യുപിയിലെ ജനസംഖ്യാ നിയന്ത്രണ നിയമം; പിന്തുണച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രി
ജയ്പൂര്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ആസാമും ജനസംഖ്യാ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങന്നതിനെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ മന്ത്രി പിന്തുണച്ചു. രാജസ്ഥാനിലെ ആരോഗ്യമന്ത്രി രഘു ശര്‍മയാണ് ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുവന്നത്. രാജ്യം ഒരു ശിശു മാനദണ്ഡത്തില്‍ ചിന്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. യുപി സര്‍ക്കാരിന്‍റെ ജനസംഖ്യാ നിയന്ത്രണ കരട് ബില്ലിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായപ്രകടനത്തിലാണ് ശര്‍മ്മ ഇങ്ങനെ പറഞ്ഞത്.വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ആശങ്കാജനകമാണെന്നും അതിനാല്‍ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നത് ഉറപ്പാക്കാന്‍ ജനസംഖ്യയെ എങ്ങനെ നിയന്ത്രിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്. മറ്റൊരു സംസ്ഥാന മന്ത്രി പ്രതാപ് സിംഗ് ഖച്രിയയും ജനസംഖ്യാ നിയന്ത്രണ നയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘ഇന്ദിരാഗാന്ധി വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ഹം ദോ ഹമരെ ദോ’ എന്ന മുദ്രാവാക്യം കൊണ്ടുവന്നു. അക്കാലത്ത് ആര്‍എസ്എസും ജനസംഘും ഇതിനെതിരെ പ്രതിഷേധിക്കുകയുംചെയ്തു.ബിജെപി ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിച്ച് ഇക്കാര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ പാത പിന്തുടരേണ്ട സമയമാണിത്.
സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശന നിയമം ആവശ്യപ്പെട്ട് രാജസ്ഥാനിലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ഭാരത് സിംഗ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി.ശര്‍മയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത ബിജെപി ഡെപ്യൂട്ടി നേതാവ് രാജേന്ദ്ര റാത്തോഡ്, വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ബില്‍ അവതരിപ്പിക്കണമെന്ന് പറഞ്ഞു