കേരള ചിക്കൻ കൂടുതൽ ജില്ലകളിലേക്ക്
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയവും ഉപഭോക്താക്കളുടെ ആവശ്യവും പരിഗണിച്ചാണ് കേരള ചിക്കൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കാണാനായി, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ സംശുദ്ധമായ കോഴിയിറച്ചിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനായാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരള ചിക്കൻ പദ്ധതിയുടെ നടത്തിപ്പിനായി, ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ, കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കോൺട്രാക്ട് ഫാർമിംഗിലൂടെ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് നൽകി, ഇറച്ചിക്കോഴികളാവുമ്പോൾ കമ്പനി തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിപണനം നടത്തുകയാണ് ചെയ്യുന്നത്. കോഴി കർഷകർക്ക് വളർത്തുകൂലി നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരള ചിക്കൻ പദ്ധതിയിലൂടെ 248 കോഴികർഷകർക്ക് ഫാം മാനേജ്മന്റ് ട്രെയിനിങ് നൽകി. 248 ബ്രോയ്ലർ ഫാമുകളും, 87 കേരള ചിക്കൻ ഔട്ട്ലെറ്റുകളും നിലവിലുണ്ട്. കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്കും, ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്കും 6 കോടി രൂപയുടെ വരുമാനം ലഭ്യമാക്കുവാൻ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കോഴി കർഷകർക്ക് 4.34 കോടി രൂപയും ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്ക് 4.5 കോടി രൂപയും നൽകാൻ കുടുംബശ്രീക്ക് സാധിച്ചു, 335 കുടുംബങ്ങൾക്ക് ഇതിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കാനായെന്ന് മന്ത്രി പറഞ്ഞു.
കേരള ചിക്കൻ പദ്ധതി നടപ്പിലാക്കുന്ന കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ആകെ വിറ്റ് വരവ് ഇതുവരെ 52 കോടി രൂപയാണ്. കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ നിന്നും കോഴി ഇറച്ചി വാങ്ങുന്ന ഒരു ഉപഭോക്താവിന് ഏത് ഫാമിൽ ഉത്പാദിപ്പിച്ച കോഴിയാണതെന്നു മനസ്സിലാക്കുവാൻ കഴിയുന്ന മാർക്കറ്റിംഗ് ശൃംഖലയാണ് ഒരുക്കിയിട്ടുള്ളത്. മാർക്കറ്റ് വിലയേക്കാൾ വില കുറച്ച് ദിവസം ശരാശരി 17200 കിലോ കോഴിയിറച്ചിയുടെ വിപണനം ഔട്ട്ലെറ്റുകൾ വഴി നടക്കുന്നുണ്ട്. തിരുവനന്തപുരം കഠിനംകുളത്ത് അത്യാധുനിക സൗകര്യങ്ങളുള്ള മാംസ സംസ്‌കരണ ശാല ഉടൻ തന്ന ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.