Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഫ്രാന്‍സില്‍ ബുര്‍ക്കിനി വിവാദം ചൂടുപിടിക്കുന്നു

👤by FK Staff 🕔27-08-2016
ഒരു തീരുമാനത്തിലൂടെ ഫ്രാന്‍സ് വീണ്ടും ലോകരാഷ്ട്രങ്ങളുടെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ക്കു സാക്ഷ്യം വഹിച്ച രാജ്യത്ത് ഇപ്പോള്‍ ബുര്‍ക്കിനി നിരോധനവുമായി ബന്ധപ്പെട്ട വിഷയമാണു ചൂടേറിയ ചര്‍ച്ച. ലെബനീസ് വംശജയും ഓസ്‌ട്രേലിയന്‍ പൗരത്വം നേടുകയും ചെയ്ത അഹേദ സനേറ്റി എന്ന ഡിസൈനര്‍ ഓസ്‌ട്രേലിയന്‍ ബീച്ചുകളില്‍ ലൈഫ്ഗാര്‍ഡായി ജോലി ചെയ്യുന്ന മുസ്ലിം സ്ത്രീകള്‍ക്കു വേണ്ടി ഒരു പതിറ്റാണ്ട് മുന്‍പ് രൂപകല്പന ചെയ്ത വസ്ത്രമാണു ബുര്‍ക്കിനി. 
ബുര്‍ക്ക പോലെ ശരീരം മുഴുവന്‍ മറയ്ക്കുന്നതും എന്നാല്‍ ബിക്കിനി പോലെ വഴക്കമുള്ളതുമായതു കൊണ്ട് വസ്ത്രത്തിന് ബുര്‍ക്കിനി എന്നു പേരു വീണു. പൈജാമ പോലുള്ള വസ്ത്രമാണിത്.
ഈ വസ്ത്രം ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരത്തു സ്ഥിതി ചെയ്യുന്ന എല്ലാ നഗരങ്ങളിലും റിസോര്‍ട്ടുകളിലും ബീച്ചുകളിലും നിരോധിച്ചിരിക്കുകയാണ്. ഫ്രാന്‍സിലെ ഏകദേശം 15ാളം തീരദേശ നഗരങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ ഈ വര്‍ഷം വേനല്‍ക്കാലം ആരംഭിച്ച സമയത്തായിരുന്നു(ജൂണ്‍-ജൂലൈ) നിരോധനം നിലവില്‍ വന്നത്. ഫ്രാന്‍സിലെ റിവൈറ മേയര്‍ ബീച്ചുകളില്‍ ബുര്‍ക്കിനി നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയതോടെയാണ് ഇതേക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. ജൂലൈ 28ന് കാന്‍ മേയര്‍ ഡേവിഡ് ലിസ്‌നാര്‍ഡും ബുര്‍ക്കിനി നിരോധിച്ചു. ഇതിന് രണ്ട് ആഴ്ചകള്‍ക്കു ശേഷം ഫ്രഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചതും നിരോധനത്തിന് നിയമസാധുത നല്‍കുകയുണ്ടായി.
സമാനതയില്ലാത്ത ഭീകരാക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സമീപകാലത്തു സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് ഫ്രാന്‍സില്‍ അരങ്ങേറിയ ഭീകരാക്രമണത്തില്‍ 130 പേരാണു കൊല്ലപ്പെട്ടത്. ഈ വര്‍ഷം ജൂലൈ 14ന് നീസില്‍ ഫ്രാന്‍സിന്റെ ദേശീയദിനം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറ്റി 86 പേരുടെ ജീവന്‍ അപായപ്പെടുത്തി. ഈ സംഭവത്തിനു ഒരാഴ്ചയ്ക്ക് ശേഷം നോര്‍മാന്‍ഡിയില്‍ വിശുദ്ധബലി മദ്ധ്യേ പുരോഹിതനെ ഐഎസ് തീവ്രവാദി കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.
ഈ ദാരുണ സംഭവങ്ങള്‍ നടന്നതിനു ശേഷം ഫ്രാന്‍സ്, ഇസ്ലാമിക തീവ്രവാദത്തെ അസാധാരണമാം വിധം ഭയപ്പെടുകയാണ്. ബുര്‍ക്കിനി ധരിച്ച് നടക്കുന്നവര്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന കണ്ടെത്തലാണ് ഫ്രഞ്ച് ഭരണകൂടത്തെ ബുര്‍ക്കിനി നിരോധനത്തിലേക്കു നയിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. സ്ത്രീകളെ അടിമകളാക്കിയിരിക്കുന്ന ഒരു സമൂഹത്തിന്റെ രാഷ്ട്രീയ ഉപകരണമാണ് ബുര്‍ക്കിനി എന്നാണ് ലെ പ്രൊവന്‍സ് എന്ന ഫ്രഞ്ച് ദിനപത്രവുമായി നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് പറഞ്ഞത്.
എന്നാല്‍ ഭരണകൂടത്തിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് വിവിധ കോണുകളില്‍നിന്നും സംഘടനകളും വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. ദി ഹ്യൂമണ്‍ റൈറ്റ്‌സ് ലീഗ്(എല്‍ഡിഎച്ച്) ബുര്‍ക്കിനി നിരോധിച്ചതിനെതിരേ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന്റെ വാദം വെള്ളിയാഴ്ച നടക്കും. 
പൊതുസമൂഹത്തില്‍ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നു ഉറപ്പ് തരുന്നതാണ് നൂറ്റാണ്ട് പഴക്കമുള്ള ഫ്രഞ്ച് ഭരണഘടനയിലെ ആദ്യ ആര്‍ട്ടിക്കിള്‍. എന്നാല്‍ ബുര്‍ക്കിനി നിരോധിച്ചതിലൂടെ ഈ വാഗ്ദാനം ലംഘിക്കുകയാണ് ഭരണകൂടമെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നു.
2017ല്‍ ഫ്രാന്‍സില്‍ പൊതുതെരഞ്ഞെടുപ്പ് അരങ്ങേറുന്ന വര്‍ഷമാണ്. ബുര്‍ക്കിനി നിരോധനത്തിലൂടെ മുസ്ലിം വിരുദ്ധത സൃഷ്ടിച്ചും അത് പരമാവധി പ്രചരിപ്പിച്ചും വോട്ടുപിടിക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ, പ്രത്യേകിച്ച് തീവ്ര വലതുപക്ഷത്തിന്റെ തന്ത്രമാണിതെന്നും ശ്രുതിയുണ്ട്. ഫ്രാന്‍സില്‍ ഇപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഫ്രാന്‍സ്വെ ഒലാന്ദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് അധികാരത്തിലുള്ളത്. അടുത്ത വര്‍ഷം ഒലാന്ദിനെതിരേ മത്സരിക്കാനൊരുങ്ങുന്നത് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ നിക്കോളാസ് സര്‍ക്കോസിയാണ്. ബുര്‍ക്കിനി നിരോധിച്ച നഗരങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കോസിയുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പ്രത്യേക ശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാല്‍ ബുര്‍ക്കിനി നിരോധനത്തിന്റെ കാര്യത്തില്‍ ഫ്രാന്‍സില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ സ്വരമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദിനും ബുര്‍ക്കിനി നിരോധനത്തിനോട് അനുകൂല സമീപനമാണ്. ഇസ്ലാമിക മതമൗലികതയുടെ ചിഹ്നമാണ് ബുര്‍ക്കിനിയെന്നാണ് അദ്ദേഹം പറഞ്ഞത്.
ഫ്രാന്‍സില്‍ ബുര്‍ക്കിനി വിവാദം ഇടത് പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കാരണം വനിതാശാക്തീകരണത്തിനു വേണ്ടി എന്നും നിലകൊണ്ടിട്ടുള്ളത് ഇടത് പാര്‍ട്ടികളാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ബുര്‍ക്കിനി നിരോധനത്തില്‍ ഇടത് പാര്‍ട്ടികളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഒരു വിഭാഗം പറയുന്നത് സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നാണ്. എന്നാല്‍ ബുര്‍ക്കിനി ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് തുല്യമാണെന്ന് മറുവിഭാഗവും വാദിക്കുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet