Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

മലയാളികള്‍ മാനസിക രോഗത്തിന് അടിമകളോ?

👤by സുധീര്‍ ബാബു 🕔26-8-2016
മലയാളി വികലമായ ഒരു മാനസികാവസ്ഥയുടെ പിടിയിലാണ്. മണിച്ചിത്രത്താഴ് സിനിമയില്‍ ശോഭനഅവതരിപ്പിച്ച കഥാപാത്രത്തിന്റെ അവസ്ഥ. തനിക്കാണ് പ്രശ്‌നം എന്ന് തിരിച്ചറിയാനാവാതെ അന്യന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന മാനസിക വിഭ്രാന്തി. പ്രശ്‌നമാണെന്ന് അറിഞ്ഞിട്ടും അത് പരിഹരിക്കാന്‍ ശ്രമിക്കാതെ വിവാദങ്ങള്‍ സൃഷ്ടിച്ച് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് സായൂജ്യമടയുന്ന മാനസിക രോഗം

കേരളത്തിന്റെ മനഃശാസ്ത്രം വ്യത്യസ്തമാണ്. എല്ലാം അറിയുകയും എന്നാല്‍ ഒന്നുമറിയുകയുമില്ലാത്ത തികച്ചും വ്യത്യസ്ത ചിന്തകര്‍. ലോകത്തിന്റെ ഏതു കോണിലും മലയാളിയുണ്ട്. ലോകത്തെ ഏതൊരു നേട്ടത്തിനു പിന്നിലും മലയാളിയുടെ സാന്നിധ്യമുണ്ട്. സര്‍വ്വവ്യാപനശേഷിയും അസാധാരണ ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനത. പക്ഷേ, കുശവന്‍ ഓട്ടക്കലത്തിലേ കഞ്ഞിവെക്കൂ എന്നു പറഞ്ഞ പോലൊരു അവസ്ഥയിലാണിന്ന് വിശ്വപ്രസിദ്ധനായ മലയാളി.


റോഡിലെ കുഴി എത്രനാള്‍ നികത്താതെ കിടന്നാലും നാം തിരിഞ്ഞുനോക്കില്ല. കുഴി മൂടണമെങ്കില്‍ അതില്‍ വീണ് ആരെങ്കിലും വീരമൃത്യു വരിക്കണം. മരണം നാം ആഘോഷമാക്കുകയായി. വഴി തടയല്‍, കവല പ്രസംഗം, ചാനലുകളിലെ അന്തിചര്‍ച്ച, പത്രങ്ങളിലെ ലേഖനങ്ങള്‍ എന്നിവ പിന്നാലെ. നഷ്ടം മരിച്ചവനും കുടുംബത്തിനും മാത്രം. അടുത്ത വിവാദമെത്തുമ്പോള്‍ ഇതു മറന്ന് അതിലേക്ക്. ആരെങ്കിലും മരിക്കണം റോഡിലെ കുഴി നികത്താന്‍ എന്ന അവസ്ഥ. 
റോഡിന്റെ ശോച്യാവസ്ഥ തന്നെയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നത് നമുക്കറിയാഞ്ഞിട്ടല്ല. ഇതിന് തീഷ്ണബുദ്ധിയുടെ ആവശ്യമോ അന്താരാഷ്ട്ര അവലോകനങ്ങളോ വേണ്ട. വളരെ വികലമായ ഒരു മാനസികാവസ്ഥയ്ക്ക് അടിമയാണ് നമ്മള്‍ എന്നത് നാം തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 


മനുഷ്യന്റെ ജീവന് വില കല്‍പ്പിക്കുന്ന ആദരിക്കുന്ന ഒരു സാമൂഹ്യ ഘടന (Social System) നമുക്കില്ല. പ്രശ്‌നങ്ങള്‍ സംഭവിച്ച് കഴിഞ്ഞേ നാം അവ പരിഹരിക്കുകയുള്ളൂ. പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ മുന്‍കരുതലുകളെടുക്കാന്‍ നമുക്കറിയില്ല. കേരളത്തില്‍ നിക്ഷേപത്തിനായെത്തുന്ന ഒരു വ്യക്തിയെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം കൊണ്ടുപോയാല്‍ മതി. പിന്നെ അയാള്‍ ജീവനില്‍ പേടിച്ച് ഇങ്ങോട്ട് വരില്ല. ഹൈവേയുടെ ചില ഭാഗങ്ങളില്‍ ടൈല്‍സ് വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കിലോമീറ്ററുകളോളം തകര്‍ന്നു കിടക്കുന്ന ഹൈവേയില്‍ 25 മീറ്റര്‍ ഭാഗം ടൈലിട്ട് അതിന്റെ ഉദ്ഘാടനം നാം നടത്തും. 


റോഡിന്റെ സംരക്ഷണം ചുമതലയായിരിക്കെ അതു ചെയ്യുന്നതിനും ബഹുമതി എടുക്കുന്ന പ്രത്യേക മാനസികാവസ്ഥ ലോകത്ത് നമുക്കേ കാണൂ. മറ്റുള്ളവര്‍ അപകടത്തില്‍പ്പെടും എന്ന തീര്‍ച്ചയായ അറിവുണ്ടായിട്ടും അതു തടുക്കാന്‍ ശ്രമിക്കാത്ത ക്രിമിനല്‍ മാനസികാവസ്ഥയുടെ അടിമകളായി നാം മാറുന്നുണ്ടോ?  കേരളത്തിലെ ചികിത്സാരംഗത്ത് സമൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകള്‍ കൂണു പോലെ മുളയ്ക്കുന്നു. ആധുനിക ചികിത്സാ രീതികള്‍ മലയാളിക്കും ലഭ്യമാകുന്നു. അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തന്നെ. ആശുപത്രികള്‍ കൂടുമ്പോള്‍ അതിനര്‍ത്ഥം ആരോഗ്യം തകരുന്നു എന്നതാണോ എന്നൊരു സംശയം. ആരോഗ്യം തകര്‍ന്നാലും നമ്മള്‍ സംതൃപ്തരാണ്. കാരണം വികസനത്തിന്റെ നമ്മുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ആരോഗ്യമല്ല നമ്മളെ സംബന്ധിച്ച് വികസനം. ചികിത്സയാണ് വികസനം- മലയാളിയുടെ മാനസികസ്ഥിതിയില്‍ സംഭവിച്ച മറ്റൊരു മാറ്റം. 


ഒരു ജനതയുടെ ആരോഗ്യത്തെ തകര്‍ത്തുകൊണ്ട് കച്ചവടം ചെയ്യുന്നതാണോ നീതിയും ധര്‍മ്മവും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പടര്‍ന്നു കിടക്കുന്നത് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ 338 മദ്യഷോപ്പുകള്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഫോറിന്‍ ലിക്കര്‍ ഷോപ്പുകള്‍ കൂടാതെ സ്വകാര്യ മേഖലയിലെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍. ആനന്ദലബ്ധിക്കിനിയെന്തു വേണം. നാഷണല്‍ ഹൈവേയിലൂടെയുള്ള യാത്രയില്‍ നീണ്ട ക്യൂ കാണുന്നിടങ്ങളില്‍ കൊച്ചു കുട്ടികള്‍ പോലും പറയും ബിവറേജ് എന്ന്. അതും വികസനത്തിന്റെ മറ്റൊരു മുഖം. 


മദ്യ വില്‍പ്പന നിര്‍ത്തണമെന്നതല്ല ആവശ്യപ്പെടുന്നത്. പക്ഷേ, നിയന്ത്രണങ്ങളില്ലയെങ്കില്‍ മലയാളി രോഗങ്ങള്‍ക്കടിമപ്പെട്ട, മാനസിക വിഭ്രാന്തികള്‍ക്കടിമപ്പെട്ട ജനതയായി മാറ്റപ്പെടും. കേരളത്തിലെ കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും മദ്യം പ്രധാന വില്ലനാണ്. കേരളത്തിലെ കുടുംബ കലഹങ്ങളിലും കുട്ടികളുടെ മാനസികാവസ്ഥകളിലും മദ്യം പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നു. ശക്തമായ നിയന്ത്രണം വിപണനത്തിലും ഉപഭോഗത്തിലും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രൂക്ഷമായ ഒരു സാമൂഹ്യ പ്രശ്‌നമായി മദ്യം ഭാവിയില്‍ മാറുമെന്നതില്‍ സംശയമില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടേ നാം പരിഹാരം കാണൂ എന്ന മാനസികാവസ്ഥ മദ്യത്തിന്റെ കാര്യത്തിലും വളരെ പ്രകടമാണ്. 


മദ്യവര്‍ജ്ജനം വലിയൊരു തമാശയാണ്. മുക്കിലും മൂലയിലും മദ്യം ലഭ്യമാക്കുകയും അതു ഉപയോഗിക്കരുതെന്നു പറയുകയും ചെയ്യുന്ന വലിയൊരു തമാശ. ഏതൊരുല്‍പ്പന്നത്തിന്റേയും വില്‍പ്പന കൂട്ടുവാനുള്ള ലളിതമായ മാര്‍ഗം അതിന്റെ ലഭ്യത വര്‍ധിപ്പിക്കുകയെന്നതാണ്. ബുദ്ധിമാനായ മലയാളിക്കറിയാത്തതല്ലല്ലോ ഈ വിപണന തന്ത്രം. മദ്യം വിഷമാണ് അതു കഴിക്കരുത് എന്നു പറഞ്ഞ ശ്രീ നാരായണ ഗുരുവിനെ അനുസരിക്കാത്ത മലയാളി ആരുടെ ഉപദേശത്തില്‍ മദ്യം വര്‍ജ്ജിക്കും. അങ്ങനെയെങ്കില്‍ സ്‌കൂളുകള്‍ക്ക് സമീപം വില്‍ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ എന്തിന് വിലക്കണം? പുകയില വര്‍ജ്ജനം നടത്തിയാല്‍ പോരെ. 


വിവിധ ഉല്‍പ്പന്നങ്ങളില്‍ കാണിക്കുന്ന ഇരട്ടത്താപ്പുകളും മനപൂര്‍വ്വമുള്ള അജ്ഞതയും ബിസിനസുകാരന്റെ കൂര്‍മ്മബുദ്ധിയും കച്ചവടതന്ത്രവുമാണ്.  കേരളത്തിലെ ജനം ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായമില്ലാത്തതും വിഷമില്ലാത്തതുമായ എന്തൊക്കെയുണ്ട്. ആര്‍ക്കും എന്തും വില്‍ക്കാം എന്ന അവസ്ഥ കേരളത്തിലുണ്ട്. ജനം നല്ല ഭക്ഷണം കഴിക്കണം ആരോഗ്യമുണ്ടാവണം എന്നൊന്നും ആര്‍ക്കും താത്പര്യമില്ല. അതൊന്നും ആരുടേയും ചുമതലയല്ല. 


മായം കലര്‍ന്ന, വിഷം നിറഞ്ഞ ഭക്ഷണം മലയാളിയുടെ ആരോഗ്യം തകര്‍ക്കുന്നു. ഭക്ഷണത്തില്‍ മായമുണ്ട്, വിഷമുണ്ട് എന്നെല്ലാം നമുക്കറിയാം. പക്ഷേ, ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് കടക്കണം. എന്നാലെ ധര്‍ണ്ണയും അന്തിചര്‍ച്ചകളും സംവാദങ്ങളുമാകൂ. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അവ പരിഹരിക്കുന്നതില്‍ മിടുക്കരായി മാറുകയാണ് നമ്മള്‍. പൊതുജനാരോഗ്യം നശിപ്പിക്കുന്ന ഭക്ഷണത്തിലെ മായം കണ്ടുപിടിച്ച ഉദ്യോഗസ്ഥയ്ക്ക് സ്ഥാനമാറ്റം നല്‍കി ആദരിക്കുന്ന വികലമായ മാനസികാവസ്ഥ മലയാളിക്കേ കാണൂ. 


ജനതയുടെ ആരോഗ്യമാണ് ഒരു രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്ന ബാലപാഠം പോലുമറിയാത്തവര്‍ ജനത്തിനെ ഭരിക്കുകയും സംരക്ഷകരായി ചമയുകയും ചെയ്യുന്നു. കുഴി നിറഞ്ഞ റോഡുകള്‍ പെരുകിയ, മദ്യം ഒഴുകുന്ന, വിഷം തിന്നുന്ന നാട്. ഇപ്പോള്‍ കേരളം ഇതാണ്. ആരെന്തെതിര്‍ത്താലും ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെയ്ക്കാനാവില്ല. മലയാളി വികലമായ ഒരു മാനസികാവസ്ഥയുടെ പിടിയിലാണ്. മണിച്ചിത്രത്താഴ് സിനിമയില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രത്തിന്റെ അവസ്ഥ. തനിക്കാണ് പ്രശ്‌നം എന്ന് തിരിച്ചറിയാനാവാതെ അന്യന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന മാനസിക വിഭ്രാന്തി. പ്രശ്‌നമാണെന്ന് അറിഞ്ഞിട്ടും അത് പരിഹരിക്കാന്‍ ശ്രമിക്കാതെ വിവാദങ്ങള്‍ സൃഷ്ടിച്ച് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് സായൂജ്യമടയുന്ന മാനസിക രോഗം. ഇതിനുള്ള ചികിത്സ ഇപ്പോഴെങ്കിലും ആരംഭിച്ചില്ലെങ്കില്‍ നാം പോകുന്നത് ഒരു ചതിക്കുഴിയിലേക്കാണ് ആരൊക്കെയോ നമുക്കായി തീര്‍ത്തിരിക്കുന്ന വലിയൊരു കെണിയിലേക്ക്. 


തെരുവുനായകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തേജനത്തിനായി ഒരു പാവം വൃദ്ധ സ്വന്തം ശരീരം നായ്കൂട്ടത്തിനു ഭക്ഷണമായി അര്‍പ്പിക്കേണ്ടിവന്നു. ഇതു സംഭവിക്കുന്നതിനു മുന്‍പുള്ള മുറവിളികള്‍ ആരു കേട്ടു. എന്തൊക്കെ അനുഭവങ്ങളുണ്ടായാലും മലയാളി മാറാന്‍ തയാറല്ല. പാഷാണം ഷാജി പറയും പോലെ: ഒരു രസം, ഒരു സുഖം. 


(ആര്‍ട്ട് ഓഫ് ലിവിംഗ് കേരള സ്റ്റേറ്റ് സെക്രട്ടറിയും ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍) 
മൊബീല്‍: 9895144120, Email: sudheerbabu@devalorconsultants.com)


Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet