നാല് ദശാബ്ദത്തിനിപ്പുറവും എച്ച്‌ഐവിക്കെതിരെ വാക്‌സിന്‍ കണ്ടെത്താത്തത് എന്തുകൊണ്ട്?
1 min readരോഗം ശരീരത്തില്‍ അതിന്റെ വേരുകളാഴ്ത്തും മുമ്പ് തന്നെ അതിനെ തുരത്താന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഒരു വാക്‌സിന്റെ അഭാവമാണ് നമുക്ക് മുമ്പിലുള്ള വലിയ വെല്ലുവിളി
എയിഡ്‌സ് എന്ന് ഇന്നറിയപ്പെടുന്ന മാറാവ്യാധിയുടെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് നാല് ദശാബ്ദം പിന്നിടുന്നു. ഒരിക്കല്‍ രോഗിക്ക് മുന്നില്‍ മരണം മാത്രമുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും രോഗവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എച്ച്‌ഐവി ചികിത്സാരംഗത്ത് വലിയ നേട്ടങ്ങള്‍ ശാസ്ത്രജ്ഞര്‍ നേടിയിരിക്കുന്നു. പക്ഷേ രോഗം ശരീരത്തില്‍ അതിന്റെ വേരുകളാഴ്ത്തും മുമ്പ് തന്നെ അതിനെ തുരത്താന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഒരു വാക്‌സിനാണ് നമുക്കിന്നും ഇല്ലാത്തത്.
ലോകത്ത് ഏതാണ്ട് 38 ദശലക്ഷം എയിഡ്‌സ് ബാധിതരുണ്ടെന്നാണ് കണക്ക്. അതിനാല്‍ത്തന്നെ എച്ച്‌ഐവിക്കെതിരെ ഒരു വാക്‌സിനുണ്ടായാല്‍ മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോളം അത് മഹത്തരമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരിക്കും.
എന്തിനാണ് വാക്‌സിന്‍
ശരീരത്തിലെ വൈറസിന്റെ തോത് കുറയ്ക്കുന്നതിനായുള്ള ആന്റിറിട്രോവൈറല്‍ തെറാപ്പി, അഥവാ ആര്‍ട്ടിനുള്ള സൗകര്യം ഇന്ന് എച്ച്‌ഐവി ബാധിതര്‍ക്ക് ലഭ്യമാണ്. രോഗികളുടെ ആരോഗ്യം നിലനിര്‍ത്താനും പങ്കാളികളിലേക്ക് എച്ച്‌ഐവി പകരാതിരിക്കാനും ഈ ചികിത്സയിലൂടെ സാധിക്കും. ആര്‍ട്ടിന് പുറമേ, രോഗസാധ്യത കൂടിയ ആളുകള്‍ക്ക് പ്രി എക്‌സ്‌പോഷര്‍ പ്രൊപ്പൈലാക്‌സിസ് അഥവാ പ്രെപ് എന്ന ഗുളികയും ഇന്ന് ലഭ്യമാണ്. ദിവസവും കഴിച്ചാല്‍ എയിഡ്‌സ് രോഗസാധ്യത 99 ശതമാനവും ഇല്ലാതാക്കാമെന്നതാണ് ഈ ഗുളികയുടെ പ്രത്യേകത. എന്നിരുന്നാലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം മരുന്നുകളുടെ വിതരണം സംഘടിതമായി നടക്കുന്നില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് ജന്‍സെന്‍ വാക്‌സിന്‍സിലെ വൈറല്‍ വാക്‌സിന്‍ ഡിസ്‌കവറി ഗ്ലോബല്‍ ഹെഡ് ഹന്നെകെ ഷൂട്ടിമാക്കര്‍ പറയുന്നു. സമ്പന്ന രാഷ്ട്രങ്ങളില്‍ പോലും, സാമൂഹികസാമ്പത്തിക, വംശീയ വിവേചനങ്ങള്‍ ഈ മരുന്നുകളുടെ ലഭ്യതയ്ക്ക് വിഘാതമായി നില്‍ക്കുന്നു.
ചരിത്രത്തിലേക്ക് പിന്തരിഞ്ഞ് നോക്കിയാല്‍, സാംക്രമിക രോഗങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനുകളാണെന്ന് കാണാം. എച്ച്‌ഐവിക്കെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏറെ ദൂരം പിന്നിട്ടുവെന്നും എച്ച്‌ഐവിക്കെതിരെ കമ്പനി വികസിപ്പിച്ച വാക്‌സിന്റെ ഫലപ്രാപ്തി കണ്ടെത്തുന്നതിനായി മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്നും ഷൂട്ടിമാക്കര്‍ അറിയിച്ചു.
