Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സകുടുംബം ലൈഫ് ലൈന്‍!

👤by FK Staff 🕔30-08-2016
ആലപ്പുഴ ജില്ലയിലെ പുന്നക്കുന്നത്ത് ജോസഫ് ആന്റണി -ഷൈനി ദമ്പതികളെ അധികമാര്‍ക്കും അറിയില്ലായിരിക്കാം. നാല്‍പത്തിയാറും നാല്‍പതും വയസ് പ്രായമുള്ള ഈ ദമ്പതികള്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ഒരു അനന്തരാവകാശിയെ ലഭിക്കാന്‍ നിരവധി ആശുപത്രികള്‍ ഇവര്‍ കയറിയിറങ്ങി. ഒടുവിലാണ് ഇരുവരും പത്തനംതിട്ട ജില്ലയിലെ അടൂരിലുള്ള ലൈഫ് ലൈന്‍ ആശുപത്രിയിലെത്തുന്നത്. കുട്ടികളില്ലാതെ എത്തിയ നിരവധി ദമ്പതികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നുനല്‍കിയ ആതുരാലയത്തിലേക്കാണ് ചരിത്രനിയോഗം പോലെ ഇവരെത്തിയത്. അങ്ങനെയാണ് 2013 സെപ്തംബര്‍ 11 കേരളത്തില്‍ തന്നെ എന്നും ഓര്‍മിക്കപ്പെടുന്ന ദിനങ്ങളുടെ പട്ടികയിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടത്. മധ്യതിരുവതാംകൂറിലെ  ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനമായിരുന്നു അന്നു സംഭവിച്ചത്. എംബ്രിയോസ്‌കോപ്പ് മുഖാന്തരമുള്ള ടെസ്റ്റ്റ്റിയൂബ് ചികിത്സയിലൂടെയായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള ജോസഫ് -ഷൈനി ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചത്.
അനപത്യ ദുഃഖം പേറി ജീവിച്ചിരുന്ന രാധാമണി ടീച്ചര്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് തന്റെ അമ്പത്തിയഞ്ചാം വയസിലാണ്. പ്രായമേറിയതിനാല്‍ ഗര്‍ഭധാരണശേഷിയും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെയാണ് രാധാമണി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇത്രത്തോളം പ്രായമുള്ള ഒരു സ്ത്രീക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ രണ്ടാമത്തേതുമായ സംഭവമായിരുന്നു. 

നീണ്ട കാത്തിരിപ്പിനൊടുവില്‍ 54 വയസ് പ്രായമുള്ള ശാന്തമ്മ അമ്മയായത് 2014-ലാണ്. 1995-ല്‍ വിവാഹിതരായ ശാന്തമ്മയും ഭര്‍ത്താവ് ചന്ദ്രന്‍പിള്ളയും ബെഹ്‌റിനിലായിരുന്നു താമസം. കുട്ടികളുണ്ടാകാനുള്ള നിരവധി ചികിത്സകള്‍ നടത്തി ഫലം കാണാതായപ്പോഴാണ് ഇവര്‍ കേരളത്തിലെത്തിയത്. നാട്ടിലെ ചികിത്സ ഫലം കണ്ടു. ചന്ദ്രന്‍ പിള്ള - ശാന്തമ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞിനെ ലഭിച്ചു.
ഇത്തരം സംഭവങ്ങളെയെല്ലാം കൂട്ടിയിണക്കുന്ന ഒരു കണ്ണിയുണ്ട്. ഡോ. എസ് പാപ്പച്ചന്‍ എന്ന ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഇദ്ദേഹം ദൈവതുല്യനാണ്. തന്റെ അനുഭവ സമ്പത്തും കഴിവും ഉപയോഗിച്ച് അദ്ദേഹം പടുത്തുയര്‍ത്തിയ ലൈഫ് ലൈന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നിരവധിയാളുകളാണ് ദിവസേനയെത്തുന്നത്. ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗത്തിനും പറയാനുള്ളതാകട്ടെ നിരാശയുടെ കഥകളും. എന്നാല്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി തിരിച്ചു പോകുന്നവരുടെ മുഖത്ത് പ്രതീക്ഷയുടെ കിരണങ്ങളാവും നിഴലിക്കുക. വന്ധ്യതയെന്ന കണ്ണുനീരിനെ തുടച്ചു നീക്കുകയാണ് ലൈഫ് ലൈന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. 

ഭാവി തിരിച്ചറിഞ്ഞപ്പോള്‍
പത്തനംതിട്ട ജില്ലയിലെ മങ്ങാട് കാലായില്‍ സഖറിയയുടെയും ശോശാമ്മയുടെയും മൂത്ത മകനായിരുന്നു പാപ്പച്ചന്‍. ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്ന പാപ്പച്ചനെ സംബന്ധിച്ചിടത്തോളം വീടിനടുത്തുള്ള ഡോ. ദാമോദരന്‍ എന്നും റോള്‍ മോഡലായിരുന്നു. ഡോക്ടറുടെ സൗമ്യമായ പെരുമാറ്റവും രോഗികളോടുള്ള സമീപനവും പാപ്പച്ചന്‍ എന്ന യുവാവിനെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ ചെറുപ്രായത്തില്‍ തന്നെ ഡോക്ടറുടെ കുപ്പായം പാപ്പച്ചന്റെ സ്വപ്‌നങ്ങളില്‍ ഇടംപിടിച്ചു. 

കുടുംബാംഗങ്ങളും ഒരിക്കലും അവന്റെ ആഗ്രഹത്തിന് എതിരുനിന്നില്ല. 1975-ല്‍ ബിഎസ്‌സി സുവോളജി റാങ്കോടെ പാസായ അദ്ദേഹത്തിന് മെഡിക്കല്‍ എന്‍ട്രന്‍സ് എന്ന കടമ്പ കടക്കാനും ബുദ്ധിമുട്ടുണ്ടായില്ല. എംബിബിഎസ് പഠനകാലം പാപ്പച്ചന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ കാലഘട്ടമായിരുന്നു. രോഗികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കുകയാണ് ഒരു ഡോക്ടറുടെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മരുന്നിനുമപ്പുറം സ്‌നേഹസമ്പൂര്‍ണമായ ഇടപെടലുകളിലാണ് വൈദ്യശാസ്ത്രത്തിന്റെ ശക്തിയെന്ന തിരിച്ചറിവുകളോടെയാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ആ വിദ്യാര്‍ഥി ഡോ.പാപ്പച്ചനായി സമൂഹത്തിലേക്കിറങ്ങിയ്ത.

മികച്ച ഔഷധം സ്‌നേഹസമീപനം
എംബിബിഎസിനു ശേഷം ഗൈനക്കോളജിയായിരുന്നു ഉപരിപഠനത്തിന് അദ്ദേഹം തെരഞ്ഞെടുത്തത്. ലേഡി ഡോക്ടര്‍മാര്‍ അടക്കി വാണിരുന്ന വിഷയം തെരഞ്ഞെടുത്തപ്പോള്‍ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ നിരവധി. എന്നാല്‍ താനെടുത്ത തീരുമാനത്തില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ടു പോകാന്‍ അദ്ദേഹം തയാറായിരുന്നില്ല. സ്ത്രീകളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ തനിക്കാവുന്നത് ചെയ്യുകയെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. 

പഠനം പൂര്‍ത്തിയാക്കി 1984-ലാണ് ഡോ. പാപ്പച്ചന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവര്‍ത്തനമണ്ഡലം. തികച്ചും സാധാരണക്കാരായ പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം പാപ്പച്ചന്‍ ഡോക്ടര്‍  പ്രിയങ്കരനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തങ്ങള്‍ക്കു ലഭിച്ചത് നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായി. രോഗികളുമായി അടുത്തിടപഴകാന്‍ അദ്ദേഹത്തിനു ലഭിച്ച മികച്ച അവസരം കൂടിയായിരുന്നു ഇത്. 

തന്റെ ജോലിയുടെ ആദ്യ ഇരുപത്തിയഞ്ച് വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു ഡോ. പാപ്പച്ചന്‍ ജോലി ചെയ്തത്. വര്‍ധിക്കുന്ന ജനസംഖ്യ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വന്ധ്യംകരണ പദ്ധതി ആവിഷ്‌കരിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്. നാടിന്റെ വികസനത്തിന് ജനസംഖ്യ പിടിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഡോ.പാപ്പച്ചന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഇതിനായി നിരവധി ക്യാമ്പുകള്‍ അദ്ദേഹം സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി അന്‍പതിനായിരത്തോളം വന്ധ്യംകരണ ശസ്ത്രക്രിയകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. പിന്നീടുള്ള പത്തുവര്‍ഷത്തിനുള്ളിലാണ് വന്ധ്യതയുള്ള നിരവധിപ്പേര്‍ കേരളത്തിലുമുണ്ടെന്ന യാഥാര്‍ഥ്യം പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചാ വിഷയമാകുന്നത്. 
തന്റെ ജോലിക്കിടെ വന്ധ്യത മൂലം സമൂഹത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരുന്ന നിരവധി ദമ്പതികളെ അദ്ദേഹം കണ്ടെത്തി. അവരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ തന്റെ തൊഴില്‍മേഖല അദ്ദേഹത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു. ഒരു കുഞ്ഞിന് ജന്മം നല്‍കാനാവാത്തതിന്റെ പേരില്‍ വീട്ടിലും നാട്ടിലും ഒറ്റപ്പെട്ടു പോയവര്‍, ഗര്‍ഭം ധരിക്കാത്തതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ തുടങ്ങി നിരവധിപ്പേരുടെ ദുരിത പൂര്‍ണമായ ജീവിതം അദ്ദേഹം അടുത്തറിഞ്ഞു. ക്ലാസിലെ പഠനത്തിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളായിരുന്നു ഇത്തരം അനുഭവം പകര്‍ന്നു നല്‍കിയത്.

കാലം കഴിയുന്തോറും കേരളത്തില്‍ വന്ധ്യതാ നിരക്ക് വര്‍ധിച്ചുവരികയാണെന്ന് വൈകാതെ തന്നെ ഡോ.പാപ്പച്ചന്‍ മനസിലാക്കി. വന്ധ്യതാനിവാരണത്തിന് വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികള്‍ കുറവാണെന്നതിനാല്‍ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ കാഴ്ചകള്‍ ദയനീയമായിരുന്നു. ഇതായിരുന്നു എല്ലാവരും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിന്നീട് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വന്ധ്യത എന്ന ദുഃഖം തുടച്ചുനീക്കാന്‍ വേണ്ടി ഈ മേഖലയില്‍ നൂതന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം സ്വന്തമായൊരു വന്ധ്യതാ ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. വിദേശത്തു പോയി വന്ധ്യതാ ചികിത്സയില്‍ ഉന്നതപഠനവും തുടര്‍ന്ന് പരിശീലനവും നേടി. 

സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു
വന്ധ്യത മൂലം ദുഃഖം അനുഭവിക്കുന്നവരെ ഈ ദുഃഖത്തില്‍ നിന്നു കര കയറ്റുകയെന്ന ലക്ഷ്യവുമായി 2005-ല്‍ അദ്ദേഹം തന്റെ സ്വപ്‌നത്തിന് ജീവന്‍ നല്‍കി. അടൂര്‍-കായംകുളം റൂട്ടിലെ പതിനാലാം മൈലില്‍ തലയെടുപ്പോടെ ഒരു ചികിത്സാ കേന്ദ്രം ഉയര്‍ന്നുവന്നു. പിന്നീടുള്ള നാളുകളില്‍ ലൈഫ് ലൈന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയ നിരവധി കുടുംബങ്ങള്‍ക്കു സാന്ത്വനം പകരുകയായിരുന്നു. 

മധ്യതിരുവതാംകൂറില്‍ ആദ്യമായി ഒരു ടെസ്റ്റ്റ്റിയൂബ് ശിശു പിറക്കുന്നതിന് ലൈഫ്‌ലൈന്‍ കാരണമായതും അങ്ങനെയായിരുന്നു. വന്ധ്യതയുള്ള കുടുംബങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അവരുടെ ദുഃഖങ്ങളും നേരിട്ടറിയാമായിരുന്ന ഡോ. പാപ്പച്ചനെ അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് തന്റെ മനസാക്ഷി തന്നെയായിരുന്നു. ഒരു കുടുംബത്തിനെങ്കിലും ആശ്വാസം പകര്‍ന്നു നല്‍കുകയെന്നത് നമ്മുടെ ജീവിതത്തില്‍ ചെയ്യാനാവുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ്. പറയുമ്പോള്‍ ഡോ.പാപ്പച്ചന്റെ വാക്കുകളില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമായിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് പുതുജീവിതം സമ്മാനിക്കാനായതിന്റെ സന്തോഷം നിഴലിക്കുന്നു.

പുതുതലമുറയില്‍ വന്ധ്യത വര്‍ധിക്കുന്നു
മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതു തലമുറയില്‍  വന്ധ്യത വര്‍ധിച്ചു വരികയാണെന്ന് ഡോ.പാപ്പച്ചന്‍ അഭിപ്രായപ്പെടുന്നു. ഫാസ്റ്റ് ഫുഡിനെ മാത്രം ആശ്രയിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വൈകിയുള്ള വിവാഹവും കുട്ടികളുണ്ടാകാന്‍ പലപ്പോഴും തടസമാകുന്നു. ദിനംപ്രതിയുള്ള വ്യായാമ സമയം വര്‍ധിപ്പിക്കുന്നതിലൂടെ വന്ധ്യത ഒരു പരിധി വരെ ഇല്ലാതാക്കാനാവും. പൊണ്ണത്തടി വരാതെ ശരീരം സൂക്ഷിക്കണം. ഭക്ഷണക്രമത്തില്‍ നിന്ന് മാംസം ഒഴിവാക്കി സസ്യാഹാരം ഉള്‍പ്പെടുത്തേണ്ടതും അനിവാര്യമാണ്. ഡോ. പാപ്പച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കില്‍, അവര്‍ക്ക് മിടുക്കരായ കുട്ടികളുണ്ടാകണമെങ്കില്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിച്ചാലും പലപ്പോഴും ഇതൊന്നും ഫലം കാണാതെ വരുമ്പോള്‍ നാടിന് ആവശ്യമാണ് പാപ്പച്ചനെപ്പോലുള്ള ഡോക്ടര്‍മാരുടെ വിലമതിക്കാനാവാത്ത സേവനം. അടൂര്‍ എന്ന നാമം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മലയാള സിനിമയ്ക്ക് ആ നാട് നല്‍കിയ സംഭാവനകള്‍ അത്രയധികമാണ്. ഈ നാട് വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടുന്നത് ഈ ആതുരാലയത്തിന്റെ കൂടി പേരിലാവട്ടെ.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet