November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഷീല്‍ഡ് രണ്ടാം ഡോസ് വൈകുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

1 min read

ആദ്യ ഡോസ് സ്വീകരിച്ച് ഒരു മാസമെങ്കിലും കഴിഞ്ഞ് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതാണ് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ലത്

തുടക്കത്തില്‍ നാല് ആഴ്ച. അത് ആറായി, എട്ടായി, ഇപ്പോഴിതാ പന്ത്രണ്ട് മുതല്‍ പതിനാറ് ആഴ്ച വരെയെത്തി. ഇന്ത്യയില്‍ കോവിഡ്-19നെതിരായ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ അന്തരം കൂടിക്കൂടി വരികയാണ്. അതേസമയം യുകെ പോലുള്ള രാജ്യങ്ങള്‍ രണ്ടു ഡോസുകള്‍ക്കിടയിലെ അന്തരം കുറയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ ആശങ്കയിലാണ്. എന്നാല്‍ രണ്ടാമത്തെ ഡോസിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആറുമാസത്തിനിടെ എപ്പോഴെടുത്താലും ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് ഇവരുടെ വിശദീകരണം.

കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള പന്ത്രണ്ട് മുതല്‍ പതിനാറ് ആഴ്ച വരെയായി ദീര്‍ഘിപ്പിച്ചത്. നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള പരമാവധി സമയപരിധി ആദ്യ ഡോസ് എടുത്തതിന് ശേഷം എട്ടാഴ്ച വരെയായിരുന്നു. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) ശുപാര്‍ശ പ്രകാരമാണ് രണ്ട് ഡോസുകള്‍ക്കിടയിലെ അന്തരം വര്‍ധിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത B.1.617 വകഭേദത്തിന്റെ പകര്‍ച്ചാ സാധ്യത കണക്കിലെടുത്ത് യുകെ രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള പന്ത്രണ്ടില്‍ നിന്നും എട്ടാക്കി ചുരുക്കുകയും ചെയ്തു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ഇന്ത്യയില്‍ രണ്ട് ഡോസുകള്‍ക്കിടയിലെ അന്തരം വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണം വാക്‌സിന്‍ ക്ഷാമം ആണെന്നും പല സംസ്ഥാനങ്ങളും കടുത്ത വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഈ ഇടവേളയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് രോഗ പ്രതിരോധ വിദഗ്ധനായ സത്യജിത് രാത് പറയുന്നത്. ആദ്യഡോസ് എടുത്ത് നാലാഴ്ച കഴിഞ്ഞാല്‍ ആറുമാസത്തിനിടെ എപ്പോള്‍ വേണമെങ്കിലും അടുത്ത ഡോസ് എടുക്കാമെന്ന് ഇദ്ദേഹം പറയുന്നു. വാക്‌സിന്‍ ഡോസുകള്‍ എപ്പോഴെടുത്താലും സുരക്ഷിതമാണ്. ആദ്യ ഡോസ് എടുത്ത സമയം ഫലപ്രാപ്തിയെ ബാധിക്കുന്നില്ല. എന്നാല്‍ ആദ്യ ഡോസ് എടുത്ത് ഒരു മാസത്തിനുള്ളില്‍ അടുത്ത ഡോസ് എടുത്താല്‍ ബൂസ്റ്റിംഗ് (ആദ്യ ഡോസ് മൂലം കൈവരുന്ന പ്രതിരോധശേഷി ശക്തിപ്പെടുത്തല്‍) നടക്കുകയില്ല. അതിനാല്‍ ആദ്യ ഡോസ് എടുത്തതിന് ശേഷമോ അല്ലെങ്കില്‍ കോവിഡ്-19 വന്ന് പോയതിന് ശേഷമോ ഒരു മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും വാക്‌സിന്‍ എടുക്കാമെന്ന് ന്യൂഡെല്‍ഹിയിലെ നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ ജോലി ചെയ്യുന്ന രാത് പറഞ്ഞു.

മാത്രമല്ല, മുന്‍ ഡോസ് എടുത്ത് ആറുമാസമോ അതില്‍ക്കൂടുതല്‍ സമയമോ  കഴിഞ്ഞെങ്കിലേ അടുത്ത ഡോസ് മികച്ച രീതിയിലുള്ള ബൂസ്റ്റിംഗ് നല്‍കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള രണ്ടാം ഡോസോ അല്ലെങ്കില്‍ കോവിഡ്-19 വന്നുപോയതിന് ശേഷമുള്ള ആദ്യ ഡോസോ നാല് മാസത്തിന് ശേഷം എടുക്കുന്നതാകും ഉചിതം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍ടിഎജിഐ ഇത്തരത്തിലുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതെന്നും പ്രായോഗികതയും കണക്കിലെടുത്തുള്ളതാണ് ഇത്തരം നടപടികളെന്നും രാത് വിശദീകരിച്ചു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

യുകെ രണ്ട് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ അന്തരം കുറച്ചതും ഇന്ത്യ കൂട്ടിയതും യാഥാര്‍ത്ഥ്യങ്ങളും പ്രായോഗികതയും കണക്കിലെടുത്താണെന്ന് മറ്റൊരു രോഗപ്രതിരോധ ശേഷി വിദഗ്ധയായ വിനീത ബാല്‍ പറഞ്ഞു. ഇന്ത്യന്‍ വകഭേദത്തിനെതിരായ വാക്‌സിന്റെപ്രവര്‍ത്തനത്തെ ഇത്തരം തീരുമാനങ്ങള്‍ സ്വാധീനിക്കുമോ എന്നതിന് ഒറ്റവാക്കില്‍ ഉത്തരം നല്‍കുക സാധ്യമല്ലെന്നും അവര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ വാക്‌സിനുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാകും. അതേസമയം യുകെയില്‍ ഇടവേള കുറയ്ക്കുന്നത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഗതി മെച്ചപ്പെടുത്താനും സഹായിക്കും. മതിയായ ഡോസുകള്‍ ലഭ്യമാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധ ശേഷി ലഭ്യമാക്കുന്ന തരത്തില്‍ രണ്ട് ഡോസുകള്‍ നല്‍കണമെന്ന് പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ജോലി ചെയ്യുന്ന വിനീത പറഞ്ഞു. അതേസമയം വാക്‌സിന്‍ മൂലം ലഭ്യമാകുന്ന പ്രതിരോധശേഷി കാലക്രമേണ നഷ്ടമാകുമെന്നും വിനീത സമ്മതിച്ചു. എന്നിരുന്നാലും ആദ്യഡോസ് എടുത്ത് 12 മുതല്‍ പതിനാറ് ആഴ്ച ആകുന്നതോടെ പ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തുമെന്നും അതിനാല്‍ ബൂസ്റ്റര്‍ ഡോസ് 12 മുതല്‍ പതിനാറ് ആഴ്ചയ്ക്കിടയില്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും വിനീത പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ആദ്യഡോസ് സ്വീകരിച്ച് ഏകദേശം മൂന്ന് മാസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കുമ്പോഴാണ് അസ്ട്രസെനകയും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊറോണവൈറസ് വാക്‌സിനായ കോവിഷീല്‍ഡ് ഏറ്റവും ഫലപ്രദമാകുകയുള്ളുവെന്ന് ഫെബ്രുവരിയില്‍ ലാന്ഡസെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

ഹ്രസ്വകാലത്തേക്കെങ്കിലും വാക്‌സിന്‍ ലഭ്യതയില്‍ കുറവുണ്ടാകും. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ രണ്ട് ഡോസുകള്‍ ലഭ്യമാക്കണമെന്ന കാര്യത്തില്‍ നയ രൂപകര്‍ത്താക്കള്‍ തീരുമാനമെടുക്കണമെന്ന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ പ്രഫസറായ ആന്‍ഡ്രൂ പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടിരുന്നു. തുടക്കത്തില്‍ കഴിയുന്നത്ര ആളുകള്‍ക്ക് ആദ്യ ഡോസ് ലഭ്യമാക്കുന്നതിനാകണം മുന്‍ഗണനയെന്നും പകുതിയാളുകള്‍ക്ക് രണ്ട് ഡോസുകളും ലഭ്യമാക്കുന്നതിനേക്കാള്‍ പൊതുജനാരോഗ്യത്തിന് ഗുണകരം അതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3