രാജ്യത്തെ ആദ്യ റാബീസ് വിമുക്ത സംസ്ഥാനമായി ഗോവ
മൂന്ന് വര്‍ഷത്തിനിടെ ഗോവയില്‍ ഒരൊറ്റ പേപ്പട്ടി വിഷബാധ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
പനാജി: മൂന്ന് വര്‍ഷത്തിനിടെ ഗോവയില്‍ ഒരു പേപ്പട്ടി വിഷബാധ (റാബീസ്) കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഈ നേട്ടത്തിലൂടെ രാജ്യത്തെ പ്രഥമ റാബീസ് മുക്ത സംസ്ഥാനമായി ഗോവ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേപ്പട്ടി വിഷബാധയ്‌ക്കെതിരെ 5,40,593 പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയതായും ഗോവയില്‍ ഉടനീളം ഒരു ലക്ഷത്തോളം ആളുകളില്‍ പട്ടികളുടെ കടിയേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തിയതായും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍പ്രമോദ് സാവന്ത് പറഞ്ഞു. പട്ടിയുടെ കടിയേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സയും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ദൗത്യ സംഘത്തിനും സംസ്ഥാനം രൂപം നല്‍കിയിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ ഗോവയില്‍ ഒരൊറ്റ പേപ്പട്ടി വിഷബാധ കേസുകളും ഉണ്ടായിട്ടില്ലെന്ന് അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ റാബീസ് പ്രോജക്ടാണ് സംസ്ഥാനത്തെ റാബീസ് നിയന്ത്രണ ദൗത്യങ്ങള്‍ നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും പഞ്ചായത്തുകളുമായും ബോധവല്‍ക്കരണ ബ്യൂറോകളുമായും ചേര്‍ന്ന് വളരെ മികച്ച പ്രവര്‍ത്തനമാണ് മിഷന്‍ റാബീസ് ഓര്‍ഗനൈസേഷന്‍ നടപ്പിലാക്കുന്നതെന്നും അതിലൂടെയാണ് റാബീസ് മുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക് എത്താന്‍ കഴിഞ്ഞതെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു.