Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

👤by FK Staff 🕔30-08-2016
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പ്രചരണത്തില്‍ വീറും വാശിയും വര്‍ധിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപും, ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയും പ്രചരണത്തിന്റെ ഭാഗമായി വാക് പോര് രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഹുമ അബേദിനുമായി ബന്ധപ്പെട്ടു പുറത്തുവന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ച.

ഹിലരി ക്ലിന്റന്റെ ഏറ്റവുമടുത്ത വിശ്വസ്തയും ദീര്‍ഘകാല സഹായിയുമാണു ഹുമ അബേദിന്‍. ഇവരുടെ ഭര്‍ത്താവ് ആന്റണി ഡി വെയ്‌നര്‍ ഒരു യുവതിക്ക് അശ്ലീല സന്ദേശം (ഫോട്ടോ ഉള്‍പ്പെടുന്ന) സോഷ്യല്‍ മീഡിയയിലൂടെ ഒരു വര്‍ഷം മുന്‍പ് 2015 ജൂലൈയില്‍ അയച്ചുകൊടുത്തെന്നു പറയപ്പെടുന്ന സംഭവമാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. 

 വാര്‍ത്ത വന്നതിനു ശേഷം തിങ്കളാഴ്ച വെയ്‌നറുമായി വേര്‍പിരിയുകയാണെന്നു ഹുമ പ്രസ്താവിച്ചിട്ടുണ്ട്.
ഹുമ അബേദിന്‍ 2010ലാണ് വെയ്‌നറിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും നാലു വയസുള്ള ഒരു മകനുണ്ട്. ജൂത വംശജനാണ് 52കാരനായ വെയ്‌നര്‍. സൗദി വംശജയായ മുസ്ലിമാണ് 41കാരി ഹുമ. വൈറ്റ് ഹൗസില്‍ ഇന്റേണായിരുന്നു (ജൂനിയര്‍ ജീവനക്കാരി) ഹുമ, പിന്നീട് ഹിലരിയുടെ വലം കൈയ്യും വിശ്വസ്തയുമൊക്കെയായി മാറി. തന്റെ രണ്ടാമത്തെ മകളാണ് ഹുമയെന്നാണു ഹിലരി ഒരിക്കല്‍ പറഞ്ഞത്. ഈ വാത്സല്യമാകാം, ഹുമയെ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ഹിലരിയെ പ്രേരിപ്പിച്ചതും. 

2009ല്‍ ഹിലരി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്നപ്പോള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായിരുന്നു ഹുമ. ഇക്കാലയളവില്‍ ഹിലരി, നയതന്ത്രപരമായ കാര്യങ്ങളില്‍ ഹുമയുടെ ഉപദേശം നേടുകയും ചെയ്തിരുന്നു. പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു ഹുമയ്ക്ക്. ഈയൊരു പ്രത്യേകതയുള്ളതിനാലാവണം ഹിലരി ഹുമയെ ഉപദേശകയാക്കിയതും.

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലരിയുടെ പ്രചരണ വിഭാഗത്തിന്റെ വൈസ് ചെയര്‍പെഴ്‌സണ്‍ ചുമതലയാണ് ഹുമ ഇപ്പോള്‍ വഹിക്കുന്നത്. വെയ്‌നര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയംഗവും 1999 മുതല്‍ 2011 വരെ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെ അംഗവുമായിരുന്നു. ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് അയച്ചു കൊടുക്കുന്നത് ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു. 2011ല്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശം ഒരു യുവതിക്ക് അയച്ചു കൊടുത്തെന്ന ആരോപണത്തെത്തുടര്‍ന്നാണു വെയ്‌നര്‍ക്ക് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെ അംഗത്വം നഷ്ടമായത്. യുഎസ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്നതിനിടെയായിരുന്നു വെയ്‌നറുടെ ഭാവിയെ ഇരുളിലാക്കിയ വിവാദം ഉയര്‍ന്നത്. തുടര്‍ന്ന് 2011ല്‍ അംഗത്വം നഷ്ടമായി. ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ അംഗത്വം നഷ്ടപ്പെട്ട വെയ്‌നര്‍ ഇക്കാലമത്രയും ജോലിയൊന്നുമില്ലാതെ ഭാര്യയുടെ ചെലവില്‍ ഒതുങ്ങി കൂടുകയായിരുന്നു.


2011ല്‍ ആരോപണത്തെത്തുടര്‍ന്നു കരിയര്‍ നഷ്ടപ്പെട്ട വെയ്‌നര്‍ക്ക് ഇപ്പോള്‍ മറ്റൊരു വിവാദത്തിലൂടെ കുടുംബജീവിതവും നഷ്ടപ്പെട്ട അവസ്ഥ കൈവന്നിരിക്കുകയാണ്. വെയ്‌നറുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നു തിങ്കളാഴ്ച ഹുമ അബേദിന്‍ പ്രസ്താവിച്ചു. 

1996ലാണ് ഹുമ വൈറ്റ് ഹൗസില്‍ ഇന്റേണായി ജോലിക്കെത്തുന്നത്. അന്ന് ഹുമയുടെ ജോലി പ്രഥമ വനിതയായ ഹിലരിയെ സഹായിക്കലായിരുന്നു. ഹുമ, ഹിലരിയെ അനുഗമിക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. അത്രയും തന്നെ പഴക്കമുണ്ട് ഇരുവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും. ഹിലരി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കാലയളവിലാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ അരങ്ങേറിയതും. ഹിലരി യുഎസ് പ്രസിഡന്റായി പ്രചരണം ആരംഭിച്ച കാലം മുതല്‍ അവര്‍ക്കെതിരേ എതിര്‍കക്ഷികള്‍ ഉയര്‍ത്തിയ പ്രധാന ആരോപണം ഇ-മെയ്ല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു. ഹിലരി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന കാലയളവില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി സ്വകാര്യ ഇ-മെയ്ല്‍ ഉപയോഗിച്ചതാണു വിവാദങ്ങള്‍ക്ക് തുടക്കം. ഈ സംഭവത്തില്‍ ഹിലരിയെപ്പോലെ ഹിലരിയുടെ വിശ്വസ്തയായ ഹുമയും വിവാദത്തിലകപ്പെട്ടു. 

2012ല്‍ ലിബിയയിലെ ബംഗാസിയില്‍ യുഎസ് അംബാസഡര്‍ ജെ. ക്രിസ്റ്റഫര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ടും അതിനു ശേഷവുമുള്ള കാര്യങ്ങള്‍ ഹുമയുടെ ഇ-മെയ്‌ലില്‍ നിന്നും അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച അതീവ രഹസ്യസ്വഭാവമുള്ള ഇ-മെയ്ല്‍ സന്ദേശം നിരുത്തരവാദപരമായി ഹിലരിയും ഹുമയും ഉപയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഈയൊരു സംഭവത്തോടെയാണ് ഹുമ അബേദിന്‍ അമേരിക്കന്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാകുന്നത്. ഇ-മെയ്ല്‍ വിവാദത്തിനു പുറമേ ഹുമയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും ഉയര്‍ന്നിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായിരുന്ന കാലയളവില്‍ ഹുമ, ക്ലിന്റണ്‍ ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്തിരുന്നവര്‍ക്ക് ഉപകാരസ്മരണയായി പ്രത്യേക സഹായങ്ങള്‍ ചെയ്തിരുന്നു. മാത്രമല്ല ബില്‍ ക്ലിന്റന്റെ വിശ്വസ്തനായ ഡഗ്ലസ് ജെ. ബാന്‍ഡുമായി ചേര്‍ന്നു ടെനിയോ എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപന നടത്തിപ്പിലൂടെ പ്രത്യേക വരുമാന സ്രോതസും ഹുമ കണ്ടെത്തി. സര്‍ക്കാരിന്റെ ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഇത്തരം പ്രവര്‍ത്തികളെല്ലാം. ഇപ്പോഴിതാ ഭര്‍ത്താവുമായി ബന്ധപ്പെട്ട് ഹുമ വിവാദത്തിലകപ്പെട്ടിരിക്കുന്നു. 


ഒരു മാസം മുന്‍പാണ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ സിഇഒ ആമി ഡേസി ഇ-മെയ്ല്‍ വിവാദത്തെത്തുടര്‍ന്ന് രാജിവച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരിയോടൊപ്പം യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിച്ച വെര്‍മോന്‍ഡ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാനും ഹിലരിയെ മുന്‍നിരയിലെത്തിക്കാനും ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ശ്രമിച്ചെന്ന് തെളിയിക്കുന്ന ഇ-മെയ്ല്‍ വിവരം ഹാക്ക് ചെയ്ത് പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ആമി ഡേസിയും മറ്റ് രണ്ട് ഉന്നത ജീവനക്കാരും രാജിവച്ചത്. ഇത് ഹിലരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച സംഭവമായിരുന്നു. ഈ സംഭവത്തിനു ശേഷം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം ഉയര്‍ന്നിരിക്കുന്നത്.

ആത്യന്തികമായി ഇത്തരം വിവാദങ്ങള്‍ ഹിലരിയുടെ ജയസാധ്യതയെയാണു ബാധിക്കുന്നത്. പുതിയ വിവാദത്തിനു ശേഷം ഹുമയെ പ്രചരണത്തിന്റെ ചുമതലയില്‍നിന്നും ഒഴിവാക്കിയിട്ടില്ലെങ്കിലും താമസിയാതെ ഹിലരി
ഒഴിവാക്കുമെന്നാണു സൂചന. ഹുമയെ ഹിലരി ഒഴിവാക്കുകയാണെങ്കില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനേക്കാള്‍ ജയസാധ്യത ഹിലരിക്ക് കല്പിച്ചിരുന്നു. എന്നാല്‍ ഹിലരിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായി മാറി ഹുമ അബേദിന്‍ സംഭവം.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet