Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

മോദിയുടെ പ്രതീക്ഷകള്‍ കാക്കുന്ന ആര്‍ബിഐ ഗവര്‍ണര്‍

👤by ദിപിന്‍ ദാമോദരന്‍ 🕔25-8-2016
മോദിക്കിഷ്ടമാകുന്ന ടെക്‌നോക്രാറ്റ് ഗുണങ്ങള്‍, ബിസിനസ് ലോകത്തിന് പ്രിയങ്കരന്‍, പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധത്തിന്റെ പടത്തലവന്‍, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹിറ്റ്‌ലിസ്റ്റിലിടം പിടിക്കാത്ത ഉന്നത ഉദ്യോഗസ്ഥന്‍...അങ്ങനെ എന്തുകൊണ്ടും മികച്ച തെരഞ്ഞെടുക്കലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇനി അറിയേണ്ടത് മോദിയുടെ ബാക്കിയുള്ള മൂന്ന് വര്‍ഷത്തെ ഭരണകാലയളവില്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ദിശ നല്‍കുമോയെന്നാണ്

നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച നീക്കമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരിക്കുന്നത്. എതിരാളികള്‍ക്ക് പോലും വിവാദത്തിന് യാതൊരു വകയും നല്‍കിയില്ല. ഉര്‍ജിത് പട്ടേലെന്ന നിശബ്ദ ടെക്‌നോക്രാറ്റിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ പുതിയ ഗവര്‍ണറായി നിയമിച്ചതിലൂടെ തന്റെ അവശേഷിക്കുന്ന മൂന്ന് വര്‍ഷത്തെ ഭരണകാലയളവില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന സന്ദേശം കൂടിയാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. 


പണപ്പെരുപ്പത്തിനെതിരെയുള്ള പോരാട്ടത്തിന്റെ സൂത്രധാരനായ പട്ടേല്‍ ആര്‍ബിഐയുടെ 24-  ഗവര്‍ണറായാണ് സ്ഥാനമേല്‍ക്കുന്നത്. കെനിയയില്‍ ജനിച്ച്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി, ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് എംഫില്‍ കരസ്ഥമാക്കിയ ഉര്‍ജിത് പട്ടേല്‍ ഇക്കണോമിക്‌സില്‍ ഡോക്റ്ററേറ്റ് നേടിയത് ലോകപ്രശസ്തമായ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്. അതായത് വിദ്യാഭ്യാസ ഡിഗ്രികളെല്ലാം നേടിയത് മുതലാളിത്തത്തിന്റെ ഹൃദയഭൂമിയില്‍ നിന്ന്. ഇങ്ങനെയൊക്കെയാണെങ്കിലും ഉര്‍ജിത് പട്ടേലിന്റെ ദേശസ്‌നേഹത്തിലും മനസുകൊണ്ട് പൂര്‍ണമായും ഇന്ത്യക്കാരനാണോ അല്ലെയോ എന്ന കാര്യത്തിലുമൊന്നും രഘുറാം രാജനെ ക്രൂശിച്ച സുബ്രഹ്മണ്യന്‍ സ്വാമിക്ക് പോലും യാതൊരുവിധ സംശയവുമില്ല. 


ഉര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) യുടെ പുതിയ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് വളരെ കരുതലോടെയാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ച് പോകുന്നയാള്‍ എന്നതിനോടൊപ്പം തന്നെ ഉന്നത പ്രൊഫഷണല്‍ മികവോടുകൂടി വിട്ടുവീഴ്ച്ചയില്ലാതെ കാര്യങ്ങള്‍ ചെയ്യുന്ന ഒരു നിശബ്ദ ടെക്‌നോക്രാറ്റിനെയാണ് ഉര്‍ജിത് പട്ടേലില്‍ ടീം മോദി കണ്ടത്. മാത്രമല്ല ആര്‍ബിഐയില്‍ ഇനി ഒരു വണ്‍മാന്‍ ഷോയ്ക്ക് അവസരം നല്‍കുന്ന രീതി പിന്തുടരില്ലെന്ന് ഉറപ്പാക്കുന്ന പുതിയ മോണിറ്ററി പോളിസിയുടെ പുറകില്‍ പട്ടേലിന്റെ മികവായിരുന്നുവെന്നതും അദ്ദേഹത്തിന് ഗുണകരമായി. 


പൊതുജനശ്രദ്ധയില്‍ നിന്ന് എന്നും അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉര്‍ജിത് പട്ടേല്‍ മോദി സര്‍ക്കാരിന് തലവേദന ആകില്ലെന്നുറപ്പാണ്. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പട്ടേലിന് സാധിക്കും. രഘുറാം രാജനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ ബിജെപി എംപിയും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമിക്കും ഉര്‍ജിത് പട്ടേലിന്റെ നിയമനം സ്വീകാര്യമായത് ഭാവിയില്‍ മോദിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. 


മാത്രമല്ല രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിനും ഉര്‍ജിത് പട്ടേല്‍ സ്വീകാര്യനാണെന്ന വസ്തുത കേന്ദ്ര സര്‍ക്കാരും സംഘപരിവാറും തമ്മിലുള്ള നിഴല്‍ യുദ്ധവും ഒഴിവാക്കും. എല്ലാ സര്‍ക്കാരുകളുമായും മികച്ച ബന്ധം കാത്തു സൂക്ഷിക്കാനും മിതഭാഷിയായ പട്ടേല്‍ ശ്രമിച്ചിട്ടുണ്ട്. രഘുറാം രാജനെ വേട്ടയാടിയ സുബ്രഹ്മണ്യന്‍ സ്വാമിക്കും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനും ആര്‍എസ്എസിനും ടീം മോദിക്കും വിപണിക്കും ഒരുപോലെ സമ്മതനാണ് നിലവില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ പട്ടേലെന്നത് ഗവര്‍ണറായുള്ള അദ്ദേഹത്തിന്റെ പുതിയ ഇന്നിങ്‌സ് സുഗമമാക്കും.

മന്‍മോഹന്റെ കണ്ടെത്തല്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ കണ്ടെത്തലാണ് ഉര്‍ജിത് പട്ടേല്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെയാണ് മന്‍മോഹന്‍ പട്ടേലുമായി അടുക്കുന്നത്. 1991-94 കാലഘട്ടത്തില്‍ ഐഎംഎഫി(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്)ന്റെ ഇന്ത്യാ ഡെസ്‌കിലായിരുന്നു പട്ടേല്‍. അതുകഴിഞ്ഞ് ധനകാര്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി പട്ടേലിനെ ഇന്ത്യയില്‍ തുടരാന്‍ പ്രേരിപ്പിച്ചത് മന്‍മോഹനായിരുന്നു. 


ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പട്ടേലിനെ എത്തിച്ചതും മന്‍മോഹന്‍ സിംഗ് തന്നെ. ഡെപ്യൂട്ടി ഗവര്‍ണറായുള്ള സുബീര്‍ ഗോകണിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അത് നീട്ടിക്കിട്ടാന്‍ യുപിഎ സര്‍ക്കാരിനോട് 2013ല്‍ അപേക്ഷിച്ചു. എന്നാല്‍ ഗോകണിന്റെ അപേക്ഷ തള്ളി അന്നത്തെ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിംഗ് ഉര്‍ജിത് പട്ടേലിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. മന്‍മോഹന് പ്രിയങ്കരനായ ഇതേ ഉര്‍ജിത് പട്ടേല്‍ തന്നെയാണ് മോദി പ്രധാനമന്ത്രിയായ ശേഷം ഒരു പ്രസംഗത്തില്‍ (അത്യപൂര്‍വമായി മാത്രമേ പട്ടേല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാറുള്ളൂ) ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെ വാനോളം പുകഴ്ത്തിയത്. 


മെയ്ക്ക് ഇന്‍ ഇന്ത്യ, ജന്‍ധന്‍ യോജന തുടങ്ങിയ നരേന്ദ്ര മോദിയുടെ ഇഷ്ട പദ്ധതികള്‍ രാജ്യത്ത് വന്‍മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഉര്‍ജിത് പട്ടേല്‍ കരുതുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കിനെ ചോദ്യം ചെയ്യുന്ന രാജനെപ്പോലുള്ള ഗവര്‍ണറെക്കാളും സുഗമമായ പോക്കിന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് തന്റെ നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉര്‍ജിത് പട്ടേലിനെപ്പോലുള്ള ഗവര്‍ണറെയാണെന്നതില്‍ തെറ്റ് പറയാനാകില്ല.


2013 മുതല്‍ ആര്‍ബിഐയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മോണിറ്ററി പോളിസി ആന്‍ഡ് റിസര്‍ച്ചിനെ നയിക്കുകയാണ് പട്ടേല്‍. അദ്ദേഹം അധ്യക്ഷനായ വിദഗ്ധ കമ്മിറ്റി റിപ്പോര്‍ട്ടാ(ഉര്‍ജിത് പട്ടേല്‍ കമ്മിറ്റി റിപ്പോര്‍ട്ട്)ണ് രാജ്യത്തിന്റെ ധനകാര്യ നയ ചട്ടക്കൂടിന് പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) രൂപീകരിക്കുകയെന്നതായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. 2014ല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ നിര്‍ദേശത്തിന് ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ അംഗീകാരം നല്‍കി. ധനകാര്യ നയ കമ്മിറ്റി ഉടന്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആര്‍ബിഐ. 


ആര്‍ബിഐ ഗവര്‍ണര്‍, റിസര്‍വ് ബാങ്കില്‍ നിന്നു തന്നെയുള്ള മറ്റ് രണ്ട് അംഗങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന പുറത്തു നിന്നുള്ള മൂന്ന് അംഗങ്ങള്‍ എന്നിങ്ങനെ ആറു പേരടങ്ങിയതാവും പുതിയ എംപിസി. ഈ സംവിധാനം നിലവില്‍ വരുന്നതോടുകൂടി ആര്‍ബിഐ ഗവര്‍ണറിലേക്ക് എല്ലാ തീരുമാനങ്ങളും കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ മാറും. കൂട്ടായ തീരുമാനമാകും ആര്‍ബിഐയില്‍ നിന്നുണ്ടാകുക. മറ്റൊരു പ്രധാനപ്പെട്ട കാര്യം കേന്ദ്ര സര്‍ക്കാരിന് തങ്ങളുടെ അജണ്ട ആര്‍ബിഐയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കാനുള്ള സാഹചര്യവുമുണ്ടെന്നതാണ്.


 പ്രധാനമന്ത്രി നിശ്ചയിക്കുന്ന എംപിസിയിലെ മൂന്ന് അംഗങ്ങളുടെ തീരുമാനം നിര്‍ണായകമായിത്തീരും. ഇത് ആര്‍ബിഐയുടെ സ്വതന്ത്ര സ്വഭാവത്തിന് ഗുണകരമല്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.  ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ ലക്ഷ്യങ്ങളാണ് വേണ്ടതെന്നും ഉര്‍ജിത് കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. നിലവില്‍ മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയാണ് പണപ്പെരുപ്പ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നത്. 


