ബംഗാളിലെ തോല്‍വി: ബിജെപിയില്‍ തര്‍ക്കം മുറുകുന്നു
ന്യൂഡെല്‍ഹി: പശ്ചിമബംഗാളില്‍ അധികാരത്തിലെത്താന്‍ കഴിയാതെ പോയ സാഹചര്യങ്ങള്‍ ബിജെപിയില്‍ പ്രക്ഷുബ്ധതയ്ക്ക് ആക്കംകൂട്ടുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ മുന്‍ ഗവര്‍ണറുമായ തഥാഗത റോയ് തന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് പറയുന്നു. ബംഗാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിന് നിരവധി കാരണങ്ങള്‍ റോയ് മുന്‍പ് നിരത്തിയിരുന്നു. അത് വിവാദങ്ങള്‍ക്കും ഇടനല്‍കിയതാണ്. എന്നാല്‍ ഇക്കുറി വിശദമായ റിപ്പോര്‍ട്ടുമായി ഡെല്‍ഹിയിലേക്ക് പോകാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഒഴിവാക്കുമ്പോള്‍ തലസ്ഥാനത്ത് എത്താനാണ് പദ്ധതിയെന്ന് അദ്ദേഹം പറയുന്നു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനോട് തോറ്റതിന് തൊട്ടുപിന്നാലെ നിരവധി ട്വീറ്റുകളുായി റോയ് രംഗത്തുവന്നിരുന്നു. ബംഗാളിലെ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തെ (ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന പാര്‍ട്ടി ചീഫ് ദിലീപ് ഘോഷ്, ദേശീയ ജോയിന്‍റ് ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) ശിവ പ്രകാശ്, ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍) അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടി ആസ്ഥാനത്തേക്ക് 7 സ്റ്റാര്‍ ഹോട്ടലുകളില്‍നിന്നും വന്ന ടിഎംസിയുടെ മാലിന്യങ്ങളിലേക്ക് ടിക്കറ്റ് നല്‍കിയതാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന പ്രവര്‍ത്തകരെയയോ 1980 കള്‍ മുതല്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വയംസേവകരെയോ സഹായിക്കാന്‍ നേതാക്കള്‍ വരുന്നില്ല. തൃണമൂലിന്‍റെ കൈകളില്‍നിന്നും അവര്‍ പീഡനങ്ങള്‍ നേരിടുന്നു എന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. കേഡര്‍മാരുടെ നഷ്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ഈ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തിയ ട്വീറ്റുകള്‍ക്ക് തൊട്ടുപിന്നാലെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തന്നെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വോട്ടെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്തതായും പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഈ കാര്യങ്ങള്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്, അതിനാല്‍ അവര്‍ (കേന്ദ്ര നേതാക്കള്‍) ചര്‍ച്ചകള്‍ ചെയ്യുകയാണ്. ഞാന്‍ എന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും അതിനപ്പുറം എനിക്ക് പറയാനാവില്ല. ടിഎംസിയില്‍നിന്നും എത്തിയവര്‍ തിരിച്ചുപോകുമെന്നും റോയ് വ്യക്തമാക്കിയിരുന്നു.എട്ട് ഘട്ടങ്ങളായിനടത്തിയ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 213 സീറ്റുകള്‍ ടിഎംസി നേടിയപ്പോള്‍ 77 സീറ്റുകളാണ് ബിജെപി നേടിയത്.