എച്ച്‌ഐവി വാക്‌സിന്‍ മാത്രം എന്തുകൊണ്ട് വൈകുന്നു
റെക്കോഡ് സമയത്തിനുള്ളിലാണ് കോവിഡ്-19നെതിരായ വാക്‌സിന്‍ വികസിപ്പിച്ചത്. മാത്രമല്ല ഫലപ്രാപ്തിയിലും സുരക്ഷയിലും അവ മികവ് തെളിയിക്കുകയും ചെയ്തു. അതിവേഗത്തിലുള്ള വാക്‌സിന്‍ വിതരണം മൂലമാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ കോവിഡ്-19നെ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ ലോകത്തിന് കഴിഞ്ഞത്. മുമ്പ് എച്ച്‌ഐവിക്കെതിരെ പരീക്ഷിച്ച സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പല കോവിഡ് വാക്‌സിനുകളും വികസിപ്പിച്ചിരിക്കുന്നത്. എന്നിട്ടും എച്ച്‌ഐവിക്ക് മാത്രം ഫലപ്രദമായ ഒരു വാക്‌സിന്‍ നാല്‍പ്പത് വര്‍ഷത്തിനിപ്പുറവും എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്നത് ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
മനുഷ്യരുടെ പ്രതിരോധ സംവിധാനം എച്ച്‌ഐവിയെ സ്വയം ഭേദമാക്കുന്നില്ല, എന്നാല്‍ കോവിഡ്-19നെ ഭേദമാക്കാന്‍ മനുഷ്യരുടെ പ്രതിരോധ സംവിധാനത്തിന് കഴിയുന്നുവെന്ന് എച്ച്‌ഐവി വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഫണ്ടിംഗ് നല്‍കുന്ന ആഗോള സംഘടനയായ എച്ച്‌വിടിഎന്നിലെ മുഖ്യ അന്വേഷകനായ ലാറി കോറി വ്യക്തമാക്കുന്നു. വൈറസിന്റെ സ്‌പൈക് പ്രോട്ടീനുമായി കൂടിച്ചേരുന്ന ആന്റിബോഡികള്‍ക്ക് രൂപം നല്‍കി മനുഷ്യകോശങ്ങളെ ബാധിക്കുന്നതില്‍ നിന്നും വൈറസുകളെ തടയുകയാണ് കോവിഡ് വാക്‌സിനുകള്‍ ചെയ്യുന്നത്. എച്ച്‌ഐവിക്കും അവയുടെ ഉപരിതലത്തില്‍ സ്‌പൈക് ആകൃതിയിലുള്ള പ്രോട്ടീനുകള്‍ ഉണ്ട്. എച്ച്‌ഐവിക്കെതിരായ വാക്‌സിന്‍ വികസനത്തില്‍ പ്രതീക്ഷ നല്‍കുന്ന വസ്തുതയും അതാണ്.
പക്ഷേ കോവിഡിന്റെ പത്തോളം വകഭേദങ്ങളാണ് ലോകമെമ്പാടും കറങ്ങിനടക്കുന്നതെങ്കില്‍, നൂറോ പതിനായിരമോ കണക്കിന് വൈറസ് വകഭേദങ്ങളാണ് ഓരോ എച്ച്‌ഐവി ബാധിതന്റെ ഉള്ളിലും ഉള്ളതെന്ന് സ്‌ക്രിപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ടില്‍ എംആര്‍എന്‍എ എച്ച്‌ഐവി വാക്‌സിന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഇമ്മ്യൂണോളജിസ്റ്റായ വില്യം ഷീഫ് വ്യക്തമാക്കുന്നു. എച്ച്‌ഐവി ഒരു റിട്രോവൈറസ് ആയതിനാല്‍, കടന്നുചെല്ലുന്ന ആളുകളിലെ ഡിഎന്‍എയുമായി വളരെ വേഗം അവ കൂടിച്ചേരും. അതിനാല്‍ എച്ച്‌ഐവിക്കെതിരായ ഫലപ്രദമായ ഒരു വാക്‌സിന്‍ രോഗിയുടെ ശരീരത്തിലെ വൈറസിന്റെ തോത് കുറച്ച് ബാക്കിയുള്ളവയെ എന്നന്നേക്കും അയാളില്‍ കഴിയുവാന്‍ അനുവദിക്കുക എന്നതിനേക്കാള്‍, വൈറസിനെ അതിന്റെ പാതയില്‍ വച്ച് തന്നെ വകവരുത്താന്‍ കഴിയുന്നത് ആയിരിക്കണം.
