ഡെല്‍റ്റ ഭീഷണി: അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയില്‍
മിക്ക സ്റ്റേറ്റുകളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: രോഗ വ്യാപന ശേഷി കൂടിയ കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ മൂലമുള്ള കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകളുടെ മൂന്നിലൊന്നിലും ഡെല്‍റ്റ വകഭേദമാണ് രോഗകാരി.
അമേരിക്കയിലെ ഏതാണ്ട് എല്ലാ സ്റ്റേറ്റുകളിലും ആക്രമണശേഷി കൂടിയ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിരീകരിച്ച കേസുകളുടെ 26.1 ശതമാനം ഡെല്‍റ്റ വകഭേദം മൂലമുള്ളതാണെന്ന് അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) വ്യക്തമാക്കി. ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് രാജ്യത്തെ സര്‍ജന്‍ ജനറലായ വിവേക് മൂര്‍ത്തി പറഞ്ഞു. രാജ്യത്ത് പുതിയ കേസുകള്‍ കുറയാതെ തുടരുന്നതും ചിലയിടങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതും ഡെല്‍റ്റ വകഭേദം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ വൈറസ് വ്യാപനം കുറഞ്ഞിട്ടില്ലെന്നും പ്രതിദിനം മുന്നൂറോളം പേര്‍ രോഗം ബാധിച്ച് മരിക്കുന്നുണ്ടെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ മൂര്‍ത്തി പറഞ്ഞു.
കൊറോണ വൈറസ് കേസുകളിലെ വര്‍ധന വാക്‌സിനേഷനിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് വൈറ്റ്ഹൗസിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ആന്റണി ഫൗചിയും പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ ഇടങ്ങളിലാണ് ഡെല്‍റ്റ വകഭേദം മൂലമുള്ള രോഗവ്യാപനത്തിന് സാധ്യത കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപന ശേഷി കൂടിയ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം മൂലം ലോകമെമ്പാടും നിരവധി രാഷ്ട്രങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഡെല്‍റ്റ കേസുകളിലെ വര്‍ധന കണക്കിലെടുത്ത് പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവരും മാസ്‌കുകള്‍ ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഡെല്‍റ്റ വ്യാപനം കണക്കിലെടുത്ത് ലോസ് ഏഞ്ചെലസ് കൗണ്ടിയില്‍ വാക്‌സിന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കിയവര്‍ ഉള്‍പ്പടെ എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്. അമേരിക്കയിലെ പ്രബല വൈറസ് വകഭേദമായി ഡെല്‍റ്റ മാറിയേക്കുമെന്ന് സിഡിസി ഡയറക്ടര്‍ റോഷെല്ല വാലെന്‍സ്‌കി കഴിഞ്ഞിടെ പറഞ്ഞിരുന്നു. ജനസംഖ്യയുടെ പകുതിയാളുകള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍, പ്രത്യേകിച്ച് ഡെല്‍റ്റ പ്ലസ് രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗത്തിന് കാരണമായേക്കുമെന്ന ഭയത്തിലാണ് വിദഗ്ധര്‍.
ഡെല്‍റ്റ വകഭേദം 96 രാജ്യങ്ങളില്‍: ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ ലോകത്ത് 96 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 11 രാജ്യങ്ങളിലേക്ക് കൂടി ഡെല്‍റ്റ വ്യാപിച്ചു. ഇരട്ട വ്യതിയാനം സംഭവിച്ച, ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ആല്‍ഫയേക്കാള്‍ 55 ശതമാനം രോഗവ്യാപന ശേഷി കൂടിയതാണ്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലോകത്തിലെ പ്രബല കൊറോണ വൈറസ് വകഭേദമായി ഡെല്‍റ്റ മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ടുണീഷ്യ, മൊസാമ്പിക്, ഉഗാണ്ട, നൈജീരിയ, മലാവി തുടങ്ങി 11 ഓളം രാജ്യങ്ങളിലാണ് കഴിഞ്ഞ ആഴ്ച ഡെല്‍റ്റയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആഫ്രിക്ക മേഖലയില്‍ പുതിയ കൊറോണവൈറസ് കേസുകളും മരണവും കുത്തനെ വര്‍ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2020 ഒക്‌റ്റോബറില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ ഒന്നിലധികം ജനിതക വ്യതിയാനങ്ങളിലൂടെ രോഗവ്യാപന ശേഷിയും ആന്റിബോഡികളെ നിര്‍വീര്യമാക്കുന്നതിനുള്ള ശേഷിയും വര്‍ധിപ്പിക്കുന്നതാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. വാക്‌സിനുകളെ പോലും പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.