Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സ്വര്‍ണത്തേക്കാള്‍ വിലമതിച്ച ഒളിംപിക് മെഡല്‍

👤by FK Staff 🕔27-08-2016
റിയോ ഡി ജനീറോ: ഒളിംപിക്‌സിലെ സ്വര്‍ണത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ മൂല്യം വരുന്ന അധികമാര്‍ക്കും അറിയാത്ത ഒളിംപിക് മെഡലാണ് പിയറി ഡി കുബെര്‍ട്. ഒളിംപിക്‌സില്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം നല്‍കപ്പെടുന്ന ഈ മെഡല്‍ കായിക മികവിനേക്കാള്‍ കൂടുതലായി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനുള്ള ബഹുമതിയാണ്.

റിയോ ഒളിംപിക്‌സ് ട്രാക്കില്‍ പരസ്പരം സഹായഹസ്തമരുളിയ ന്യൂസിലാന്‍ഡിന്റെ നിക്കി ഹാബ്ലിനും അമേരിക്കയുടെ ആബി ഡി അഗസ്റ്റിനോയും അവാര്‍ഡിന്റെ പരിഗണനയില്‍ വന്നിരുന്നു. എതിരാളികള്‍ ആയിരുന്നിട്ടും ട്രാക്കില്‍ കൂട്ടിയിടിച്ച് വീണപ്പോള്‍ താരങ്ങള്‍ പരസ്പരം സഹായിച്ചത് പരിഗണിച്ചായിരുന്നു അത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇതുവരെ വെറും 17 പേര്‍ക്ക് മാത്രമാണ് പിയറി ഡി കുബെര്‍ട് ബഹുമതി ലഭിച്ചിട്ടുള്ളത്. 

ഒളിംപിക്‌സ് സംഘാടനത്തിലും ഒളിംപിക്‌സ് മത്സരങ്ങളിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമ മാതൃകയാകുന്ന അത്‌ലറ്റുകള്‍, മുന്‍ അത്‌ലറ്റുകള്‍, സ്‌പോര്‍ട്‌സ് പ്രൊമോട്ടേഴ്‌സ്, കായിക അധികൃതര്‍ എന്നിവര്‍ക്കാണ് ഈ പുരസ്‌കാരം സാധാരണയായി നല്‍കുന്നത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ബഹുമതിയായ പിയറി ഡു കുബെര്‍ട് മരണാനന്തരവും നല്‍കാറുണ്ട്. 

ആധുനിക ഒളിംപിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന പിയറി ഡി കുബെര്‍ട്ടിനോടുള്ള ആദര സൂചകമായാണ് സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയ്ക്ക് പുറമെ നാലാമത്തെ മെഡലിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. ഫ്രഞ്ച് അധ്യാപകനും ചരിത്രകാരനുമായിരുന്ന പിയറി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ സ്ഥാപകനുമായിരുന്നു.

എല്ലാ ഒളിംപിക്‌സുകളിലും നല്‍കണമെന്ന് നിര്‍ബന്ധമില്ലാത്ത പിയറി ഡി കുബെര്‍ട് അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ സമ്മാനിക്കാറുള്ളൂ. 2004 ആതന്‍സ് ഒളിംപിക്‌സിന്റെ മാരത്തണില്‍ ഒന്നാമതായി ഓടിക്കൊണ്ടിരുന്ന ബ്രസീലിന്റെ വാന്‍ഡര്‍ലി കോര്‍ഡെയ്‌റൊ ഡി ലിമയെ കാണികളില്‍ ഒരാള്‍ തടസപ്പെടുത്തിയിട്ടും മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയത് പരിഗണിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അദ്ദേഹത്തിന് ഈ ബഹുമതി നല്‍കിയിരുന്നു. ഡി ലിമയായിരുന്നു 2016 റിയോ ഒളിംപിക്‌സിന് തിരി തെളിച്ചത്. 

ജര്‍മന്‍ ലോങ് ജംപ് താരം ലൂസ് ലോങാണ് ആദ്യ പിയറി ഡി കുബെര്‍ട് പുരസ്‌കാര ജേതാവ്. 1964ല്‍ മരണാനന്തര ബഹുമതിയായിട്ടായിരുന്നു നല്‍കിയത്. 1936 സമ്മര്‍ ഒളിംപിക്‌സ് ലോങ് ജംപിന്റെ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് ചാട്ടം പിഴച്ചുനിന്ന അമേരിക്കന്‍ അത്‌ലറ്റ് ജെസി ഓവന്‍സിന് എവിടെ നിന്നാണ് ചാട്ടം തുടങ്ങേണ്ടതെന്ന് ഉപദേശിച്ച് സ്വര്‍ണം നേടാന്‍ സഹായിച്ച വ്യക്തിയായിരുന്നു ലൂസ്. 

പറഞ്ഞതനുസരിച്ച് ചാടിയ അമേരിക്കന്‍ താരം തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോഴും ജേതാവിനെ ആദ്യം അഭിനന്ദിച്ചത് ലൂസ് ആയിരുന്നു. ജര്‍മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ ഗ്യാലറിയില്‍ ഇരിക്കവെയായിരുന്നു സംഭവം. ഹിറ്റ്‌ലര്‍ക്ക് മുന്നില്‍ വെച്ച് തന്നെ സഹായിക്കാന്‍ ലൂസ് കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിച്ച ഓവന്‍സ് തനിക്ക് ലഭിച്ച മെഡലുകളേക്കാള്‍ വിലമതിക്കുന്നത് അദ്ദേഹവുമായുള്ള സൗഹൃദമാണെന്ന് പിന്നീട് പറഞ്ഞിരുന്നു. 1943 രണ്ടാം ലോക മഹായുദ്ധത്തില്‍ ലൂസ് ലോങ് കൊല്ലപ്പെടുകയായിരുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet