Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

പ്രൊഫൗണ്ടിസിന്റെ യുഎസ് കോണ്‍ടാക്ട്

👤by FK Staff 🕔30-08-2016
ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളെജില്‍ 2006-ബാച്ചില്‍ ബിരുദ പഠനത്തിനെത്തിയ ജിതിന്‍ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിന്‍ സാം ഉമ്മന്‍, അര്‍ജുന്‍ ആര്‍ പിള്ള എന്നിവരടങ്ങിയ നാല്‍വര്‍ സംഘം ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ സന്തോഷത്തിലാണ്. കോളെജ് പഠന കാലത്തു തുടങ്ങിയ സൗഹൃദം ഇന്ന് പ്രൊഫൗണ്ടിസ് എന്ന കമ്പനിയില്‍ വരെ എത്തിനില്‍ക്കുന്നു. കലാലയകാലത്ത് ലഭിച്ചിരുന്ന ചെറിയവര്‍ക്കുകള്‍ ഒരുമിച്ചുചെയ്താണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. 

2008-2009 കാലഘട്ടത്തില്‍ ഒരുമിച്ച് ഒരു ചെറിയ സ്റ്റാര്‍ട്ടപ്പിന് ആരംഭംകുറിച്ചു. സ്റ്റാര്‍ട്ടപ്പെന്നു വിളിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ഒന്നായിരുന്നു തങ്ങളുടെ തുടക്കസംരംഭമെന്നാണ് ഇവര്‍ പറയുന്നത്. വെബ് ആപ്ലിക്കേഷനും വെബ്‌സൈറ്റുമൊക്കെ ഉണ്ടാക്കുന്ന ഒരു ചെറിയ സംരംഭമായിരുന്നു അത്. 2010-ല്‍ ബിരുദം നേടിയ ശേഷം ഈ രംഗത്തേക്കുറിച്ചുളള പ്രായോഗിക അറിവ് നേടുകയെന്ന ലക്ഷ്യവുമായി എല്ലാവരും വിവിധ കമ്പനികളില്‍ ജോലികളില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷം തുടര്‍ന്ന ശേഷം 2012 ജൂണില്‍ ജോലി രാജിവച്ചു. കേരളത്തിലേക്കെത്തിയ ഇവര്‍ ഒന്നുചേര്‍ന്ന് പ്രൊഫൗണ്ടിസ് എന്ന കമ്പനിക്ക് സ്ഥാപിക്കുകയായിരുന്നു. 

ഏതൊരു സ്റ്റാര്‍ട്ടപ്പിനും തുടക്കമിടുകയെന്നത് എളുപ്പമാണെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് ബുദ്ധിമുട്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംരംഭകത്വത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവര്‍ക്കുണ്ടാകുന്ന എല്ലാ പാളിച്ചകളും തങ്ങള്‍ക്കുമുണ്ടായിരുന്നുവെന്നു തുറന്നു പറയുമ്പോഴും തെറ്റുകള്‍ വരുത്തിയും തിരുത്തിയും തന്നെയാണ് വിജയത്തിലേക്കെത്തിയതെന്ന് ഈ നാല്‍വര്‍ സംഘം ഓര്‍മിക്കുന്നു. തങ്ങളുടെ ആശയത്തില്‍ ഉരുതിരിഞ്ഞ രണ്ടു പദ്ധതികള്‍ വിജയം കാണാതെവന്നപ്പോഴും ഇവര്‍ തളര്‍ന്നില്ല. പിന്നീടൊരു ഉല്‍പ്പന്നം ഉചിതമായി മാര്‍ക്കറ്റ് ചെയ്യുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്‌തെങ്കിലും വരുമാനം കണ്ടെത്തുന്നതില്‍ ഈ ദൗത്യവും ദയനീയമായി പരാജയപ്പെട്ടു. 

അങ്ങനെ മൂന്നാമത്തെ ചുവടുവയ്പ്പും ലക്ഷ്യംകാണാതെവന്നതോടെ നാലാമത്തെ ശ്രമത്തില്‍ ഈ നാല്‍വര്‍ സംഘത്തിന്റെ ഭാഗ്യം തെളിഞ്ഞു. മൂന്നാമത്തെ ഉല്‍പ്പന്നത്തിനായുള്ള  പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നേരിട്ട പ്രശ്‌നത്തിന് (സങ്കീര്‍ണ്ണമായ സെര്‍ച്ചിങ്ങ്) കണ്ടണ്ടെത്തിയ പരിഹാരമാണ് നാലാമത്തെ ഉല്‍പ്പന്നമായി മാറിയത്. ഇങ്ങനെയാണ് വൈബ് (വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങള്‍ അതിവേഗം നല്‍കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം) എന്ന പുതിയ ഉല്‍പ്പന്നം ഇവര്‍ പുറത്തിറക്കിയത്. ''വൈബ് ആരംഭിച്ചതിനുശേഷം ഞങ്ങള്‍ ഒരു മിഷനിലായിരുന്നെന്നു തന്നെ പറയാം. ഇതിനാകട്ടെ ജനങ്ങളുടെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. 2014 ഫെബ്രുവരിയില്‍ വൈബ് ലോഞ്ചു ചെയ്തപ്പോള്‍ മുതല്‍ ആളുകള്‍ ഇതു ശ്രദ്ധിക്കുകയും നിരവധിപ്പേര്‍ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. 2015 ഓടെ നിക്ഷേപം കൊണ്ടുവരികയും ടീമിനെ ചെറുതായി വിപുലീകരിക്കുകയും ചെയ്തു. പിന്നീട് ആ വളര്‍ച്ച കൂടിവന്നു,'' പ്രൊഫൗണ്ടിസ് സഹസ്ഥാപകനും സിഇഒയുമായ അര്‍ജുന്‍ പറയുന്നു.

ഇതിനിടയില്‍ പുറത്തുനിന്നുളള നിക്ഷേപകരില്‍ നിന്ന് ഫണ്ടിംഗിനു തുടക്കമിട്ടിരുന്നു. എല്ലാ നിക്ഷേപകരും മലയാളികളായിരുന്നു. ഇപ്പോള്‍ വൈബിന് ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. 200-ലധികം കമ്പനികള്‍ വൈബ് ഉപയോഗിക്കുന്നു. 2012-ല്‍ നാലുപേര്‍ ചേര്‍ന്നു തുടങ്ങിയ കമ്പനിയില്‍ ഇപ്പോള്‍ 72 പേരാണുള്ളത്. നാല് എന്ന സംഖ്യക്ക് ഈ യുവസംഘവുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കമ്പനി തുടങ്ങി നാലു വര്‍ഷത്തിനിപ്പുറം പ്രൊഫൗണ്ടിസിന് പുതിയൊരു വഴിത്തിരിവുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രൊഫൗണ്ടിസിന്റെ പങ്കാളികളായിരുന്നു ഫുള്‍ കോണ്‍ടാക്ട് എന്ന അമേരിക്കന്‍ ആസ്ഥാനമായ കമ്പനി. ഒരു കമ്പനിയെന്ന നിലയില്‍ പ്രൊഫൗണ്ടിസിന്റെയും ഫുള്‍ കോണ്‍ടാക്ടിന്റെയും വാല്യു സിസ്റ്റം വളരെ ചേര്‍ന്നുപോകുന്നതായിരുന്നു. 

അങ്ങനെ ഫുള്‍കോണ്‍ടാക്ടിന്റെ സഹസ്ഥാപകനും
സിഇഒയുമായ ബാര്‍ട്ട് ലോറാങ്  ലയനത്തെക്കുറിച്ച്  തങ്ങളോട് സംസാരിക്കുന്നതെന്ന് അര്‍ജുന്‍ പറയുന്നു. ലയനം എന്ന ആശയം ഞങ്ങള്‍ക്ക് വളരെ പോസിറ്റീവായി തോന്നുകയും കഴിഞ്ഞ ഫെബ്രുവരി മുതല്‍ അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു. അങ്ങനെ കേരളത്തില്‍ ആദ്യമായി ഒരു പ്രൊഡക്ട് കമ്പനി യുഎസ് ആസ്ഥാനമായ കമ്പനിയുമായി ലയിച്ചു. അര്‍ജുന്‍ കമ്പനിയുടെ ലയന വഴികള്‍ പറയുന്നു.

