‘ബംഗാളിയുടെ അഭിമാനം’ കളത്തിലിറങ്ങുമ്പോള്‍

‘ബംഗാളിയുടെ അഭിമാനം’ കളത്തിലിറങ്ങുമ്പോള്‍

‘ബംഗ്ലാ’ പല്ലവി ആവര്‍ത്തിക്കാന്‍ മമത ശ്രമിക്കുന്നത് ഇതാദ്യമല്ല. പ്രതിപക്ഷമായ ബിജെപിയുടെ ആക്രമണത്തിനിരയാകുമ്പോഴെല്ലാം തദ്ദേശീയവും അല്ലാത്തതും സംബന്ധിച്ച വിവരണത്തിലേക്ക് തിരിയുന്നത് മുഖ്യമന്ത്രി ഒരു ശീലമാക്കിയിരുന്നു.

കൊറോണക്കാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കുറഞ്ഞ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിട്ടുള്ളത്. തുടക്കത്തില്‍ വൈറസ് വ്യാപനത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കുന്നത് ഡെല്‍ഹിയിലെ കലാപം മറയ്ക്കുന്നതിനുള്ള തന്ത്രമാണെന്ന് മമത ആരോപിച്ചു. പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടമായപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കൃത്രിമം കാട്ടി ബംഗാള്‍ സുരക്ഷിതമാമെന്ന് വരുത്താന്‍ശ്രമിച്ചു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖംമിനുക്കല്‍ നടത്തുന്നതിലേക്ക് മുഖ്യമന്ത്രി ശ്രദ്ധതിരിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് ഇടപെടും എന്ന സ്ഥിതിവന്നു. പശ്ചിമ ബംഗാള്‍ കോവിഡ് -19 ഡാറ്റയിലെ പൊരുത്തക്കേടുകള്‍ കേന്ദ്ര സംഘം ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിരോധത്തിലായി. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണകൂടം കൊറോണ സംബന്ധിച്ച കണക്കുകള്‍ പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരായി.

കൊറോണ വൈറസ് പോസിറ്റീവ് കേസുകളില്‍ കൃത്രിമം കാട്ടിയെന്നത് ഗുരുതര ആരോപണമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവന്‍കൊണ്ടാണ് അവര്‍ ഇവിടെ പന്താടിയത്. ഇത് വലിയൊരാരോപണമായി മാറാതിരിക്കാന്‍ ജനത്തിന്റെ മുമ്പില്‍ പുതു തന്ത്രവുമായി മമത രംഗപ്രവേശം ചെയ്തിരിക്കുന്നു. കാരണം അടുത്തവര്‍ഷം തെരഞ്ഞെടുപ്പാണ്. പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവര്‍ പുറത്തെടുക്കുന്ന ആയുധമാണ് ബംഗാളിന്റെയും ബംഗാളികളുടെയും ആത്മാഭിമാനം. ഇപ്പോള്‍ വീണ്ടും അവര്‍ ഈ വിഷയംതന്നെ പുറത്തെടുക്കുന്നു. അവിടെ ജനം എല്ലാം മറക്കുമെന്ന് അവര്‍ കരുതുന്നു. 12 ദിവസത്തേക്ക് പൊതുജനങ്ങളില്‍ നിന്ന് മാറിനിന്ന മമത പുറത്തുവന്നത് ഈ തന്ത്രവുമായാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു മമത. അതിനുതൊട്ടുപിന്നാലെ അവര്‍ പത്രസമ്മേളനവും നടത്തി. ”ബംഗാളിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന ബംഗാളികളെ” മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇങ്ങനെയുള്ളവര്‍ സംസ്ഥാനത്തിനെതിരെ എന്ത് തെറ്റാണ് ചെയ്‌തെന്ന് ഒരുദിവസം അവര്‍ മനസിലാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ പറയും, ദൈവം അവരോട് ക്ഷമിക്കട്ടെ, കാരണം അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ല,” മമത പറഞ്ഞു. തനിക്ക് കേന്ദ്രത്തിനെതിരെയോ മറ്റാര്‍ക്കെങ്കിലും എതിരായോ ഒന്നും പറയാനില്ല. എന്നാല്‍ എല്ലാവരും എല്ലായ്‌പ്പോഴും എന്തിന് ബംഗാളിനെ ലക്ഷ്യമിടുന്നു? നാമെല്ലാവരും വൈറസിനെതിരെ പോരാടുമ്പോള്‍ എന്തുകൊണ്ടാണ് ബംഗാളിനെ എപ്പോഴും വിമര്‍ശിക്കുന്നത്, എന്നും മമത ചോദിക്കുന്നു. എന്നിരുന്നാലും, ”ബംഗ്ലാ” പല്ലവി ആവര്‍ത്തിക്കാന്‍ മമത ശ്രമിക്കുന്നത് ഇതാദ്യമല്ല. പ്രതിപക്ഷമായ ബിജെപിയുടെ ആക്രമണത്തിനിരയാകുമ്പോഴെല്ലാം തദ്ദേശീയവും അല്ലാത്തതുമായ വിവരണത്തിലേക്ക് തിരിയുന്നത് മുഖ്യമന്ത്രി ഒരു ശീലമാക്കിയിരുന്നു.

മാര്‍ച്ച് 8 ന് രബീന്ദ്ര ജയന്തി പരിപാടിയില്‍ പങ്കെടുത്ത മമത ബംഗാളി കലയോടും സംസ്‌കാരത്തോടുമുള്ള തന്റെ സമര്‍പ്പണത്തെ ഊന്നിപ്പറഞ്ഞിരുന്നു. ”ലോക്ക്ഡൗണ്‍ കാരണം എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. കബീഗുരുവിന്റെ ജന്മദിനം നാം മുമ്പ് ആഘോഷിച്ച രീതിയില്‍ ഇന്ന് ആഘോഷിക്കാന്‍ കഴിയില്ല. അദ്ദേഹമാണ് നമ്മുടെ പ്രചോദനം, പോരാടാനുള്ള നമ്മുടെ ശക്തിയും അദ്ദേഹമാണ്’,മുഖ്യമന്ത്രി വ്യക്തമാക്കി.ബിജെപി സംസ്ഥാനത്ത് വന്‍ നേട്ടങ്ങള്‍ കൈവരിച്ച 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളി അഭിമാനത്തിന്റെ സ്വയം രൂപകല്‍പ്പന ചെയ്ത ചാമ്പ്യനെന്ന നിലയില്‍ മമത വീണ്ടും പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു. അതിനുശേഷം, സര്‍ക്കാര്‍ സംസ്ഥാനത്തെ ബംഗ്ലാ എന്ന് വിളിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഖ്യമന്ത്രി ജെഇഇ (മെയിന്‍സ്) പരീക്ഷ ബംഗാളിയിലും നടത്തണമെന്ന് ആവശ്യപ്പെട്ടു. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ പരീക്ഷ നടത്തുന്നത്.

ഡിസംബറില്‍ തന്റെ സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രചാരണത്തില്‍ മോദി സര്‍ക്കാര്‍ ബംഗാളികളെ ബലിയാടാക്കുകയാണ് എന്ന് മമത ആരോപിച്ചു. ഈ നിയമം അവരെ ഇല്ലാതാക്കുമെന്ന പ്രചാരണമായിരുന്നു മുഖ്യമന്ത്രിയുടേത്. ഈ വാദം പരിപോഷിപ്പിക്കുന്നതിനായി അവര്‍ ബംഗാളിന്റെ അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഇതിനായി മുഖ്യമന്ത്രി ഏറെക്കാലമായി ശ്രമിച്ചിട്ടുണ്ടെന്ന് പ്രശസ്ത പൊളിറ്റിക്കല്‍ അനലിസ്റ്റ് പ്രൊഫസര്‍ ബിശ്വനാഥ് ചക്രബര്‍ത്തി പറയുന്നു. ഒരു ഉപദേശീയത സൃഷ്ടിച്ചെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതില്‍ മമത ഏറെ മുന്നോട്ടുപോയിട്ടുമുണ്ട്. എന്തെങ്കിലും പരാജയമോ പ്രതിസന്ധിയോ ഉണ്ടാകുമ്പോഴെല്ലാം, ഭരണകക്ഷികള്‍ പൊതുവെ പ്രത്യയശാസ്ത്ര വിശ്വാസങ്ങളുടെ പരിധിയില്‍ വരാന്‍ ശ്രമിക്കുന്നുവെന്നും ചക്രബര്‍ത്തി പറയുന്നു. കൊറോണ പ്രതിസന്ധിയുടെ തെറ്റിദ്ധാരണ മറച്ചുവെക്കാനും ബംഗാളി വികാരം ഇളക്കിവിടാനുമുള്ള അവരുടെ ശ്രമങ്ങളുടെ മറ്റൊരു പ്രതിഫലനമാണ് ഈ ‘ബംഗ്ലാ, ബംഗാളി’ പ്രസ്താവന. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം, ഈ തന്ത്രം അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്കഡൗണ്‍ കാലയളവില്‍ പൊതുവേ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതിരുന്ന മമത തുടര്‍ച്ചയായ 12ദിവസങ്ങള്‍ക്കുശേഷമാണ് അവരെ കണ്ടത്. പകര്‍ച്ചവ്യാധിയുടെ ആദ്യനാളുകളില്‍ അവര്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ബ്യൂറോക്രാറ്റുകള്‍, ഡോക്ടര്‍മാര്‍, ചേംബറുകള്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സുകളും നടത്തി. മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നതിനായി ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോഴും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന്റെ (പിഡിഎസ്) മേല്‍നോട്ടത്തിനായി റേഷന്‍ ഷോപ്പുകളില്‍ ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയമങ്ങള്‍ പരസ്യമായി പഠിപ്പിക്കാനും മുഖ്യമന്ത്രി സ്വയം ഏറ്റെടുത്തു. എന്നാല്‍, പ്രതിസന്ധി കൈകാര്യം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം നേരിടാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് പിന്മാറാന്‍ തുടങ്ങി. വ്യാഴാഴ്ചവരെ പശ്ചിമ ബംഗാളില്‍ 2,790 കൊറോണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അതില്‍ 207 പേര്‍ മരിച്ചു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇവിടെ കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സംസ്ഥാനത്തെ മരണനിരക്ക് 9.03 ശതമാനമാണ്.

പകര്‍ച്ചവ്യാധി തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് വിമര്‍ശനങ്ങളുടെ തീച്ചൂളയിലാണ്. ഡാറ്റാ ദുരുപയോഗം, കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംശയാസ്പദമായ നടപടികള്‍, മൃതദേഹങ്ങള്‍ നീക്കം ചെയ്യല്‍, പരിശോധനാ സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് മാറ്റുക, ദരിദ്രര്‍ക്കുവേണ്ടിയുള്ള ഭക്ഷണവും റേഷനും കൊള്ളയടിച്ചുവെന്ന ആരോപണം, പിഡിഎസ് അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരിടേണ്ടിവന്നു. പ്രതിപക്ഷമായ ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതെല്ലാം സര്‍ക്കാരിനെ അതിന്റെ തന്ത്രത്തില്‍നിന്നും യു-ടേണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. കോവിഡ് -19 നമ്പറുകള്‍ പരിഷ്‌കരിക്കാനും കേന്ദ്ര സര്‍ക്കാറിന് തുല്യമായി കൊണ്ടുവരാനും നിര്‍ബന്ധിതരായി. എന്നാല്‍ ഇത് ഏറ്റുമുട്ടാനുള്ള അവസരമായി മമത മാറ്റിയെടുത്തു. അതിനിടെ മമത പ്രത്യക്ഷപ്പെടാത്തത് സ്വയം അടിച്ചേല്‍പ്പിച്ച രാഷ്ട്രീയ ക്വാറന്റൈന്‍ ആണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ജനങ്ങളുടെയോ മാധ്യമങ്ങളുടെയോ മുന്നില്‍ നില്‍ക്കാന്‍ മമത ബാനര്‍ജിക്ക് കഴിയുന്നില്ലെന്നും അവരുടെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു, ഒന്നും പറയാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ആദിര്‍ രഞ്ജന്‍ ചൗധരിയും പറഞ്ഞു.”അതുകൊണ്ടാണ് അവര്‍ രാഷ്ട്രീയമായി ക്വാറന്റൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയും ശക്തമായ വിമര്‍ശനം അവര്‍ക്കെതിരെ അഴിച്ചുവിടുന്നു. ‘തെരുവില്‍ വൈറസിനെതിരെ പോരാടുകയായിരുന്നു, ഇപ്പോള്‍ അവരെ എവിടെയും കാണാനില്ല, ”സംസ്ഥാന ബിജെപി യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ”വാസ്തവത്തില്‍, പ്രധാനമന്ത്രിയുടെ മുമ്പാകെ അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ എന്താണെന്ന് ആളുകള്‍ അവരില്‍ നിന്ന് അറിയാന്‍ ആഗ്രഹിച്ചു, പക്ഷേ മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചു”-ഘോഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം ആരോപണങ്ങള്‍ നികൃഷ്ടമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു. ”പ്രതിപക്ഷ നേതാക്കള്‍ക്ക് മോശം പരാമര്‍ശങ്ങള്‍ നടത്തുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. മുഖ്യമന്ത്രി ഓഫീസില്‍തന്നെ ഉണ്ട്. എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളും അവര്‍ ചെയ്യുന്നു, ”മുതിര്‍ന്ന ടിഎംസി എംപി സൗഗാത റോയ് പറഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റിയേക്കാള്‍ സീറോ പബ്ലിസിറ്റി നല്ലതാണ് എന്ന തന്ത്രമാണ് മമത പിന്തുടരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ”മുഖ്യമന്ത്രി അസ്വസ്ഥയാണ്. ഒരുപക്ഷേ അവര്‍ക്ക് ഇപ്പോള്‍ സ്ഥിതിഗതികള്‍ വായിക്കാന്‍ കഴിയും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തന്റെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ വീഴ്ച ബിജെപി ഉപയോഗിക്കുമെന്ന് അവര്‍ക്കറിയാം’ മുതിര്‍ന്ന പൊളിറ്റിക്കല്‍ കമന്റേറ്റര്‍ പ്രൊഫസര്‍ ബിശ്വനാഥ് ചക്രബര്‍ത്തി പറയുന്നു.

Comments

comments

Categories: Top Stories