാബിയിലേക്ക് ഒരു സർവീസുമാണ് കമ്പനി നടത്തുക.
ഖത്തർ, യുഎഇ വ്യോമബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവിടങ്ങളിലെ വിമാനക്കമ്പനികൾ. സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ ഫെബ്രുവരി 15 മുതൽ അബുദാബി-ദോഹ പ്രതിദിന സർവീസ് പുനഃരാരംഭിക്കുമെന്ന് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാർക്ക് 10 ദിവസ നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ലാത്ത അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലേക്ക് ഖത്തറും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്
യുഎഇയിലെ ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യ ഇതിനോടകം തന്നെ ഷാർജ-ദോഹ പ്രതിദിന വിമാന സർവീസ് പുനഃരാരംഭിച്ച് കഴിഞ്ഞു.