വൈബ് ഒരു വ്യക്തിയെയൊ കമ്പനിയെയോ കുറിച്ചുളള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഒരുമിച്ചു കൊണ്ടുവന്ന് ഒരു കമ്പനിക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഒരാളെ ഒരു കമ്പനിയിലേക്ക് നിയമിക്കുമ്പോള്‍ ആ വ്യക്തി ആരാണ്, ആ ആളുടെ കമ്പനി എന്താണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നതിലൂടെയാണ് വൈബ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുളള വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി ഒരുപാ
ട് സ്ഥലങ്ങളില്‍ പോകുന്നതിനുപകരം ഇവിടങ്ങളിലെല്ലാം ലഭ്യമാകുന്ന വിവരങ്ങള്‍ ഒന്നിച്ചു കൊണ്ടുവന്നു നല്‍കുകയാണ് വൈബ് ചെയ്യുന്നത്. ലോകത്തിലെവിടെ നിന്നും വൈബ് വഴി  ഇത്തരം വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. 

''ഫുള്‍കോണ്‍ടാക്ടുമായുളള ലയനം സാധ്യമായതിന്റെ കാരണം ഞങ്ങളുടെ ഡാറ്റകളുടെ ഗുണനിലവാരം വളരെ മികച്ചതാണെന്നുളളത് തന്നെയാണ്. ടെക്‌നോളജി അല്‍ഗോരിതവും ഡേറ്റാ റിസേര്‍ച്ച് ടീമിന്റെ കാര്യക്ഷമതയും കൂടെ ഒന്നിച്ചുചേര്‍ത്തുളള ഒരു മോഡലിലാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. അത് ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച മോഡലായും അത് മാറും. ഞങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഒരു സ്രോതസ്സില്‍ നിന്ന് മാത്രം എടുക്കുന്നതല്ല. ലഭിക്കുന്ന വിവരങ്ങള്‍ എല്ലാം കണ്ടെത്തി അത് തമ്മില്‍ താരതമ്യം ചെയ്ത് സ്ഥിരീകരിച്ചതിന് ശേഷമാണ് ഉപഭോക്താവിന് നല്‍കുന്നത്. 95 ശതമാനം കൃത്യമായ വിവരങ്ങളാണ് ഞങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നത്,''അര്‍ജ്ജുന്‍ പറയുന്നു.
അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ ഡെന്‍വര്‍ എന്ന സ്ഥലത്താണ് ഫുള്‍ കോണ്‍ടാക്ടിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ മാറ്റം കൊണ്ടുവരാനാവുന്ന ഒരു പദ്ധതിയായാണ് ഈ ലയനത്തെ തങ്ങള്‍ കാണുന്നതെന്ന് പ്രൊഫൗണ്ടിസിന്റെ മറ്റൊരു സഹസ്ഥാപകനും സിഇഒയുമായ നിതിന്‍ പറയുന്നു. കേരളത്തില്‍ 2012-ല്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സ്ഥലമെടുത്ത ഞങ്ങള്‍ നമ്മുടെ നാട്ടില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ലഭിച്ച പ്രാദേശിക അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സ്ഥാപനത്തിനു തുടക്കമിട്ടത്. ഇപ്പോള്‍ ഞങ്ങളോടൊപ്പമുളള 72 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കമ്പനിയുടെ ടാലന്റ് മുഴുവന്‍ കേരളത്തിലാണ്. ഇതോടൊപ്പം കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവരും മലയാളികളാണ്. പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ പ്രശസ്തമായ ഒരു ഉല്‍പ്പന്നം രൂപപ്പെടുത്തുകയാണ് ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് ഫുള്‍ കോണ്‍ടാക്ടുമായി ലയിച്ചത്. ഞങ്ങളെപ്പോലുള്ള യുവാക്കള്‍ക്ക് കഴിഞ്ഞെങ്കില്‍ ബാക്കിയുളളവര്‍ക്കും ഇത് സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം, നിതിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

