5ജി സേവനങ്ങള്‍ ഉടന്‍ ലഭ്യമാകും, വേഗത 4ജിയേക്കാള്‍ 10 മടങ്ങ്
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം നടത്താനുള്ള ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുജനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും 5ജി സേവനങ്ങള്‍ നല്‍കാനായി ലേലത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് സ്പെക്ട്രം നല്‍കും.
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് പരിപാടികളിലൂടെ ഗവണ്‍മെന്റിന്റെ നയസംരംഭങ്ങളുടെ പ്രധാന ഭാഗമായിരിക്കുകയാണു ഡിജിറ്റല്‍ സമ്പര്‍ക്കസംവിധാനം. ബ്രോഡ്ബാന്‍ഡ്, പ്രത്യേകിച്ച് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, പൗരന്മാരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. 2015 മുതല്‍ രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ദ്രുതഗതിയില്‍ വിപുലീകരിച്ചതിലൂടെ ഇതിനു വലിയ ഉത്തേജനം ലഭിച്ചു. 2014ല്‍ ബ്രോഡ്ബാന്‍ഡ് പ്രാപ്യമായിരുന്നത് പത്തുകോടി പേര്‍ക്കായിരുന്നെങ്കില്‍ ഇന്നത് 80 കോടി വരിക്കാര്‍ എന്ന നിലയിലെത്തി.
മാറ്റങ്ങള്‍ക്കു കാരണമാകുന്ന ഇത്തരം നയസംരംഭങ്ങളിലൂടെ അന്ത്യോദയ കുടുംബങ്ങള്‍ക്ക് മൊബൈല്‍ ബാങ്കിങ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ഇ-റേഷന്‍ തുടങ്ങിയവ പ്രാപ്യമാക്കാന്‍ ഗവണ്മെന്റിനു കഴിഞ്ഞു. രാജ്യത്ത് സൃഷ്ടിക്കപ്പെട്ട 4ജി ആവാസവ്യവസ്ഥ ഇപ്പോള്‍ 5ജിയുടെ തദ്ദേശീയ വികസനത്തിലേക്കും വഴിതെളിക്കുകയാണ്. ഇന്ത്യയിലെ 8 മികച്ച സാങ്കേതിക സ്ഥാപനങ്ങളിലെ 5ജി ടെസ്റ്റ് ബെഡ് സജ്ജീകരണം ഇന്ത്യയില്‍ ആഭ്യന്തര 5ജി സാങ്കേതികവിദ്യയുടെ വരവു വേഗത്തിലാക്കുന്നു. മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍, ടെലികോം ഉപകരണങ്ങള്‍ എന്നിവയ്ക്കായുള്ള ഉല്‍പ്പാദനബന്ധിത ആനുകൂല്യപദ്ധതികളും ഇന്ത്യ സെമികണ്ടക്ടര്‍ ദൗത്യത്തിന്റെ തുടക്കവും ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ തുടങ്ങുന്നതിനുള്ള കരുത്തുറ്റ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 5ജി സാങ്കേതികവിദ്യയിലും വരാനിരിക്കുന്ന 6ജി സാങ്കേതികവിദ്യയിലും ഇന്ത്യ മുന്‍നിര രാജ്യമായി ഉയര്‍ന്നുവരുന്ന കാലം വിദൂരമല്ല.
5ജി ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ സമഗ്രവും അവിഭാജ്യവുമായ ഭാഗമാണു സ്പെക്ട്രം. വരാനിരിക്കുന്ന 5ജി സേവനങ്ങള്‍ക്കു നവയുഗ വ്യവസായങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ക്ക് അധിക വരുമാനം സൃഷ്ടിക്കാനും നൂതനമായ ഉപയോഗരീതിയുടെയും സാങ്കേതികവിദ്യകളുടെയും വിന്യാസത്തില്‍നിന്നു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
20 വര്‍ഷം സാധുതയുള്ള 72097.85 മെഗാഹെര്‍ട്‌സ് വരുന്ന സ്‌പെക്ട്രത്തിനായി 2022 ജൂലൈ അവസാനത്തോടെ ലേലം നടക്കും. കുറഞ്ഞ ആവൃത്തിയിലും (600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ്), ഇടത്തരം ആവൃത്തിയിലും (3300 മെഗാഹെര്‍ട്സ്), ഉയര്‍ന്ന ആവൃത്തിയിലും (26 ജിഗാഹെര്‍ട്സ്) വരുന്ന വിവിധ സ്പെക്ട്രങ്ങളുടെ ലേലമാണു നടക്കുന്നത്. നിലവിലെ 4ജി സേവനങ്ങളില്‍ സാധ്യമാകുന്നതിനേക്കാള്‍ 10 മടങ്ങ് അധിക വേഗതയും ശേഷിയും നല്‍കാന്‍ കഴിവുള്ള 5ജി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ പുറത്തിറക്കാന്‍ ടെലികോം സേവന ദാതാക്കള്‍ ഇടത്തരം, ഉയര്‍ന്ന ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ടെലികോം മേഖലയ്ക്കായി 2021 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ സ്‌പെക്ട്രം ലേലത്തിന് ഗുണം ചെയ്യും. വരാനിരിക്കുന്ന ലേലത്തില്‍ ഏറ്റെടുക്കുന്ന സ്‌പെക്ട്രത്തിന് ‘സീറോ സ്‌പെക്ട്രം യൂസേജ് ചാര്‍ജുകള്‍’ (എസ്യുസി) ഉള്‍പ്പെടെയുള്ളവ പരിഷ്‌കരണത്തിന്റെ ഭാഗമാണ്. ഇതു ടെലികോം ശൃംഖലകളുടെ പ്രവര്‍ത്തനച്ചെലവിന്റെ കാര്യത്തില്‍ സേവനദാതാക്കള്‍ക്കു വലിയ ആശ്വാസമേകും. കൂടാതെ, ഒരു വാര്‍ഷിക ഗഡുവിന് തുല്യമായ സാമ്പത്തിക ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാക്കി.
ടെലികോം മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഗതിവേഗം തുടര്‍ന്നുകൊണ്ട്, വ്യവസായം സുഗമമാക്കലിനായി വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിലൂടെ, ഏറ്റെടുക്കുന്ന സ്പെക്ട്രവുമായി ബന്ധപ്പെട്ടു പുരോഗമനപരമായ വിവിധ ഓപ്ഷനുകള്‍ കാബിനറ്റ് പ്രഖ്യാപിച്ചു. ലേലം വിജയിക്കുന്നവര്‍ മുന്‍കൂര്‍ പണമടയ്ക്കുന്നത് ഇതാദ്യമായി നിര്‍ബന്ധമാക്കുന്നില്ല. സ്പെക്ട്രത്തിനായുള്ള പണമടയ്ക്കല്‍ 20 തുല്യ വാര്‍ഷിക ഗഡുക്കളായി ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ മുന്‍കൂറായി അടയ്ക്കാം. ഇത് പണമൊഴുക്ക് ആവശ്യകതകള്‍ ഗണ്യമായി ലഘൂകരിക്കുമെന്നും ഈ മേഖലയില്‍ വ്യവസായ നടത്തിപ്പിനുള്ള ചെലവു കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ബാക്കി തവണകളുമായി ബന്ധപ്പെട്ട് ഭാവി ബാധ്യതകളില്ലാതെ 10 വര്‍ഷത്തിനുശേഷം സ്പെക്ട്രം സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷനും ലേലത്തിനെത്തുന്നവര്‍ക്കു നല്‍കും.
5ജി സേവനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനു മതിയായ ബാക്ക്ഹോള്‍ സ്പെക്ട്രത്തിന്റെ ലഭ്യതയും വേണ്ടതുണ്ട്. ബാക്ക്‌ഹോള്‍ ആവശ്യം നിറവേറ്റുന്നതിനായി, ടെലികോം സേവനദാതാക്കള്‍ക്ക് ഇ-ബാന്‍ഡില്‍ 250 മെഗാഹെര്‍ട്‌സ് വീതമുള്ള 2 കാരിയറുകള്‍ താല്‍ക്കാലികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള 13, 15, 18, 21 ജിഗാഹെര്‍ട്സ് ബാന്‍ഡുകളില്‍ പരമ്പരാഗത മൈക്രോവേവ് ബാക്ക്‌ഹോള്‍ കാരിയറുകളുടെ എണ്ണം ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
യന്ത്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ഓട്ടോമോട്ടീവിലെയും ആരോഗ്യസംരക്ഷണത്തിലെയും കൃഷിയിലെയും ഊര്‍ജമേഖലയിലെയും നിര്‍മിതബുദ്ധി (എഐ) തുടങ്ങി വ്യവസായം 4.0 ആപ്ലിക്കേഷനുകളില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതിനു സ്വകാര്യ ക്യാപ്റ്റീവ് ശൃംഖലകളുടെ വികസനവും സജ്ജീകരണവും പ്രാപ്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു