യുഎഇ, ഇസ്രയേലി വിമാനക്കമ്പനികള്‍ പുതിയ സഹകരണ കരാര്‍ പ്രഖ്യാപിച്ചു
ഇസ്രയേലി വിദേശകാര്യമന്ത്രി യയിര്‍ ലപിഡിന്റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം
ദുബായ്: ഇസ്രയേലിലെയും യുഎഇയിലെയും ദേശീയ വിമാനക്കമ്പനികള്‍ കോഡ്‌ഷെയര്‍ സഹകരണ കരാര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ ഇസ്രയേല്‍ – യുഎഇ നയതന്ത്ര ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിമാനക്കമ്പനികള്‍ തമ്മിലുള്ള സഹകരണം.
ഇസ്രയേല്‍ വിദേശകാര്യമന്ത്രി യയിര്‍ ലപിഡിന്റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് വിമാനക്കമ്പനികള്‍ കോഡ്‌ഷെയര്‍ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇസ്രയേലിന്റെ ,ഗള്‍ഫിലെ ആദ്യ എംബസി ഉദ്ഘാടനം ചെയ്യുന്നതിനാണ് മന്ത്രി യുഎഇയില്‍ എത്തിയത്.
സംയുക്ത കോഡ്‌ഷെയര്‍ ശൃംഖലയ്ക്ക് രൂപം നല്‍കിയതായി വിമാനക്കമ്പനികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുഎഇയും ഇസ്രയേലും എബ്രഹാം ഉടമ്പടിയില്‍ ഒപ്പ് വെച്ചതിന് ശേഷം ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോഡ്‌ഷെയര്‍ സഹകരണം ആരംഭിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. കരാര്‍ പ്രകാരം ജൂലൈ 18 മുതല്‍ ഇസ്രയേലി വിമാനക്കമ്പനിയായ എല്‍ അല്‍ തങ്ങളുടെ യാത്രക്കാര്‍ക്ക്, അബുദാബിക്കും ടെല്‍ അവീവിനുമിടയില്‍ ആഴ്ചയില്‍ രണ്ട് തവണ യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് നടത്തുന്ന സര്‍വ്വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയതുനല്‍കും. പകരം ഇത്തിഹാദ് എല്‍ അല്ലിന്റെ 14 റൂട്ടുകളില്‍ ടിക്കറ്റ് വില്‍പ്പന നടത്തും. ഇതുകൂടാതെ സ്ഥിരമായി യാത്ര നടത്തുന്ന യാത്രികര്‍ക്ക് ഇരുകമ്പനികളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും.
എല്‍ അല്ലുമായി കോഡ്‌ഷെയര്‍ പങ്കാളിത്തം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് പ്രതികരിച്ചു. എണ്ണ, ടൂറിസം, നൂതന സാങ്കേതികവിദ്യകള്‍ വരെയുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കി പരസ്പരം നേട്ടമുണ്ടാക്കാനാണ് ഇസ്രയേലിന്റെയും യുഎഇയുടെയും പദ്ധതി.