നമ്മുടെ നാട്ടില്‍ നിരവധി നിക്ഷേപക സംഗമങ്ങള്‍ പല പേരില്‍ നടത്തപ്പെടാറുണ്ട്. ഒരു മീറ്റ് നടത്തി കുറച്ച് കമ്പനികളെ ഇവിടേക്ക് എത്തിക്കുന്നതിന് പകരം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയും പറയുന്നതുപോലെ  ജോലി തേടി പോകുന്നവര്‍ എന്ന നിലയില്‍ നിന്ന് ജോലി സൃഷ്ടിക്കുന്നവര്‍ എന്നതിലേക്ക് നാം മാറണമെന്ന് ഈ യുവാക്കള്‍ പറയുന്നു.  യാതൊരു ബിസിനസ് പശ്ചാത്തലവും ഇല്ലാത്തവര്‍  ചേര്‍ന്ന് തുടങ്ങിയ കമ്പനിയില്‍ ഇന്ന് നിരവധിപ്പേര്‍ ജോലി ചെയ്യുന്നു എന്നത് തന്നെയാണ് ഈ നാലുപേരെയും ഇന്ന് ആഹ്ലാദവാന്‍മാരാക്കുന്നത്. തങ്ങള്‍ മുഖേന ഒരു യു എസ് കമ്പനി ഇവിടേക്ക് വരുകയും ഇതിലൂടെ ആയിരക്കണക്കിന് ആളുകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപി
പ്പിക്കാന്‍ കഴിയുന്നു എന്നതുമാണ് ഇവര്‍ കണ്ടെത്തുന്ന വിജയം. 

''ഞങ്ങളുടെ സ്ഥാപമുണ്ടാക്കുന്ന മാറ്റം കണ്ട് ഇവിടെ നിരവധി ചെറുപ്പക്കാര്‍ കമ്പനികള്‍ ആരംഭിക്കുകയും ഇത്തരം കൂടുതല്‍ ലയനങ്ങള്‍ക്കുളള സാധ്യതയായി ഇതു മാറുകയും ചെയ്യണമെന്നാണ് ആഗ്രഹം. ബംഗളൂരുവിലെയോ മുംബൈയിലെയോ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടേത് വളരെ ചെറിയ ഘട്ടത്തിലാണ് ഇപ്പോഴുമുള്ളതെന്നു പറയാതിരിക്കാനാവില്ല.  പക്ഷെ കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമായ ടാലന്റ് പൂള്‍ വളരെ വലുതാണ്. ഞങ്ങള്‍ ഇത് ആരംഭിക്കുമ്പോള്‍ നോക്കികാണാനുളള മാതൃകകള്‍ വളരെ കുറവായിരുന്നു. പറഞ്ഞുതരാനും ഗൈഡ് ചെയ്യാനുമൊന്നും അധികമാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നോട്ട് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കൂടുതല്‍ മികച്ചതാക്കാന്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഞങ്ങള്‍ ഉറപ്പുതരികയാണ്. ഞങ്ങളുടെ ഈ ലയന
വാര്‍ത്ത ഏതെങ്കിലും രീതിയിലുളളൊരു പോസിറ്റിവിറ്റി ഇക്കോസിസ്റ്റത്തിന് നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബിസിനസ്സ് തുടങ്ങുന്നത് ഒരു നല്ല കാര്യമായി കരുതാതിരുന്ന ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നു. ഒരുപാട് പണമുളളവര്‍ക്കു മാത്രമാണ് ബിസിനസ്സ് ആരംഭിക്കാന്‍ കഴിയുക എന്ന ചിന്ത ഇവിടുണ്ടായിരുന്നു. ഞങ്ങള്‍ക്ക് സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് ഇത്രയും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഞങ്ങളുടെ എത്രയോ ഇരട്ടി ചെയ്യാന്‍ പ്രാപ്
തരായവര്‍ ഇവിടെയുണ്ട് എന്നത് നമ്മുക്ക് ചിന്തിക്കാവുന്നതേ ഉളളു'', നിതിന്റെ വാക്കുകളില്‍ പ്രചോദനം നിറയുന്നു.

