Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

പ്രൊഫൗണ്ടിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

👤by FK Staff 🕔27-08-2016
കൊച്ചി: കേരളത്തില്‍ നിന്ന് ആരംഭിച്ച ഒരു കൊച്ചു സ്റ്റാര്‍ട്ടപ്പായ പ്രൊഫൗണ്ടിസിനെ ഒരു യുഎസ് കമ്പനി വന്‍ തുകയ്ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രൊഫൗണ്ട്‌സിനെ അഭിനന്ദിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന പ്രോല്‍സാഹനം വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നടത്തിയ പ്രതികരണം വായിക്കാം.
'കേരളത്തിലെ നാലു വിദ്യാര്‍ഥികള്‍ ചേര്‍ന്നു തുടങ്ങിയ ഒരു സ്റ്റാര്‍ടപ്പ് കമ്പനിയെ വന്‍തുകയ്ക്ക് ഈയിടെ ഒരു അമേരിക്കന്‍ കമ്പനി ഏറ്റെടുക്കുകയുണ്ടായി. ഒരു വ്യക്തിയെക്കുറിച്ചോ കമ്പനിയെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് കമ്പനികള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് Profoundis വികസിപ്പിച്ചത്. കേരളത്തില്‍ തന്നെ നിലയുറപ്പിച്ച് വളര്‍ന്ന ഒരു ഐറ്റി കമ്പനിക്ക് രാജ്യാന്തര അംഗീകാരം കിട്ടുന്നത് തികച്ചും സന്തോഷകരമായ വാര്‍ത്തയാണ്.
ഈ കമ്പനിയുടെ സ്ഥാപകരായ നാലു ചെറുപ്പക്കാര്‍ പഠനസമയത്തും കമ്പനി തുടങ്ങുമ്പോഴും വെറും സാധാരണക്കാരായിരുന്നു. നാലുപേരും ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചവര്‍. വിജയത്തിലെത്താന്‍ ഇവര്‍ ചവിട്ടിയ മുള്ളുകള്‍ക്ക് കണക്കില്ല. കമ്പനി നിര്‍മിച്ച മൂന്ന് ഐടി ഉല്‍പ്പന്നങ്ങള്‍ പരാജയമായി. എന്നാല്‍ മനസ്സുമടുത്ത് പിന്മാറുകയല്ല ഇവര്‍ ചെയ്തത്. ഉറച്ചുനിന്നു അവര്‍ ശ്രമം തുടര്‍ന്നു. ഇങ്ങനെയാണ് വിജയിക്കുന്ന ഉല്‍പ്പന്നം ഇവര്‍ കണ്ടെത്തിയത്.
ഐടി സംരംഭകര്‍ക്ക് കേരളത്തില്‍ വിജയിക്കാന്‍ വേണ്ട സാഹചര്യമില്ല എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് ഇവരെപ്പോലുള്ളവരുടെ വിജയം. ഇത്തരം സംരംഭങ്ങള്‍ക്ക് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയും. നാലുപേരില്‍ തുടങ്ങിയ കമ്പനിയില്‍ ഇപ്പോള്‍ 72 ജീവനക്കാരാണുള്ളത്. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ 1500 പേരെ പുതുതായി നിയമിക്കും.
വിദ്യാര്‍ഥി സമൂഹം യുവസംരംഭകര്‍ ആകുമ്പോള്‍ കേരളം നേരിടുന്ന തൊഴില്‍പ്രശ്‌നം ഒരു പരിധിവരെ കുറയും. പഠനത്തോടൊപ്പം തന്നെ സംരംഭകരാകുവാന്‍ കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന് അവസരങ്ങള്‍ ഏറെ ലഭിക്കുന്നുണ്ട്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പോളിസിയും ഇതിനു മുതല്‍ക്കൂട്ടാവുന്നു.
യുവസംരംഭകരെ സൃഷ്ടിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമുള്ള സര്‍ക്കാരിന് അനുകൂല സമീപനമാണുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും മികച്ച യുവസംരംഭകരെ വാര്‍ത്തെടുക്കാനും കേരള സ്റ്റാര്‍ടപ്പ് മിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. 14 ജില്ലകളിലായി 147 കോളേജുകളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനായി ഈ ഗവണ്‍മെന്റ് അവതരിപ്പിച്ച ബജറ്റില്‍ നൂറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രത്യക്ഷമായി അനുവദിക്കുന്നതു കൂടാതെ പരോക്ഷമായ വിവിധ സഹായങ്ങള്‍ തുടക്കക്കാരായ സ്റ്റാര്‍ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. പഠനത്തോടൊപ്പം സ്റ്റാര്‍ടപ്പ് എന്ന ആശയം വികസിപ്പിക്കുന്നതു വഴി റ്റെക്‌നോളജി വികാസമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നു'.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet