കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സേന നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നു
1 min readപാംഗോങ് സോ തടാകത്തില്‍ വിന്യസിക്കാന്‍ കൂടുതല്‍ ബോട്ടുകള്‍
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് സോ തടാകത്തില്‍ വിന്യസിക്കിനായി ഇന്ത്യന്‍ സേന 17 ബോട്ടുകള്‍ വാങ്ങുന്നു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാത്ത സാഹചര്യത്തിലാണ് ഈ നടപടി. ഇതുവഴി തടാകത്തില്‍ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താനും സേന പദ്ധതിയിടുന്നു.കഴിഞ്ഞ വര്‍ഷം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ (എല്‍എസി) ചൈനയുമായി മാസങ്ങളോളം നീണ്ട പോരാട്ടമാണ് മേഖലയിലെ സുരക്ഷാനടപടികളില്‍ പുനര്‍വിചിന്തനത്തിന് സൈന്യത്തെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍തന്നെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുടനീളം നീരീക്ഷണം അതിശക്തമാണ്. കൂടാതെ അതിര്‍ത്തിയോടനുബന്ധിച്ച് ഇന്ത്യ വ്യോമതാവളങ്ങള്‍വരെ തയ്യാറാക്കിയിട്ടുണ്ട്, ഇവിടെ അത്യാധുനീക യുദ്ധവിമാനങ്ങളായ റാഫേല്‍ അടക്കമുള്ളവ വിന്യസിച്ചിട്ടുമുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയും ചൈനയും തര്‍ക്കവിഷയമായ പാംഗോങ് സോ തടാക പ്രദേശത്തുനിന്ന് പിന്മാറിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, നയതന്ത്ര തലത്തില്‍ പലതവണ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ നടപടി. എന്നാല്‍ അതിനുശേഷം അതിര്‍ത്തി ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. അതേസമയം ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന വിസമ്മതിക്കുകയും ചെയ്തു. അതിര്‍ത്തി പ്രശ്നം കഴിവതും നീട്ടിക്കൊണ്ടുപോയി എതിരാളികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്ന തന്ത്രം ഇന്നും ബെയ്ജിംഗ് പുലര്‍ത്തുന്നു. എതിര്‍ത്തുനില്‍ക്കാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രമെ കാലാന്തരത്തില്‍ അവര്‍ക്ക് പ്രതിസന്ധി ഉണ്ടാകുകയുള്ളു എന്ന് ചൈനയ്ക്കറിയാം. കിഴക്കന്‍ ലഡാക്കില്‍ പക്ഷെ ബെയ്ജിംഗിന് തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയില്‍നിന്നും അവര്‍ ചെറുത്തുനില്‍പ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ അതിര്‍ത്തിയില്‍ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധികളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ പിഎല്‍എ ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യ അതിര്‍ത്തിയിലെ കാവലും കരുതലും കൂടുതല്‍ ശക്തമാക്കുന്നത്.
ഗോവ ആസ്ഥാനമായുള്ള അക്വേറിയസ് ഷിപ്പ് യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് സേന ബോട്ടുകള്‍ വാങ്ങുക എന്ന് ഉന്നത പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍ അഭിലാഷ് ടോമി 2018 ല്‍ ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനായി തുരിയ എന്ന പായ്ക്കപ്പല്‍ നിര്‍മ്മിച്ചത് ഈ കപ്പല്‍ശാലയാണ്. സമാനമായ ബോട്ടുകള്‍ ഇതിനകം ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ആദ്യത്തെ ഏതാനും ബോട്ടുകളുടെ വിതരണം ഇതിനകം ആരംഭിച്ചു, സെപ്റ്റംബറോടെ ഇത് പൂര്‍ത്തിയാകും. അവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കിഴക്കന്‍ ലഡാക്കില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവ ആവശ്യമുള്ളപ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ വിന്യസിക്കും.
35 അടി നീളമുള്ള ബോട്ടുകള്‍ക്ക് ക്രൂ ഉള്‍പ്പെടെ 20-22 പേരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. ഏകദേശം 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിയും. നിലവില്‍ ബോട്ടുകളില്‍ ആയുധങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ ചെറുകിട ആയുധങ്ങള്‍ ഘടിപ്പിക്കാമെന്ന് സേനാവൃത്തങ്ങള്‍ പറയുന്നു. ഫൈബര്‍ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ബോട്ടുകള്‍ തടാകത്തില്‍ സൈന്യത്തിന് പെട്രോളിംഗ് നടത്താനുതകും. തടാകത്തിന് ചുറ്റുമുള്ള മലയോരങ്ങളില്‍ ട്രാക്കുകളില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന സമയനഷ്ടം ബോട്ടുകള്‍ കുറയ്ക്കും.
എല്‍എസിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയോടെ, സൈന്യം ഈ മേഖലയിലെ തങ്ങളുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ പാഗോംങ് സോ തടാകത്തിലും മറ്റ് വലിയ ജലാശയങ്ങളിലും നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി ജനുവരിയില്‍ കരസേന 12 ഉയര്‍ന്ന പെട്രോളിംഗ് ബോട്ടുകള്‍ വാങ്ങുന്നതിന് അന്തിമരൂപം നല്‍കിയിരുന്നു. ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ടിരുന്നു. കരാര്‍ പ്രകാരം മെയ്മാസത്തില്‍ ഇതിന്‍റെ വിതരണം ആരംഭിക്കുമെന്നായിരുന്നു വിവരം. തടാകത്തില്‍ ആധിപത്യം സ്ഥാപിക്കാനും വേഗത്തില്‍ ഏതെങ്കിലും ശത്രു ബോട്ടുകളില്‍ എത്തിച്ചേരാനും ഫാസ്റ്റ് പട്രോളിംഗ് ബോട്ടുകള്‍ ആവശ്യമാണെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
സൈനികരെയും ഉപകരണങ്ങളെയും നീക്കുന്നതിനും തടാകക്കരയില്‍വേഗത്തില്‍ അതിവേഗം വിന്യസിക്കുന്നതിനും ഈ ബോട്ടുകള്‍ ഉപയോഗിക്കും. അവിടെ നിലവിലുള്ള സൈനികരെ ശക്തിപ്പെടുത്തുന്നതിനോ അല്ലെങ്കില്‍ പുതിയ വിന്യാസത്തിനായോ ഈ ബോട്ടുകള്‍ ഉപയോഗിക്കാം.തടാകത്തിന്‍റെ ചുറ്റുവട്ടത്തുള്ള റോഡുകളിലൂടെ ട്രക്കുകളിലൂടെ സഞ്ചരിക്കുന്നതിന് ഭൂപ്രദേശത്തിന്‍റെ പ്രത്യേകത കാരണം കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള പെട്രോളിംഗ് ഒരു നേട്ടമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സൈനികരെ നിലനിര്‍ത്തുന്നുണ്ട്. ചൈനീസ് സൈനികരില്‍ നിന്നുള്ള ദീര്‍ഘകാല ഭീഷണികള്‍ കണക്കിലെടുത്തുള്ള നടപടികളാണ് ഇന്ത്യ ഇന്ന് എല്‍എസിയില്‍ നടത്തുന്നത്. ഒരു ഭീഷണിക്കും ഇന്ത്യ വഴങ്ങില്ലെന്ന സന്ദേശവും ഇതുവഴി ബെയ്ജിംഗിന് സേന നല്‍കുന്നു.