ഫണ്ട് കൊണ്ടുവരിക എന്ന ആവശ്യത്തെ നേരിടാന്‍ വേണ്ടിയല്ല പ്രൊഫൗണ്ടിസ് എന്ന കമ്പനി ഫുള്‍കോണ്‍ടാക്ടുമായി ലയിച്ചതെന്ന് അര്‍ജ്ജുന്‍ പറയുമ്പോള്‍ അതിന് കാരണമായി ഒരു സ്ട്രാറ്റജിക് വസ്തുതയാണ് അവര്‍ ഉയര്‍ത്തികാട്ടുന്നത്. പ്രൊഫൗണ്ടിസ് ഒറ്റയ്ക്ക് മുന്നോട്ടുപോയാല്‍ ഇപ്പോള്‍ 72 എന്നുളള ഞങ്ങളുടെ സ്‌കെയ്‌ലിങ്ങ് ഒരു 100, 150, 300 എന്ന രീതിയില്‍ പോകും ഫുള്‍കോണ്‍ടാക്ടിനൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന് വളരെയധികം വേഗത കൂട്ടാന്‍ കഴിയും. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുളള്‍ 72 എന്നുളളത് ആയിരകണക്കിനാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതാണ് ഈ ലയനത്തിന് പിന്നിലെ ലക്ഷ്യവും. ''സാധാരണ ലയനങ്ങളില്‍ കാണുന്നതുപോലെ എല്ലാവരേയും പിരിച്ചുവിട്ടുകൊണ്ടുളള ഒരു ലയനമല്ല ഇവിടെയുണ്ടാകുന്നത്. പ്രൊഫൗണ്ടിസിലെ എല്ലാ ജീവനക്കാരും ഫുള്‍കോണ്‍ടാക്ടിലെ ജീവനക്കാരായി മാറിക്കഴിഞ്ഞു. ലയനവും ഫണ്ട് റെയ്‌സിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ട് തരത്തില്‍ ശക്തരായി നില്‍ക്കുന്ന കമ്പനികള്‍ ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലം മറ്റേതൊരു രീതിയില്‍ മുന്നോട്ടുപോകുന്നതിനേക്കാളും വലുതായിരിക്കും. ഫുള്‍കോണ്‍ടാക്ടിന് വളരെ മികച്ച വിപണി സാന്നിധ്യമുണ്ട്. വൈബിന് ഒരുപാട് ഡാറ്റാ കേപ്പബിളിറ്റിയുണ്ട്. ഈ ഡാറ്റാ കേപ്പബിളിറ്റിയും വിപണി സാന്നിധ്യവും ഒന്നിക്കുമ്പോള്‍ അതു കൂടുതല്‍ വലുതാകും,'' അര്‍ജുന്‍ പറയുന്നു.

സാമ്പത്തികമായി വലിയൊരു പിന്തുണയോടെയൊന്നുമായിരുന്നില്ല തങ്ങള്‍ കമ്പനി ആരംഭിച്ചതെന്ന് അര്‍ജ്ജുന്‍ ഓര്‍ത്തെടുക്കുന്നു. രണ്ട് വര്‍ഷം നാലുപേര്‍ ജോലിചെയ്തതില്‍ നിന്ന് മിച്ചംപി
ടിച്ച പണം ഉപയോഗിച്ചായിരുന്നു തുടക്കം. അവിടെനിന്ന് വളരെ പതുക്കെയായിരുന്നു പ്രാരംഭഘട്ട വളര്‍ച്ച. ''സ്റ്റാര്‍ട്ടപ്പ് എന്നും ഒരു വെല്ലുവിളി തന്നെയാണ്. എല്ലാ ദിവസവും എന്തെങ്കിലുമൊരു പ്രശ്‌നം നേരിടേണ്ടതായി വരും. ഞങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഒന്ന് ഫണ്ട് റെയ്‌സിങ്ങ് തന്നെയായിരുന്നു. അത് കേരളത്തില്‍ മാത്രമല്ല ലോകത്തിലെവിടേയും പ്രതിസന്ധിയായി നി
ല്‍ക്കുന്ന കാര്യംതന്നെയാണ്. രണ്ടാമത്തെ വലിയൊരു യത്‌നം ശരിയായ ആളുകളെ തെരഞ്ഞെടുക്കുക എന്നതാണ്. നമ്മുടെ നാട്ടില്‍ ഒരുപാട് എന്‍ജിനിയര്‍മാരും എംസിഎകാരുമെല്ലാം ഉണ്ടെങ്കില്‍കൂടെ ഗുണനിലവാരം ഉളളവര്‍ കുറവാണ് എന്നത് വാസ്തവമാണ്. ചില സമയങ്ങളില്‍ ഏഴുമാസത്തോളം പിന്തുടര്‍ന്നിട്ടാണ് ഒരാളെ നിയമിക്കുന്നത്. ഒരിക്കല്‍ ആയിരത്തിലധികം ബയോഡാറ്റകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഒരാളാണ്. മറ്റൊന്ന് ഇവിടെ നിന്നുകൊണ്ടു യുഎസ് പോലുളള ഒരു കമ്പനിക്ക് ഞങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുക എന്നത് വെല്ലുവിളിയായിരുന്നു. ബി ടു ബി ബിസിനസ്സിന് ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവരും,'' അര്‍ജുന്‍ പറയുന്നു .

