പെലോസിയുടെ ലാപ്‌ടോപ്പ് റഷ്യക്കുവില്‍ക്കാന്‍ ശ്രമമെന്ന്
വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച് ഹാര്‍ഡ് ഡ്രൈവ് റഷ്യയ്ക്ക് വില്‍ക്കാന്‍ പദ്ധതിയിട്ട ഒരു സ്ത്രീയെ പെന്‍സില്‍വാനിയയിലെ മിഡില്‍ ഡിസ്ട്രിക്റ്റില്‍ അറസ്റ്റ് ചെയ്തതായി നീതിന്യായ വകുപ്പ് അറിയിച്ചു. 22 കാരിയായ റിലി ജൂണ്‍ വില്യംസാണ് പോലീസ് പിടിയിലായത്. നിയമവിരുദ്ധമായി കാപ്പിറ്റോളില്‍ പ്രവേശിച്ചതിനും അക്രമാസക്തമായ പ്രവര്‍ത്തികള്‍ക്കും ഇവര്‍ക്കെതിരെ കേസുണ്ട്. എന്നാല്‍ ലാപ്‌ടോപ്പ് ആരോപണത്തില്‍ അവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. കേസ് അന്വേഷണത്തിലാണ്.
ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ കലാപത്തിലെ വീഡിയോ ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. കേസില്‍ അന്വേഷണം നടത്തുന്ന എഫ്ബിഐ ആണ് ലാപ്‌ടോപ്പ് അവര്‍ റഷ്യയിലെ സുഹൃത്തിന് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നതായി സൂചിപ്പിച്ചത്. വില്യംസ് ഇപ്പോഴും ലാപ്ടോപ്പ് കൈവശം വച്ചിരിക്കുകയാണോ അതോ അവര്‍ നശിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. അക്രമത്തിനുശേഷം, ലാപ്ടോപ്പ് മോഷ്ടിക്കപ്പെട്ടുവെന്ന് പെലോസിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഡ്രൂ ഹാമില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വില്യംസ് മോഷ്ടിച്ച ലാപ്ടോപ്പ് ഇതുതന്നെയാണോ എന്നും ഉറപ്പായിട്ടില്ല.