അഫ്ഗാനില്‍ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടത് 119 പേര്‍
ഇതില്‍ 102 പേര്‍ സേനാംഗങ്ങള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാന പ്രക്രിയകള്‍ തകിടംമറിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തുടരുകയാണ്. മധ്യസ്ഥരാജ്യങ്ങളും മറ്റും സമാധാനം സ്ഥാപിക്കേണ്ടത് അനിവാര്യം എന്ന പ്രസ്താവനകള്‍ മാത്രമാണ് പുറത്തുവിടുന്നത്. കലാപകലുഷിതമായ ഈ രാജ്യം ഇന്ന് കൂടുതല്‍ വര്‍ധിച്ച പരീക്ഷണങ്ങളെയാണ് നേരിടുന്നത്. ഈ മാസം 3,4 എന്നീ രണ്ടുദിവസങ്ങളിലായി ഏറ്റുമുട്ടലുകളിലും സ്ഫോടനങ്ങളിലും അഫ്ഗാനില്‍ 119 പേരാണ് കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ 196 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്നിന് 54 പേര്‍ കൊല്ലപ്പെട്ടതായും അടുത്ത ദിവസം 65 പേര്‍ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കൊല്ലപ്പെട്ട 119 പേരില്‍ 102 പേരും സുരക്ഷാ സേനയിലെ അംഗങ്ങളാണ് എന്നുള്ളത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. രണ്ട് ദിവസത്തിനിടെ 17 സിവിലിയന്‍ അപകടങ്ങളും ഉണ്ടായി. ഇതില്‍ 55 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
അതേസമയം തിരിച്ചടികളില്‍ ജൂണ്‍ 3 ന് എട്ട് പ്രവിശ്യകളിലായി 183 താലിബാന്‍ കൊല്ലപ്പെട്ടുവെന്നും ജൂണ്‍ 4 ന് ആറ് പ്രവിശ്യകളിലായി 181 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ താലിബാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ മരണസംഖ്യ അതിഭീകരമാകും. അഫ്ഗാനിലെ അധികാരം നിലനിര്‍ത്തും തിരികെപിടിച്ചെടുക്കാനുമുള്ള ശക്തികള്‍ തമ്മിലുള്ള പോരരാട്ടം അതിരൂക്ഷമായതായാണ് ഈ കണക്കുകള്‍ നമ്മെ ബോധ്യപ്പെടുതതുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന സംഘര്‍ഷങ്ങളില്‍ 2,950 ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 5,540 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനാല്‍ അഫ്ഗാന്‍ സിവിലിയന്മാര്‍ സായുധ സംഘട്ടനങ്ങളുടെ ആഘാതം ഫലം അനുഭവിക്കുകയാണെന്ന് രാജ്യത്തെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ഈ കാലയളവില്‍ സിവിലിയന്‍ ആക്രമണങ്ങളില്‍ 53 ശതമാനവും താലിബാനാണ് നടത്തിയത്. സര്‍ക്കാര്‍ അനുകൂല സുരക്ഷാ സേനയില്‍നിന്നും 15 ശതമാനം തിരിച്ചടി സാധാരണക്കാര്‍ നേരിട്ടു. 25 ശതമാനത്തിന് ഉത്തരവാദികള്‍ ആരെന്നത് അജ്ഞാതമാണ്. ബാക്കി 7 ശതമാനം ഇരുകൂട്ടരെയും കുറ്റപ്പെടുത്തുന്നു.
ആകെ അപകടത്തില്‍ 330 സ്ത്രീകളും 565 കുട്ടികളും കഴിഞ്ഞ വര്‍ഷം വെവ്വേറെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.