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സാഹചര്യം വളരെയധികം പുരോഗമിക്കുന്നുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. നാലുവര്‍ഷം മുന്‍പ് മാത്രം പ്രസിദ്ധമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് എന്ന രീതി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വളരെയധികം പുരോഗതി കൈവരിച്ചു എന്ന തോന്നല്‍ ഇവര്‍ ശക്തമായി പ്രകടിപ്പിക്കുന്നു. ഒരാള്‍ വന്നുപറയുന്ന ആശയത്തില്‍പോലും പണ്ടുണ്ടായിരുന്നതില്‍ നിന്ന് ഒരുപാട് മാറ്റം സംഭവിച്ചിട്ടുളളതായി മനസ്സിലാക്കാന്‍ സാധിക്കും. ഇപ്പോള്‍ നിക്ഷേപങ്ങളും വന്നുതുടങ്ങുന്നുണ്ട്. ഇതെല്ലാം അനുകൂല മാറ്റങ്ങളാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ''എല്ലാ സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാനും ആദ്യത്തെ ഒരു ചെറിയ വിഭാഗം ഉപഭോക്താക്കളെ കണ്ടെത്താനും എളുപ്പമായിരിക്കും എന്നാല്‍ അത് കൂടുതലായി ഉയര്‍ത്താന്‍ ബൂദ്ധിമുട്ട് നേരിടും. അങ്ങനെവരുമ്പോഴാണ് മെന്ററിംഗ് ആവശ്യമായിവരുന്നത്. ആ സാഹചര്യത്തെ എങ്ങനെ മറികടക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ആളുകള്‍  ഉണ്ട്. കേരളത്തില്‍ അതൊരുപക്ഷെ കുറവായിരിക്കും. പക്ഷെ യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളില്‍ പോയി ഇത്തരം ആളുകളുമായി സമയം ചിലവഴിക്കുമ്പോള്‍ തന്നെ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും,'' വിജയവഴികള്‍ പറഞ്ഞുകൊടുക്കാന്‍ ഇവര്‍ക്ക് സന്തോഷം മാത്രം. 

സര്‍ക്കാരിന്റെയും ബ്യൂറോക്രാറ്റുകളുടേയും പിന്തുണ എടുത്തുപറയുമ്പോള്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കാത്ത പിന്തുണയും ആനുകൂല്യങ്ങളുമാണ് കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ നിസംശയം പറയുന്നു. ഇപ്പോള്‍ ഉളള സ്റ്റാര്‍ട്ടപ്പ് നയങ്ങളെല്ലാം കേരളത്തിലെ സ്റ്റാര്‍ട്ടപ്പിനെ മുന്നോട്ട് നയിക്കുന്നതാണെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ വിജയം സാധ്യമാകുമെന്നുമാണ് പ്രൊഫൗണ്ടിസ് സ്ഥാപകരുടെ വിശ്വാസം.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet