ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യുഎഇയില്‍ ‘യുബര്‍മെഡിക്‌സ്’

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യുഎഇയില്‍ ‘യുബര്‍മെഡിക്‌സ്’

കുറഞ്ഞ നിരക്കില്‍ ടാക്‌സി സേവനം ലഭ്യമാക്കും

അബുദാബി: യുഎഇയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി യുബറിന്റെ ‘യുബര്‍മെഡിക്‌സ്’ ഉദ്യമം. അബുദാബിയിലും ദുബായിലുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിസ്ഥലത്തേക്കും തിരിച്ചും പോകുന്നതിനുള്ള യാത്രാച്ചിലവ് കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. യുബര്‍മെഡിക്‌സ് ഇവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ടാക്‌സി സേവനം ലഭ്യമാക്കും.

കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവര്‍ക്കും പിന്തുണ നല്‍കുന്നതിനായുള്ള യുബറിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് യുബര്‍മെഡിക്‌സ്. യുഎഇയില്‍ മുബദാലയുടെ ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ അമാന മെഡിക്‌സ് ഉള്‍പ്പടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യുബര്‍മെഡിക്‌സിന്റെ പ്രവര്‍ത്തനം. ‘യുബര്‍ ഫോര്‍ ബിസിനസ് സൊലൂഷന്‍’ പ്ലാറ്റ്‌ഫോം മുഖേനയാണ് ആരോഗ്യപ്രവര്‍ത്തകരെ രോഗികളുടെ വീടുകളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ആരോഗ്യ സേവന സ്ഥാപനങ്ങള്‍ യുബര്‍മെഡിക്‌സ് സേവനം ഉപയോഗപ്പെടുത്തുക. സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍, സുലേഖ ഹോസ്പിറ്റല്‍ എന്നിവയും യുബര്‍മെഡിക്‌സിന്റെ പങ്കാളികളാണ്.

”വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. കൊറോണ വൈറസ് വ്യാപനം നമ്മുടെ ജീവിതരീതിയിലും ജോലിയിലും ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. സമൂഹത്തെ എങ്ങനെ പിന്തുണക്കാമെന്നും ശുഭമായ മാറ്റങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്നുമാണ് യുബര്‍ ചിന്തിക്കുന്നത്” യുബറിന്റെ യുഎഇ വിഭാഗം ജനറല്‍ മാനേജര്‍ റിഫദ് മഹസ്‌നേ പറഞ്ഞു. പകര്‍ച്ചവ്യാധിക്കാലത്ത് സമൂഹത്തെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവര്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും റിഫദ് പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കമ്പനി ജീവനക്കാര്‍ക്ക് സഹായം നല്‍കുന്നതിനും യുബര്‍ നടപടികള്‍ എടുത്തിരുന്നു. വൈറസ് ബാധിതരായ യുബര്‍ ഡ്രൈവര്‍മാര്‍ക്ക് 14 ദിവസം വരെ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം ഇതിലൊന്നാണ്.

Comments

comments

Categories: Arabia
Tags: Uber medics

Related Articles