എന്‍എസ്ഇ ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ച്, തുടര്‍ച്ചയായി മൂന്നാം തവണ
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ 2021ല്‍ ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായി ഉയര്‍ന്നു. ഡെറിവേറ്റീവ് വ്യാപാര സമിതിയായ ഫ്യൂച്ചേഴ്‌സ് ഇന്‍ഡസ്ട്രി അസോസിയേഷന്റെ കണക്കുപ്രകാരം നടന്നിട്ടുള്ള വ്യാപാര കറാറുകളുടെ എണ്ണമനുസരിച്ചാണിത്. കാഷ് ഇക്വിറ്റികളുടെ എണ്ണത്തില്‍ എന്‍എസ്ഇക്ക് ലോകത്ത് നാലാം റാങ്കും ഉണ്ട്.
ആഗോള തലത്തില്‍ എന്‍എസ്ഇ മുന്‍പന്തിയിലേക്ക് ഉയര്‍ന്നുവരുകയും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ച് എന്ന ബഹുമതിയും ക്യാഷ് ഇക്വിറ്റികളില്‍ നാലാമത്തെ വലിയ എക്സ്ചേഞ്ച് എന്ന ബഹുമതിയും നേടിയെടുത്തത് നമുക്കും നമ്മുടെ രാജ്യത്തിനും അഭിമാനകരമാണെന്നും ഈ നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോടും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ട്രേഡിങ് ആന്‍ഡ് ക്ലിയറിങ് അംഗങ്ങള്‍, വിപണി പങ്കാളികള്‍, അനുബന്ധ സഹകാരികള്‍ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും വര്‍ഷങ്ങളായി അവര്‍ നല്‍കുന്ന പിന്തുണയാണ് കരുത്തേകുന്നുവെന്നും ഈ പിന്തുണയില്ലാതെ നേട്ടങ്ങള്‍ സാധ്യമാകില്ലായിരുന്നെന്നും എന്‍എസ്ഇ എംഡിയും സിഇഒയുമായ വിക്രം ലിമായെ പറഞ്ഞു.
2021ല്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ അടിത്തറ അഞ്ചു കോടി കടന്ന് 5.5 കോടിയായി. വിദേശ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോലിയോ ഇക്വിറ്റികളില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കൊണ്ടുവന്നത് 2019ല്‍ 1,01,122 കോടി, 2020ല്‍ 1,70,262 കോടി, 2021ല്‍ 25752 കോടി എന്നിങ്ങനെയാണ്.
കഴിഞ്ഞ 10 വര്‍ഷമായി ഇക്വിറ്റി ഡെറിവേറ്റീവ്‌സില്‍ നിത്യേനയുള്ള ശരാശരി ടേണോവര്‍ 4.2 മടങ്ങ് വര്‍ധിച്ച് 2011ലെ 33305 കോടിയില്‍ നിന്നും 2021ല്‍ 1,41,267 കോടിയിലെത്തി. ഇതേ കാലയളവില്‍ നിത്യേനയുള്ള കാഷ് മാര്‍ക്കറ്റ് ടേണോവര്‍ 6.2 മടങ്ങ് വര്‍ധിച്ച് 2011ലെ 11187 കോടിയില്‍ നിന്നും 2021ല്‍ 69,644 കോടിയായി. കാഷ് മാര്‍ക്കറ്റിലെ ഇക്വിറ്റി ഡെറിവേറ്റീവ്‌സ് ടേണോവര്‍ അനുപാതം 2011ലെ 2.98ല്‍ നിന്നും ഇടിഞ്ഞ് 2021ല്‍ 2.03ആയി. നന്നായി പ്രവര്‍ത്തിക്കുന്ന ഡെറിവേറ്റീവ് വിപണിക്ക് മെച്ചപ്പെട്ട പണലഭ്യതയും അടിസ്ഥാന ആസ്തികള്‍ക്കായുള്ള മെച്ചപ്പെട്ട വില കണ്ടെത്തലും ഉള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ നല്‍കാനാകുമെന്നാണ് അക്കാദമിക്ക് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.
കറണ്‍സി ഡെറിവേറ്റീവ്‌സുകളില്‍ നിത്യേനയുള്ള ശരാശരി ടേണോവര്‍ 83 ശതമാനം വര്‍ധിച്ച് 2011ലെ 14,252 കോടിയില്‍ നിന്നും 2021ല്‍ 26,017 കോടിയായി. കൂടുതല്‍ സജീവമായ യുഎസ് ഡോളര്‍-ഇന്ത്യന്‍ രൂപ കറണ്‍സി പെയറില്‍ എന്‍എസ്ഇ വീക്ക്‌ലി ഫ്യൂച്ചര്‍ അവതരിപ്പിച്ചു. യുഎസ്ഡി-ഐഎന്‍ആര്‍ ജോടികളല്ലാത്ത എഫ്‌സിഐഐഎന്‍ആര്‍ ജോടികളായ ജിബിപി-ഐഎന്‍ആര്‍, ഇയുആര്‍-ഐഎന്‍ആര്‍, ജെപിഐ-ഐഎന്‍ആര്‍ എന്നിവയില്‍ നിര്‍ണായക വളര്‍ച്ച കണ്ടു. നിത്യേനയുള്ള ടേണോവര്‍ എഴു മടങ്ങ് വര്‍ധിച്ച് 2011ലെ 783 കോടിയില്‍ നിന്നും 2021ല്‍ 5525 കോടിയിലെത്തി.