Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

നവതി തൊട്ട വിപ്ലവ വീര്യം

👤by സന്തോഷ് മാത്യു 🕔23-8-2016
പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കണ്ണിലെ കരടായിരുന്നു ഫിഡല്‍ കാസ്‌ട്രോ. അതുകൊണ്ടു തന്നെയാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഉപയോഗിച്ച് 1959 മുതല്‍ 1999 വരെ ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ 639 തവണ അവര്‍ ശ്രമിച്ചതും.

രാഷ്ട്രീയ ജീവിതത്തിനിടെ നിരവധി വധശ്രമങ്ങളെ അതിജീവിച്ച ഫിഡല്‍ കാസ്‌ട്രോ 90 വയസിലേക്ക് കടന്നിരിക്കുകയാണ്. നവതിയിലെത്തിയ ക്യൂബന്‍ വിപ്ലവ നേതാവിന്റെ ജന്മദിനം ആ രാജ്യക്കാര്‍ മാത്രമല്ല ആഘോഷിച്ചത്. ലോകമെങ്ങും വിപ്ലവത്തെ സ്‌നേഹിക്കുന്നവര്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് ആശംസകള്‍ നേരാന്‍ വിവിധ പരിപാടികളാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 13ന് സംഘടിപ്പിച്ചത്.


ഫിഡല്‍ അലക്‌സാന്‍ഡ്രൊ കാസ്‌ട്രോറൂസ് എന്ന ഫിഡല്‍ കാസ്‌ട്രോ 1926 ലാണ് സമ്പന്നനായ കരിമ്പ് കര്‍ഷകന്റെ മകനായി ജനിച്ചത്. 1952ല്‍ അഭിഭാഷക വൃത്തി സ്വീകരിച്ച ഫിഡല്‍, അതേ വര്‍ഷം ക്യൂബന്‍ ഭരണം പിടിച്ച ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന അമേരിക്കന്‍ പിന്തുണയുള്ള ഭരണാധികാരിക്കെതിരെ ഗറില്ലാ യുദ്ധമുറകള്‍ അവലംബിച്ച് കൊണ്ടാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. എന്നാല്‍ ജനവിരുദ്ധനായ ബാറ്റിസ്റ്റക്കെതിരെയുള്ള പ്രാഥമിക വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട കാസ്‌ട്രോയേയും അദ്ദേഹത്തിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയേയും കാത്തിരുന്നത് കാരാഗൃഹമായിരുന്നു. അന്തര്‍ദേശീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1956 ല്‍ ജയില്‍ മോചിതരായ ഇരുവരും ഗറില്ലാ സംഘത്തെ ശക്തിപ്പെടുത്താനാണ് പിന്നീടുള്ള നാളുകള്‍ ഉപയോഗപ്പെടുത്തിയത്.


1956ല്‍ വിപ്ലവ പ്രവര്‍ത്തനത്തിലെ തന്റെ കൂട്ടാളി ചെഗുവേരയോടൊപ്പം ഗ്രാന്‍മ എന്ന നൗകയില്‍ ക്യൂബയില്‍ വന്നിറിങ്ങിയ ഫിഡലും അദ്ദേഹത്തിന്റെ 80 ഗറില്ലാ അനുയായികളും ബാറ്റിസ്റ്റയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ടിരുന്നു. വൈകാതെ 9000 ത്തോളം വരുന്ന ഗറില്ലാ സൈനികരെ നയിച്ചുകൊണ്ട് 8000 ത്തോളം വരുന്ന ബാറ്റിസ്റ്റയുടെ സൈന്യത്തെ പരാജയപ്പെടുത്തി ക്യൂബയില്‍ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പൊക്കാന്‍ കാസ്‌ട്രോക്കായി.


അമേരിക്കന്‍ സ്റ്റേറ്റായ ഫിലാഡല്‍ഫിയയില്‍ നിന്ന് വളരെയകലെയല്ലാത്ത ക്യൂബയിലും അതിന്റെ തലസ്ഥാനമായ ഹവാനയിലും ചെങ്കൊടി പാറുന്നത് അമേരിക്കയെ അല്‍പ്പമൊന്നുമല്ല ചൊടിപ്പിച്ചത്. വൈകാതെ ക്യൂബന്‍ പ്രദേശങ്ങളില്‍ സോവിയറ്റ് യൂണിയന് ആണവ പോര്‍മുനയുള്ള മിസൈലുകള്‍ വിന്യസിക്കാന്‍ അനുവാദം നല്‍കിയത് ശീതയുദ്ധ ലോകാന്തരീക്ഷം ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നതിനും കാരണമായി. അമേരിക്കയും സോവിയറ്റ് യൂണിയനും ക്യൂബന്‍ വേദിയില്‍ ഒരു മൂന്നാം ലോകയുദ്ധത്തിന് കോപ്പുകൂട്ടുകയാണോ എന്നുപോലും ലോകം സംശയിച്ചു. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി പിന്നീട് അമേരിക്കന്‍ വിമാനങ്ങള്‍ ക്യൂബയില്‍ വെടിവെച്ചിടുന്നിടത്തോളം കാര്യങ്ങളെത്തി. 


അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന ലെയ്ന്‍ഡന്‍ ബി ജോണ്‍സനും ജോണ്‍ എഫ് കെന്നഡിക്കും കടുത്ത ഭീഷണി കാസ്‌ട്രോ ഉയര്‍ത്തുകയുണ്ടായി. പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കണ്ണിലെ കരടായിരുന്നു ഫിഡല്‍ കാസ്‌ട്രോ. അതുകൊണ്ടു തന്നെയാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഉപയോഗിച്ച് 1959 മുതല്‍ 1999 വരെ ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ 639 തവണ അവര്‍ ശ്രമിച്ചതും.


20, 21 നൂറ്റാണ്ടുകളിലെ വിപ്ലവത്തിന്റെ മൂര്‍ത്തരൂപങ്ങളിലൊന്നാണ് സമരോര്‍ജ്ജം വിളങ്ങുന്ന കാസ്‌ട്രോയുടെ മുഖം. വിപ്ലവം പനനീര്‍പ്പൂവല്ല എന്നതു തന്നെയായിരുന്നു കാസ്‌ട്രോയുടെ എക്കാലത്തേയും മുദ്രാവാക്യം. 1959 മുതല്‍ 1976 വരെ ക്യൂബന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എന്ന നിലക്കും തുടര്‍ന്ന് 1976 മുതല്‍ അനാരോഗ്യത്തെ തുടര്‍ന്ന് പദവി വിട്ടൊഴിഞ്ഞ 2008 വരെ പ്രസിഡന്റ് എന്ന നിലയിലും ക്യൂബയെ ലോകത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തില്‍ തന്നെയായിരുന്നു കാസ്‌ട്രോ. 90-ാം വയസിലും തന്റെ പ്രഭാഷണങ്ങളിലൂടെയും പാര്‍ട്ടി പത്രമായ ഗ്രാന്‍മയിലെ ലേഖനത്തിലൂടെയും അനുസ്യൂത വിപ്ലവ പ്രവര്‍ത്തനം തുടരുക തന്നെയാണ് കാസ്‌ട്രോ.


മനുഷ്യ വിഭവ സൂചികയില്‍ പല മേഖലകളിലും ക്യൂബ ഇപ്പോള്‍ ഒന്നാം സ്ഥാനക്കാരാണ്. 1959 ലെ കേവലം 3000 മെഡിക്കല്‍ ഡോക്റ്റര്‍മാരില്‍ നിന്ന് 88000 ഡോക്റ്റര്‍മാരെ സൃഷ്ടിച്ചുകൊണ്ട് ലോകത്തിന്റെ മെഡിക്കല്‍ സൂപ്പര്‍ പവര്‍ എന്ന പദവി കൈയാളിയിരിക്കുകയാണ് ക്യൂബ. എന്നാല്‍ കാര്‍ഷിക വളര്‍ച്ച വേണ്ട രീതിയില്‍ കൈവരിക്കാനായില്ല എന്ന ദുഃഖവും കാസ്‌ട്രോയ്ക്കുണ്ട്. അമേരിക്കന്‍ മേധാവിത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തികൊണ്ട് പഞ്ചസാര, ചീസ് ഉല്‍പ്പാദനത്തിന് വളരെ പ്രോത്സാഹനം ക്യൂബ നല്‍കിയിരുന്നുവെങ്കിലും വേണ്ടത്ര വിജയം കൈവരിക്കാനായില്ല.


രാഷ്ട്രീയ എതിരാളികളോടും വിമതശബ്ദത്തോടും യാതൊരു തരത്തിലുമുള്ള സന്ധിക്കും ഫിഡല്‍ ഒരു കാലത്തും തയാറായിരുന്നില്ല. കടുത്ത ഏകാധിപതികളെപോലും തോല്‍പ്പിക്കുന്ന രീതിയിലാണ് തങ്ങളോട് കാസ്‌ട്രോ ഭരണകൂടം പെരുമാറിയിരുന്നതെന്നാണ് വിമത രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഫിഡലിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. അനാരോഗ്യത്തെ തുടര്‍ന്ന്, സഹോദരനായ റൗളിന് 2008 ല്‍ രാജ്യഭരണം കൈമാറിയെങ്കിലും 2011 വരെ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഫിഡല്‍ തന്നെയായിരുന്നു.  രണ്ടു ഭാര്യമാരുള്‍പ്പെടെ മൂന്നു സ്ത്രീകളിലായി ഏഴു മക്കളുള്ള ഫിഡലിന്റെ സ്വകാര്യ ജീവിതം ഇപ്പോഴും അധികം വെളിച്ചത്ത് വന്നിട്ടില്ല. കത്തുന്ന കൊഹിബ സിഗാറും നീളന്‍ കറുപ്പ് താടിയുമായി സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കാസ്‌ട്രോ ഒരു തലമുറയ്ക്ക് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചതന്നെയായിരുന്നു. 


1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ക്യൂബയേയും മുക്കിക്കളയുമെന്ന് ആഹ്ലാദിച്ചവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ സ്വാശ്രയത്വം നേടി ഒറ്റക്കാലില്‍ നില്‍ക്കാന്‍ ശീലിച്ച ഫിഡലിന്റെ ക്യൂബ പരസഹായമില്ലാതെ കുതിക്കുന്നതാണ് കണ്ടത്. മാറിയ ലോക സാഹചര്യത്തില്‍ ചിരവൈരികളായ അമേരിക്കയുമായി അടുക്കുന്നതിനും ഫിഡലിന്റെ ജീവിതകാലം തന്നെ സാക്ഷിയായതും ചരിത്രത്തിന്റെ വിധിവൈപരീത്യമായി. 


2015 ല്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഹവാന സന്ദര്‍ശനം ചരിത്രപരം തന്നെയായിരുന്നു. എങ്കിലും 90ാം ജന്മദിന വേളയെ അമേരിക്കന്‍ പ്രസിഡന്റുമാരുടെ മാക്യവെല്ലിയന്‍ തന്ത്രങ്ങളെ പുച്ഛിക്കാനാണ് കാസ്‌ട്രോ വിനിയോഗിച്ചത്. ഇക്കഴിഞ്ഞ മെയില്‍ ജപ്പാന്‍ സന്ദര്‍ശിച്ച ഒബാമ ഹിരോഷിമയിലെയും നഗസാക്കിയിലെയും ആണവ ആക്രമണത്തിനെതിരെ ക്ഷമാപണം പോലും നടത്താത്തത് അവരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തക്കേടാണെന്ന് കാസ്‌ട്രോ തുറന്നടിച്ചു. 


1998 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് കാസ്‌ട്രോയുടെ വലിയൊരു നയതന്ത്ര വിജയമായി മാറിയിരുന്നു. ക്യൂബയിലെ ഭൂരിപക്ഷം ജനങ്ങളും ഫിഡലിന് മരണമില്ലെന്ന് വിശ്വസിക്കുന്നു. അമാനുഷികത കാസ്‌ട്രോയില്‍ ദര്‍ശിക്കുന്നവരും കുറവല്ല. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് 81 കാരനായ ഫിഡല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ 76 കാരനായ റൗളിനാണ് അധികാരം നല്‍കിയത്. 


ലെനിനിസം, മാര്‍ക്‌സിയന്‍ ആശയങ്ങള്‍, സോഷ്യലിസ്റ്റ് വ്യവസ്ഥിതി എന്നിവയില്‍ വിശ്വസിക്കുന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബ വാഴ്ചയ്ക്ക് വിത്തുപാകുന്നുവെന്ന വിമര്‍ശനവും അതുകൊണ്ടു തന്നെ നിലവിലുണ്ട്. ജനസംഖ്യാ വിസ്‌ഫോടനം ക്യൂബയെ വരുംകാലങ്ങളില്‍ പിടിച്ചുകുലുക്കുമെന്ന കാസ്‌ട്രോയുടെ പ്രവചനം സര്‍ക്കാര്‍ ഗൗരവത്തില്‍ തന്നെയാണെടുത്തിട്ടുള്ളത്. സാമൂഹിക, സാമ്പത്തിക, കായിക, വിദ്യാഭ്യാസ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ ക്യൂബയില്‍ നിന്ന് പത്ര സ്വാതന്ത്ര്യവും അതുവഴി അഭിപ്രായ സ്വാതന്ത്ര്യവും കൂടി ലോക സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ഇക്കാലത്ത് ഇരുമ്പുമറ രാഷ്ട്രീയത്തെ പ്രാകൃത സമൂഹത്തോട് ഉപമിക്കുന്നവരുണ്ട്. 


ലോകത്തിലെ ഇടതുപക്ഷ വിപ്ലവങ്ങളുടെ വിഗ്രഹ രൂപമാണ് ഫിഡല്‍ കാസ്‌ട്രോ. ലാറ്റിനമേരിക്കന്‍ ഗറില്ലകളുടെ എക്കാലത്തേയും പ്രചോദനം. തൊണ്ണൂറില്‍ എത്തിനില്‍ക്കുന്ന ഫിഡലും ആസന്നമായ പ്രകൃതി നിയമത്തെ തിരിച്ചറിയുന്നു. ഞാന്‍ മരിച്ചേക്കാം എന്നാല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മരണമുണ്ടാകില്ല. അതുതന്നെയാണ് ഫിഡല്‍ ലോകത്തിന് നല്‍കുന്ന സന്ദേശവും.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet