November 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഊരാളുങ്കൽ സൊസൈറ്റി സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രം

1 min read

കൊച്ചി: നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണ സംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനം ഇനി ‘ലോക സഹകരണ സാംസ്‌കാരിക പൈതൃകകേന്ദ്രം’ ബ്രസീലിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്‍റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണു പ്രഖ്യാപനം നടത്തിയത്. ലോക സഹകരണ പ്രസ്ഥാനത്തിന്‍റെ സാംസ്‌കാരിക പൈതൃകം പേറുന്ന 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ലോക ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെ കൂടാതെ ഗുജറാത്തിലെ അമൂലിന്‍റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴു കേന്ദ്രങ്ങളാണുള്ളത്. സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ആദ്യ ലോക ഭൂപടം ഉൾപ്പെടുത്തി, ‘കോപറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും’ (www.culturalheritage.coop) ഐസി‌എ പ്രകാശനം ചെയ്തു. സഹകരണ പ്രസ്ഥാനം തലമുറകളിലൂടെ എങ്ങനെ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും ജീവിതോപാധികളെയും രൂപപ്പെടുത്തി എന്നതു പ്രതിപാദിക്കുന്നതാണു ഭൂപടം. സഹകരണ പ്രസ്ഥാനത്തിന്‍റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യാനുള്ള ആഗോളോദ്യമത്തിന്‍റെ ഭാഗമാണു പ്ലാറ്റ്‌ഫോം. അതിൽ https://www.culturalheritage.coop/aboutTangiblePage/ulccs-india എന്ന താളിലാണ് ഊരാളുങ്കൽ സൊസൈറ്റിയുള്ളത്. നൂറു വർഷം കൊണ്ട് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ അദ്വിതീയസ്ഥാനം കൈവരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വ്യവസായ-ഉപഭോക്തൃ സേവന വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ സഹകരണ സ്ഥാപനമാണ്. 18,000-ത്തിലധികം പേർക്കു നേരിട്ടുള്ള തൊഴിൽ നൽകുന്ന സ്ഥാപനത്തിന്‍റെ വാർഷിക വരുമാനം 2334 കോടി രൂപയാണ്. തൊഴിലാളികൾ ഉടമസ്ഥരായ ലോകത്തിലെ ഏക ഐടി പാർക്കായ യു‌എൽ സൈബർപാർക്ക്, യു‌എൽ ടെക്നോളജി സൊല്യൂഷൻസ്, ഫ്യൂച്ചറിസ്റ്റിക് നിർമ്മാണങ്ങൾക്കായി രൂപം നല്കിയ യുസ്ഫിയർ, കോഴിക്കോട്ടെ സർഗ്ഗാലയ, തിരുവനന്തപുരത്തെ കേരള എന്നീ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ, മാറ്റർലാബ് എന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെറ്റീരിയൽ ടെസ്റ്റിങ് ലാബ്, യുഎൽ ഹൗസിങ്, യുഎൽ റിസേർച്ച്, യുഎൽ ചാരിറ്റബിൾ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ, നിർമ്മാണ കൺസൾട്ടൻസി സഥാപനമായ യുഎൽ ഇൻസൈറ്റ് എന്നിവ സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളാണ്. സഹകരണസ്ഥാപനങ്ങൾ വ്യവസായങ്ങൾ മാത്രമല്ല, അവ സംസ്‌കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും വാഹകരാണെന്ന് ഭൂപടം പ്രകാശനം ചെയ്ത് ഇന്‍റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് പ്രസിഡന്‍റ് അറിയേൽ ഗ്വാർകോ പറഞ്ഞു.

  24 കോടി നിക്ഷേപക അക്കൗണ്ട് നേട്ടവുമായി എന്‍എസ്ഇ
Maintained By : Studio3