സൗദി സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ടും ഇന്‍ഷുറന്‍സ് ഫണ്ടും ലയനത്തിനൊരുങ്ങുന്നു
ഇരുഫണ്ടുകളും ലയിപ്പിച്ച് 29 ബില്യണ്‍ ഡോളറിന്റെ ഒറ്റ സംരംഭമായി മാറും
റിയാദ്: സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ടും തൊഴില്‍രഹിതര്‍ക്കായുള്ള ഇന്‍ഷുറന്‍സ് ഫണ്ടും തമ്മില്‍ ലയിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. ഇരുഫണ്ടുകളും ലയിപ്പിച്ച് 29 ബില്യണ്‍ ഡോളറിന്റെ തദ്ദേശ, വിദേശ ആസ്തികളുള്ള പുതിയ ഫണ്ടിന് രൂപം നല്‍കാനാണ് പദ്ധതി.
പബ്ലിക് പെന്‍ഷന്‍ ഏജന്‍സിയും ജിഒഎസ്‌ഐ എന്ന ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സും തമ്മില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭവിഹിതങ്ങള്‍ വര്‍ധിപ്പിക്കാനും ചിലവ് കുറയ്ക്കാനും വൈവിധ്യവല്‍ക്കരണത്തെ സഹായിക്കാനും ലയനം സഹായകമാകുമെന്ന് സൗദി ധനമന്ത്രിയും ജിഒഎസ്‌ഐ ചെയര്‍മാനുമായ മുഹമ്മദ് അല്‍ ജദ്ദാന്‍ പറഞ്ഞു.
സൗദി നാഷണല്‍ ബാങ്കില്‍ 8.5 ബില്യണ്‍ ഡോളറിന്റെ അവകാശവും അല്‍ രജ്ഹി ബാങ്കില്‍ 4.3 ബില്യണ്‍ ഡോളറിന്റെ ഓഹരികളും അടക്കം സൗദി അറേബ്യന്‍ കമ്പനികളില്‍ ഇരുഫണ്ടുകള്‍ക്കും കാര്യമായ നിക്ഷേപമുണ്ട്. അസ്ട്രസെനകയില്‍ 207 മില്യണ്‍ ഡോളറിന്റെ ഓഹരികളും എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സില്‍ 170 മില്യണ്‍ ഡോളറിന്റെ ഓഹരികളും ഇരുഫണ്ടുകള്‍ക്കുമുണ്ട്. റിയല്‍ എസ്റ്റേറ്റ് ഓഹരികളും ബോണ്ടുകളും ഇരുഫണ്ടുകളുടെയും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി നിരവധി സ്ഥാപനങ്ങളെ ലയിപ്പിക്കാനും പുനഃസംഘടിപ്പിക്കാനുമുള്ള തീരുമാനത്തിലാണ് സൗദി അറേബ്യ. 430 ബില്യണ്‍ ഡോളറിന്റെ രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വിദേശ നിക്ഷേപങ്ങള്‍ക്കൊപ്പം രാജ്യത്തിനകത്ത് തന്നെയുള്ള പുതിയ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലവ് കുറയ്ക്കുന്നതിന്റെയും അധിക പണമൊഴുക്ക് തടയുന്നതിനുമായി സൗദി കഴിഞ്ഞിടെ റിയല്‍ എസ്റ്റേറ്റ്, വ്യവസായം, കാര്‍ഷികം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി ഫണ്ടുകളെ നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് കൊണ്ടുവന്നിരുന്നു.