Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകര്‍ച്ചവ്യാധിക്കാലത്ത് 5.1 ബില്യണ്‍ ഡോളര്‍ നഷ്ടവുമായി ദുബായ് സര്‍ക്കാരിന്റെ നിക്ഷേപ സ്ഥാപനം

1 min read

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സില്‍ അടക്കം സ്വദേശത്തും വിദേശത്തുമായി നിരവധി നിക്ഷേപങ്ങളുള്ള  ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുബായ്: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോവറീന്‍ വെല്‍ത്ത് ഫണ്ടായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് (ഐസിഡി) കഴിഞ്ഞ വര്‍ഷം 5.1 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. കമ്പനിയുടെ ആസ്തികളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഉണ്ടാക്കിയ ആഘാതവും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ദുബായുടെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വങ്ങളുമാണ് നഷ്ടത്തിനുള്ള പ്രധാന കാരണം.

ദുബായിലെ പ്രധാന ബിസിനസ് സംരംഭങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ഐസിഡി 37 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 40 ശതമാനം ഇടിവുണ്ടായി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്, ദുബായ് ഡ്യൂട്ടി ഫ്രീ, പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ ഇമാര്‍ പ്രോപ്പര്ട്ടീസ് അടക്കമുള്ള സംരംഭങ്ങളില്‍ നിക്ഷേപമുള്ള ഐസിഡി വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ല്‍ 4.9 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ലാഭം.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

യാത്ര, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ദുബായിലെ പ്രധാന വ്യവസായ മേഖലകളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഏല്‍പ്പിച്ച കനത്ത ആഘാതമാണ് നഷ്ടത്തിനുള്ള പ്രധാനകാരണമായി ഐസിഡി പറഞ്ഞിരിക്കുന്നത്. നാല്‍പ്പതോളം സുപ്രധാന നിക്ഷേപങ്ങളുമായി ഐസിഡി, സേവനങ്ങളിലധിഷ്ഠിതമായ ദുബായ് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിശ്ചയിക്കുന്ന പ്രധാന ഏകകമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഏതെങ്കിലും രീതിയിലുള്ള ലാഭം കമ്പനിക്കുണ്ടായിട്ടുണ്ടെങ്കില്‍ അത് യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എമിറേറ്റ്‌സ് എന്‍ബിഡി പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് 5.5 ബില്യണ്‍ ഡോളറിന്റെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത് ആഴ്ചകള്‍ക്കുള്ളിലാണ് ഐസിഡിയും നഷ്ടക്കണക്ക് പുറത്തുവിടുന്നത്. കോവിഡ് കാലത്ത് യാത്രാ വ്യവസായ മേഖല സമാനതകളില്ലാത്ത തകര്‍ച്ചയ്ക്ക് വേദിയായതോടെ മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി എമിറേറ്റ്‌സിന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വരുമാനത്തില്‍ 66 ശതമാനം ഇടിവ് നേരിട്ട സാഹചര്യത്തില്‍ ദുബായ് സര്‍ക്കാര്‍ എമിറേറ്റ്‌സിന് 3.1 ബില്യണ്‍ ഡോളര്‍ സഹായം അനുവദിച്ചിരുന്നു. യാത്രാ വ്യവസായം ദുബായിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സഹായം. 2015 -2016 കാലഘട്ടത്തില്‍ 1.9 ബില്യണ്‍ ഡോളറെന്ന റെക്കോഡ് ലാഭം കൊയ്ത കമ്പനിയാണ് എമിറേറ്റ്‌സ്. പിന്നീട് ഈ നേട്ടം ആവര്‍ത്തിക്കാന്‍ എമിറേറ്റ്‌സിന് കഴിഞ്ഞിട്ടില്ല.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ

വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നത് മുതല്‍ എണ്ണവിലത്തകര്‍ച്ച വരെ 2020ല്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് ഐസിഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. യുഎഇ തലസ്ഥാനമായ അബുദാബിയെ പോലെ എണ്ണ സമ്പന്ന എമിറേറ്റ് അല്ല ദുബായ് എങ്കിലും, എണ്ണ വരുമാനത്തിലാണ് ദുബായ് സമ്പദ് വ്യവസ്ഥയുടെയും അടി്സ്ഥാനം. വെല്ലുവിളികള്‍ക്കിടയിലും യുഎഇയുടെ ശക്തമായ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം, യാത്ര മേഖലകള്‍ തിരിച്ചുവരവ് നടത്തുമെന്ന് ഐസിഡി സിഇഒ മുഹമ്മദ് അല്‍ ഷൈബാനി പ്രതീക്ഷ പ്രകടിപ്പിച്ചു.

Maintained By : Studio3