ഐസിഐസിഐ ബാങ്ക്-ഇന്ത്യന്‍ ആര്‍മി ധാരണാപത്രം
കൊച്ചി: കരസേനയിലെ എല്ലാ റാങ്കുകളിലും സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കും ഇന്ത്യന്‍ ആര്‍മിയും തമ്മിലുള്ള ധാരണാ പത്രം പുതുക്കി. ഡിഫന്‍സ് സാലറി അക്കൗണ്ട് വഴിയാണ് വര്‍ധിപ്പിച്ച തോതിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതനുസരിച്ച് 50 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭീകരാക്രമണമാണെങ്കില്‍ പത്തു ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും.
സീറോ ബാലന്‍സ് അക്കൗണ്ട്, മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള ലോക്കര്‍ അനുവദിച്ചു നല്‍കല്‍, ഐസിഐസിഐ ബാങ്കിന്‍റേയും മറ്റ് ബാങ്കുകളുടേയും എടിഎമ്മുകളില്‍ പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ തുടങ്ങിയവയും പ്രത്യേക ആനുകൂല്യങ്ങളുടെ ഭാഗമാണ്. സൗജന്യ ക്രെഡിറ്റ് കാര്‍ഡും ലൈഫ്ടൈം കാലാവധിയോടെ ലഭിക്കും. നിലവിലുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും പുതിയ ആനുകൂല്യങ്ങള്‍ സ്വമേധയാ ലഭിക്കും. ഒരു കോടി രൂപ വരെയുള്ള എയര്‍ ആക്സിഡന്‍റ് പരിരക്ഷ, വിരമിച്ച പ്രതിരോധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 80 വയസു വരെയുള്ള പരിരക്ഷ എന്നിവയും ലഭിക്കും.
ഇന്ത്യന്‍ സൈന്യവുമായുള്ള ധാരണാപത്രം പുതുക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. തങ്ങളുടെ ശാഖകള്‍, എടിഎമ്മുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ ദൈനംദിന ഇടപാടുകളില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് സൗകര്യവും നല്‍കുന്നതിനും ബാങ്കിംഗ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി പ്രത്യേക ബാങ്കിംഗ് സേവനങ്ങളും ആനുകൂല്യങ്ങളും തങ്ങള്‍ വിപുലീകരിക്കുന്നു.
കൂടാതെ, അവരുടെ കുടുംബങ്ങള്‍ക്കും വര്‍ധിച്ച പരിരക്ഷ നല്‍കുന്നതിന്, തങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്‍ഷുറന്‍സ് പരിരക്ഷകളും ഉദ്യോഗസ്ഥരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നു. സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ സൈനികരുടെ വലിയൊരു വിഭാഗത്തിന് ഇത് പ്രയോജനപ്പെടുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന്, ഐസിഐസിഐ ബാങ്ക് റീജണല്‍ ബിസിനസ്, ഡിഫന്‍സ് ഇക്കോസിസ്റ്റം മേധാവി വിശാല്‍ ബത്ര പറഞ്ഞു.
കരസേനയുടെ മാന്‍പവര്‍ പ്ലാനിങ് ആന്‍റ് പേഴ്സണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്‍റ് ജനറല്‍ ആര്‍.പി. കലിത, ഐസിഐസിഐ ബാങ്ക് റീജണല്‍ ബിസിനസ്, ഡിഫന്‍സ് ഇക്കോസിസ്റ്റം മേധാവി വിശാല്‍ ബത്ര എന്നിവരാണ് പുതുക്കിയ ധാരണാപത്രം ഒപ്പു വെച്ചത്.