എച്ച്‌ഐവി വാക്‌സിന്‍ നിര്‍മാണം എവിടെയെത്തി
എച്ച്‌ഐവിക്കെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് പതിറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും അവയൊന്നും ഇതുവരെ വിജയം കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉഹാമ്പോ എന്ന പഠനത്തില്‍ ഒരു വ്യക്തിയില്‍ എച്ച്‌ഐവി വാക്‌സിന്‍ പരീക്ഷിച്ചെങ്കിലും വൈറസില്‍ നിന്നും ചെറിയ തോതിലുള്ള സുരക്ഷ നല്‍കിയതല്ലാതെ, സമ്പൂര്‍ണമായ ഫലപ്രാപ്തി നല്‍കാന്‍ ആ വാക്‌സിന് സാധിച്ചില്ല. സഹാറന്‍ ആഫ്രിക്കയിലെ ഇമ്പോകോഡോയിലെ 2,600ഓളം സ്ത്രീകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ എച്ച്‌ഐവി വാക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ട്. വരുംമാസങ്ങളില്‍ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലും തെക്കേ അമേരിക്കയിലും യൂറോപ്പിലും കമ്പനി എച്ച്‌ഐവി വാക്‌സിന്‍ പരീക്ഷണം നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ 2024ഓടെയേ പുറത്ത് വരികയുള്ളു.
എച്ച്‌ഐവി വാക്‌സിന് ഉപയോഗിച്ച അഡിനോവൈറസ് സാങ്കേതികവിദ്യ തന്നെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ്-19 വാക്‌സിനും ഉപയോഗിച്ചിരിക്കുന്നത്. അതായത്. ജനിതകപരമായി വ്യത്യാസങ്ങള്‍ വരുത്തിയ കോള്‍ഡ് വൈറസുകളെ ഉപയോഗിച്ചാണ് മൊസൈക് ഇമ്മ്യൂണോജീന്‍സ് എന്ന് വിളിക്കുന്ന പലതരം എച്ച്‌ഐവി വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള തന്മാത്രകളെ നിര്‍മിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ജനിതക വിവരങ്ങള്‍ വാക്‌സിന്‍ സ്വീകര്‍ത്താവിന്റെ ശരീരത്തിലേക്ക് എത്തിക്കുന്നത്. ഇതിന് ശേഷം പിന്നീടുള്ള ഡോസുകളില്‍ കൃത്രിമ പ്രോട്ടീനുകളും വാക്‌സിന്‍ സ്വീകര്‍ത്താവിന് നല്‍കും.
പല എച്ച്‌ഐവി വകഭേദങ്ങളിലും പൊതുവായി കാണപ്പെടുന്ന സ്ഥലങ്ങളുമായി കൂടിച്ചേരുന്ന bnAsb അഥവാ, ‘ബ്രോഡ്‌ലി ന്യൂട്രലൈസിംഗ് ആന്റിബോഡി’കളെ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് എച്ച്‌ഐവി വാക്‌സിനിലെ മറ്റൊരു സാധ്യത. bnAbsന്റെ ഉല്‍പ്പാദനത്തിന് ആവശ്യമായ അപൂര്‍വ്വമായ പ്രതിരോധ കോശങ്ങളുടെ ഉല്‍പ്പാദനം ഉത്തേജിപ്പിക്കാന്‍ തങ്ങളുടെ വാക്‌സിന് സാധിച്ചതായി ആദ്യ പരീക്ഷണത്തില്‍ തെളിഞ്ഞതായി ഇന്റെര്‍നാഷണല്‍ എയിഡ്‌സ് വാക്‌സിന്‍ പദ്ധതിയും സ്‌ക്രിപ്‌സ് റിസര്‍ച്ചും കഴിഞ്ഞിടെ പ്രഖ്യാപിച്ചിരുന്നു. മൊഡേണയുമായി ചേര്‍ന്ന് എംആര്‍എന്‍എ സാങ്കേതികവിദ്യയിലൂടെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. നിരവധി ഡോസുകളിലൂടെ ആന്റിബോഡികളെ നിര്‍മിക്കുന്ന ബി- കോശങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് അവരുടെ ശ്രമം. മാത്രമല്ല മറ്റൊരു ശ്വേത കോശമായ ടി സെല്ലുകള്‍ക്ക് അണുബാധയുണ്ടാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ പരിശീലനം നല്‍കാനും അവര്‍ ആലോചിക്കുന്നുണ്ട്.
എന്നാല്‍ ഏറെക്കാലം കൊണ്ടേ ഇവയെല്ലാം യാഥാര്‍ത്ഥ്യമാകുകയുള്ളു. പക്ഷേ ശരീര കോശങ്ങളെ വാക്‌സിന്‍ ഫാക്ടറികളാക്കുന്ന, കോവിഡ്-19നെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞ എംആര്‍എന്‍എ സാങ്കേതികവിദ്യ എച്ച്‌ഐവി വാക്‌സിന്‍ വികസനത്തില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.