ഒക്‌റ്റോബറിലെ, ആര്‍ബിഐയുടെ അടുത്ത വായ്പാ പുനരവലോകന യോഗം പുതിയ മോണിറ്ററി പോളിസി കമ്മിറ്റിക്ക് കീഴിലായിരിക്കും നടക്കുകയെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഇത് സമ്മതിച്ചിട്ടുണ്ട്. പണപ്പെരുപ്പ ലക്ഷ്യം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നാല് ശതമാനമാക്കിയ വേളയിലാണ് ഉര്‍ജിത് പട്ടേല്‍ സ്ഥാനമേല്‍ക്കാന്‍ തയാറാകുന്നതെന്നതും ശ്രദ്ധേയമാണ്. ഉര്‍ജിത് പട്ടേലിന്റെ നിയമനം ആര്‍ബിഐയുടെ നയങ്ങളില്‍ തുടര്‍ച്ചയുണ്ടാക്കുമെന്ന സന്ദേശമാണ് നല്‍കുന്നതെന്നാണ് പൊതുവെ ബിസിനസ് ലോകത്തുനിന്നുള്ള വിലയിരുത്തലുകള്‍. 


രഘുറാം രാജന്റെ നയങ്ങള്‍ പിന്തുടരുന്ന സാമ്പത്തിക വിദഗ്ധനായ പട്ടേല്‍ ആര്‍ബിഐയുടെ നിലപാടുകളില്‍ കാര്യമായ മാറ്റംവരുത്താന്‍ ഇടയില്ല. സെപ്റ്റംബര്‍ നാലിന് രാജന്‍ സ്ഥാനമൊഴിയുകയും 5ന് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റെടുക്കുകയും ചെയ്യും. ആര്‍ബിഐയുടെ ധനകാര്യ നയം രൂപീകരിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു പട്ടേല്‍, അതുകൊണ്ടുതന്നെ നിലവില്‍ ആര്‍ബിഐ സ്വീകരിച്ചുപോരുന്ന നയങ്ങളില്‍ നിന്ന് കാര്യമായ വ്യതിയാനം പ്രതീക്ഷിക്കേണ്ടതില്ല. 


ആര്‍ബിഐയുടെ പണപ്പെരുപ്പ നിരക്കുകള്‍ തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു ഉര്‍ജിത് പട്ടേല്‍. അതുകൊണ്ടുതന്നെ പണപ്പെരുപ്പം നാല് ശതമാനത്തിനടുത്ത് തന്നെ തുടരണമെന്നുള്ള രാജന്റെ ആശയം തന്നെയാണ് അദ്ദേഹവും വെച്ചു പുലര്‍ത്തുന്നത്. വളരെ പ്രായോഗികപരമായ, സമ്പദ് വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന പണപ്പെരുപ്പ നിരക്കായിരുന്നു രാജന്‍ മുന്നോട്ടുവെച്ചിരുന്നത്. രാജന്‍ സ്ഥാനമൊഴിയുന്നതോടുകൂടി പണപ്പെരുപ്പ നിരക്കിന്റെ ലക്ഷ്യത്തില്‍ മാറ്റം വരുമോയെന്ന സംശയങ്ങളുയര്‍ന്നിരുന്നു. രാജ്യത്തിന്റെ ധനകാര്യനയം എങ്ങനെ തീരുമാനിക്കപ്പെടുന്നുവെന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന പട്ടേല്‍ പണപ്പെരുപ്പനിരക്കില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 


ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ക്ലീന്‍ ആക്കേണ്ട കാര്യത്തില്‍ രാജനെപ്പോലെ തന്നെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമായിരിക്കും പട്ടേലും സ്വീകരിക്കുക. ബാങ്കുകളുടെ പെരുകുന്ന കിട്ടാക്കടത്തിനെതിരെ വളരെ ശക്തമായ നിലപാടാണ് രാജന്‍ സ്വീകരിക്കുന്നത്. ഇത് ഉര്‍ജിത് പട്ടേലും തുടര്‍ന്നുപോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബാങ്കുകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് അറ്റ നിഷ്‌ക്രിയ ആസ്തി വിലയിരുത്തപ്പെടുന്നത്. ഇത് തിരിച്ചുപിടിക്കുന്നതിനായി ക്രിയാത്മകമായ നടപടികള്‍ പുതിയ ഗവര്‍ണര്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet