December 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കമല ഹാരിസിനെ വെള്ളപൂശി വോഗ് മാഗസിൻ; വിവാദമാക്കി സോഷ്യൽ മീഡിയ

ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ മുഖചിത്രമാക്കി ഇറങ്ങിയ വോഗ് മാഗസിന്റെ പുതിയ ലക്കം വിവാദത്തിൽ. കവർചിത്രത്തിൽ കമല ഹാരിസിനെ വെളുപ്പിച്ചുവെന്നും ഇൻഫോർമൽ ലുക്കിലാണ് കമലയെ അവതരിപ്പിച്ചിരിക്കുന്നതെന്നുമുള്ള പരാതികളാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. പ്രതീക്ഷിച്ചത് പോലെ ആവേശമുണ്ടാക്കുന്നതല്ല കവർചിത്രമെന്ന വിമർശനവുമായി കമലയുമായി അടുപ്പമുള്ളവർ തന്നെ രംഗത്ത് വന്നതായാണ് സൂചന. എന്നാൽ കമല ഹാരിസിന്റെ ഓഫീസ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

കവർഫോട്ടോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ നീലനിറത്തിലുള്ള പാന്റ്സ്യൂട്ടാണ് കമല അണിഞ്ഞിരുന്നതെങ്കിലും പുറത്തിറങ്ങിയ മാഗസിൻ ഇരുണ്ട നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് കാഷ്വൽ ലുക്കിലുള്ള കമലയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല കവർഫോട്ടോയിൽ കമലയുടെ പിറകിലായി കാണുന്ന കർട്ടനുകളുടെ പിങ്ക്, പച്ച നിറവും കമല ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം സന്നദ്ധ സംഘടനകളുടെ സജീവ പ്രവർത്തകയായിരുന്ന കമലയുടെ കൊളേജ് ജീവിതത്തിനുള്ള സമർപ്പണമായാണ് ഇൻഫോർമൽ ലുക്കിൽ നിയുക്ത വൈസ് പ്രസിഡന്റിനെ അവതരിപ്പിച്ചതെന്ന വിശദീകരണ‌മാണ് സംഭവത്തിൽ വോഗ് മാഗസിൻ നൽകുന്നത്. എന്നാൽ ഫോട്ടോ പുറത്തുവന്നപ്പോൾ മാത്രമാണ് കവർഫോട്ടോ മാറിയ കാര്യം തങ്ങൾ അറിയുന്നതെന്ന് ഫോട്ടോഷൂട്ടിന്റെ ചുമതലയുണ്ടായിരുന്ന കമലയുടെ സംഘം അറിയിച്ചു.

ടൈലർ മിച്ചൽ എന്ന ഫോട്ടോഗ്രാഫറാണ് ഇരുചിത്രങ്ങളും എടുത്തിരിക്കുന്നത്. നീലനിറത്തിൽ ഫോർമൽ ലുക്കിലുള്ള കമലയുടെ ചിത്രം മിച്ചൽ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളുടെ നിലവാരം മോശമാണെന്നും കമലയ്ക്ക് ബഹുമാനം നൽകാത്ത രീതിയിലുള്ള വളരെ സാധാരണ ചിത്രമാണെന്നുമുള്ള വിമർശനവുമായി വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് റോബിൻ ഗിവാൻ അടക്കമുള്ള പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നീല ആയാലും റോസ് ആയാലും നല്ലതാണെന്നുള്ള അഭിപ്രായമാണ് കമലയുടെ അടുത്ത കുടുംബാംഗങ്ങൾ പങ്കുവെച്ചത്.

ജനുവരി 20നാണ് അമേരിക്കൻ വൈസ് പ്രസിഡന്റായി കമല ഹാരിസ് അധികാരമേൽക്കുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് കമല.

Maintained By : Studio3