സിവില്‍ സര്‍വീസ് മേഖലയില്‍ പരിഷ്കാരം അനിവാര്യം
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ബലിയാടാകുന്നത് ഉദ്യോഗസ്ഥര്‍[/perfectpullquote]
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബ്യൂറോക്രസി വീണ്ടും ശക്തമായ രാഷ്ട്രീയ നിരീക്ഷണത്തിനുള്ളിലാകുന്നു. പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്രതീക്ഷിത ഉത്തരവിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കമുണ്ടായിരിക്കുന്നത്. മെയ് 31 ന് അദ്ദേഹം വിരമിക്കേണ്ടിയിരുന്നു. എങ്കിലും കഴിഞ്ഞയാഴ്ച യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച സര്‍വേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നതിന് നാല് ദിവസം മുമ്പ് കേന്ദ്രം അദ്ദേഹത്തിന്‍റെ സേവന കാലാവധി മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് മേയ് 31 ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബന്ദോപാധ്യായയോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നു. ഇക്കാര്യത്തില്‍ വിയോജിപ്പുപ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പിന്നീട് ദീര്‍ഘിപ്പിച്ച സേവന കാലാവധി സ്വീകരിക്കാതെ തിങ്കളാഴ്ച തന്നെ ബന്ദോപാധ്യായ വിരമിച്ചു. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അദ്ദേഹം മമത ബാനര്‍ജിയുടെ പുതിയ പ്രധാന ഉപദേഷ്ടാവായി ചുമതലയേറ്റു. എന്നാല്‍ അതുകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല. ദുരന്ത നിവാരണ നിയമപ്രകാരം ബന്ദോപാധ്യായയോട് കാരണം കാണിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഒരു സംസ്ഥാന കേഡറിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ കേന്ദ്രത്തിലേക്ക് നിയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് നടപ്പാക്കിയിട്ടില്ലെന്ന് സംസ്ഥാനം പറയുന്നു. ബന്ദോപാധ്യായയുടെ ഡെപ്യൂട്ടേഷനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ഒരു ഒദ്യോഗിക അഭ്യര്‍ത്ഥന ഉണ്ടായിരിക്കണം. കൂടാതെ അഭ്യര്‍ത്ഥന നിരസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശവുമുണ്ടെന്നാണ് വാദം. അതിനുശേഷം മാത്രമെ ഉത്തരവ് നടപ്പാക്കാന്‍ കഴിയു. സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും, ബംഗാള്‍ ചീഫ് സെക്രട്ടറിയെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ബാനര്‍ജിയും തമ്മിലുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ പോരാട്ടത്തില്‍ കേവലം ഒരു ഉപകരണമായാണ് കണ്ടത് എന്നവാദവും നിലനില്‍ക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, സംസ്ഥാന കേഡറുകളില്‍ ഗണ്യമായ സിവില്‍ സര്‍വീസുകാര്‍ കേന്ദ്രസര്‍ക്കാരില്‍ നിയമനങ്ങള്‍ തേടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. സംസ്ഥാന തലത്തില്‍ സേവനത്തില്‍ തുടരാന്‍ താല്‍പ്പര്യപ്പെടുന്നു. കേന്ദ്രത്തില്‍ പോസ്റ്റിംഗുകള്‍ വളരെയധികം ആവശ്യപ്പെട്ടിരുന്ന മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. മോദി സര്‍ക്കാരിനു കീഴില്‍ ഒരു പ്രൊഫഷണല്‍ സിവില്‍ സര്‍വീസിന്‍റെ പങ്കും പദവിയും കുറഞ്ഞുവെന്ന ധാരണ വളരുന്നുവെന്നും അഭിപ്രായമുണ്ട്. രാഷ്ട്രീയക്കാരായ അധികാരികള്‍ നിയമനത്തിന്‍റെയും കൈമാറ്റത്തിന്‍റെയും അധികാരം വഹിക്കുന്നു. ഇത് ബ്യൂറോക്രസിയെ രാഷ്ട്രീയ ഇച്ഛാശക്തിയിലേക്ക് വളച്ചൊടിക്കുന്നതിന് കാരണമാകാം. കേന്ദ്ര, സംസ്ഥാന തലത്തില്‍ ഇത് നടക്കുന്നുണ്ട്. ബ്യൂറോക്രസിയുടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയവല്‍ക്കരണം അപകടകരമാണ്. അത് പ്രൊഫഷണല്‍ കഴിവുകളേക്കാളും അനുഭവപരിചയത്തേക്കാളും അതിന്‍റെ ബ്യൂറോക്രാറ്റുകളില്‍ വിശ്വസ്തതയെയും പ്രത്യയശാസ്ത്രപരമായ അടുപ്പത്തെയുമാണ് വിലമതിക്കുന്നത്. ഇവിടെ സിവില്‍ സര്‍വീസ് പരിഷ്ക്കരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ചെറുപ്പത്തില്‍ത്തന്നെ റിക്രൂട്ട് ചെയ്യുന്നത് പ്രധാനമാണ്. പ്രായപരിധിക്ക് അപ്പുറത്തുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നത് സര്‍വീസിന്‍റെ നിലവാരം കുറച്ചേക്കാം. അവരുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് ഇത്. രണ്ട്, റിട്ടയര്‍മെന്‍റിനു ശേഷമുള്ള നിയമനങ്ങള്‍ രാഷ്ട്രീയമോ,സര്‍ക്കാരിന്‍റെ വിവേചനാധികാരത്തിലോ ആകുമ്പോഴും താഴപ്പിഴകള്‍ സംഭവിക്കാം.അപേക്ഷകള്‍ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് സിവില്‍ സര്‍വീസ് പലര്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. ഇതെല്ലാം പരിണിത ഫലത്തില്‍ പ്രതിഫലിക്കും. ഇക്കാലത്ത് സില്‍ സര്‍വീസ് ഘടനയിലും നിയമനത്തിലും മറ്റ് കാര്യങ്ങളിലും കാലോചിതമായ പരിഷ്ക്കാരം കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കില്‍ മമത-മോദി ഏറ്റുമുട്ടലുകള്‍ പോലെ ഇനിയും പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും. അത് ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും ഇക്കാര്യത്തില്‍ കുറവുണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.