പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താം ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍..
1 min readസ്വന്തം ശാരീരിക അവസ്ഥ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ തന്നെ വളരെ മികച്ച രീതിയില്‍ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും നിയന്ത്രിക്കാമെന്നും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാമെന്നും ഒരു പ്രമേഹരോഗിക്ക് മനസിലാക്കാന്‍ കഴിയും.
ഒരു പ്രമേഹരോഗി എപ്പോഴും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍ രോഗത്തെ തന്റെ വരുതിയില്‍ നിര്‍ത്തുകയെന്നതും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയെന്നതുമാണ്. ഹൈപ്പര്‍ഗ്ലൈസീമിയ ( രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിയില്‍ കവിയുക), ആണെങ്കിലും ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുക) ആണെങ്കിലും സ്വന്തം ശാരീരിക അവസ്ഥ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ തന്നെ വളരെ മികച്ച രീതിയില്‍ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും നിയന്ത്രിക്കാമെന്നും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാമെന്നും ഒരു പ്രമേഹരോഗിക്ക് മനസിലാക്കാന്‍ കഴിയും. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ആരോഗ്യകാര്യത്തില്‍ കൂടതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
താഴെ പറയുന്ന ആറ് കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയാല്‍ ആരോഗ്യത്തോടെയിരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമോഹ രോഗികള്‍ക്ക് സാധിക്കും.
1 ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിക്കുക
മറ്റ് രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹ രോഗ നിയന്ത്രണത്തില്‍ ഏറ്റവും പ്രധാനം ഭക്ഷണമാണ്. മികച്ച ഭക്ഷണക്രമം വച്ച് പുലര്‍ത്തുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ കഴിയും. അതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണങ്ങള്‍ക്കിടയിലെ ഇടവേള. പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ ഇടവേള അഞ്ച് മണിക്കൂറില്‍ കൂടരുത്. പറ്റുമെങ്കില്‍ രണ്ടര, മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ എന്തെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മതിയായ അളവില്‍ നിലനിര്‍ത്തുന്നതിന് അത് വളരെ പ്രധാനമാണ്. നൂഡില്‍സ്, പച്ചരിച്ചോറ്, പച്ചരി കൊണ്ടുള്ള ഭക്ഷണസാധനങ്ങള്‍ തുടങ്ങി സംസ്‌കരിച്ച ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ആഹാര സാധനങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. അതിനാല്‍ അവ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം ഓട്‌സ്, തവിടോടു കൂടി അരി ഉപയോഗിച്ചുള്ള ചോറ്, ഗോതമ്പ് എന്നിവ ഉപയോഗിക്കാം.
2 നിത്യേന വ്യായാമം
വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നതിനുള്ള മികച്ച വഴികളിലൊന്നാണ്. അതേസമയം വ്യായാമത്തിനിടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞും കൂടിയും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അങ്ങനെ വന്നാല്‍ വ്യായാമത്തിനിടയ്ക്ക് ഒരു ഇടവേള എടുക്കണം.
3 മരുന്നുകള്‍ മുടക്കരുത്
മരുന്നുകള്‍ മുടക്കാതിരിക്കുകയെന്നത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. മരുന്ന് കഴിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രമേഹവുമായി ബന്ധപ്പെട്ട പല സങ്കീര്‍ണതകളും ഉണ്ടാകാം. അതിനാല്‍ നല്ല ഭക്ഷണത്തിനും വ്യായാമത്തിനുമൊപ്പം കൃത്യസമയത്ത് മരുന്ന് കഴിക്കുന്നതും ദിനചര്യയുടെ ഭാഗമാക്കുക.
4 അമിതഭാരം കുറയ്ക്കുക
പ്രമോഹരോഗികളില്‍ പൊണ്ണത്തടി ഒരു വില്ലനാണ്. കാരണം അമിതഭാരം മൂലം പല സങ്കീര്‍ണ്ണതകളും പ്രമേഹരോഗികളില്‍ ഉണ്ടാകാം. അമിത വണ്ണം കൊളസ്‌ട്രോള്‍ വളരെയധികം കൂടാനും അങ്ങനെ ഹൃദ്രോഗമുണ്ടാകാനും കാരണമാകും. അതിനാല്‍ ശരീര ഭാരം കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
5 കൃത്യസമയത്ത് പരിശോധന
പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചിരിക്കണം. അവര്‍ ഒരു ഗ്ലൂക്കോമീറ്റര്‍ സ്വന്തമായി വാങ്ങുന്നതാണ് നല്ലത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമോ മൂന്ന് മാസത്തിലൊരിക്കലോ HbA1C (ഹീമോഗ്ലോബില്‍ എ1സി) പരിശോധന നടത്തണം.
6 കൊളസ്‌ട്രോളിലും ഒരു കണ്ണ് വേണം
ഒരു പ്രമേഹരോഗി കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) കൊളസ്‌ട്രോളിന്റെ അളവ് കൂടും. പ്രമേഹം മൂലം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ (എച്ച്ഡിഎല്‍ – ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍) അളവ് കുറയുകും ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കൂടുകയും ചെയ്യും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.
പ്രമേഹ രോഗികള്‍ക്ക് മാത്രമായുള്ള ഫോര്‍മുല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച ഫലം തരും. രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. മാത്രമല്ല വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അതില്‍ അടങ്ങിയിരിക്കുന്നു. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനുമിടയില്‍ ഇവ കഴിക്കാം.