അടുത്ത നാല് മുതല്‍ അഞ്ചു വര്‍ഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവില്‍ രാജ്യത്തുടനീളം വിമാനത്താവളങ്ങള്‍ വരുന്നു
ന്യൂ ഡല്‍ഹി: അടുത്ത നാല് മുതല്‍ അഞ്ചു വര്‍ഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരുന്നു. നിലവിലുള്ള ടെര്‍മിനലുകള്‍, റണ്‍വേകള്‍, എയര്‍പോര്‍ട്ട് നാവിഗേഷന്‍ സംവിധാനങ്ങള്‍, കണ്ട്രോള്‍ ടവറുകള്‍ എന്നിവ ആധുനികവല്‍ക്കരിക്കാനും വികസിപ്പിക്കാനുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
രാജ്യത്ത് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ, ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയം 2008 ന് ഇന്ത്യ ഗവണ്മെന്റ് രൂപം നല്‍കിയിരുന്നു. നയപ്രകാരം, ഒരു വിമാനത്താവളം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ ഉള്‍പ്പെടെയുള്ള വിമാനത്താവള വികസന സംരംഭങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതാണ്. ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്നത് ‘സൈറ്റ് – ക്ലീയറന്‍സ്’ ഘട്ടം, ‘ഇന്‍-പ്രിന്‍സിപ്പിള്‍’ (തത്വത്തില്‍) അനുമതി ഘട്ടം എന്നിങ്ങനെ രണ്ടു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന നടപടിയിലൂടെയാണ്.
കേരളത്തിലെ കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്ത് 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇവയില്‍ കണ്ണൂര്‍ ഉള്‍പ്പെടെ 8 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.