ത്രില്ലടിപ്പിക്കുന്ന ദ ബോഡി

ത്രില്ലടിപ്പിക്കുന്ന ദ ബോഡി

രാത്രിയുടെ പശ്ചാത്തലത്തില്‍ നിഗൂഢത നിറഞ്ഞു നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് പ്രേക്ഷകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും അവരില്‍ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് ഒടുവില്‍ ആരും പ്രതീക്ഷിക്കാത്തൊരു വഴിത്തിരിവിലുടെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ദ ബോഡി’. സ്പാനിഷ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനായ ഓറിയോള്‍ പൌലോയുടെ സൃഷ്ടി

മഴയുള്ള ഒരു രാത്രി, കാട്ടില്‍ കൂടി ജീവനുംകൊണ്ട് ഓടുകയാണ് മധ്യവയസ്‌ക്കനായ ഒരാള്‍. ആരില്‍ നിന്നോ രക്ഷപ്പെടാനെന്നവണ്ണം കാട്ടില്‍ നിന്ന് റോഡിലേക്ക് എടുത്തു ചാടിയ അയാള്‍ അതുവഴി വന്ന കാറിടിച്ചു ബോധരഹിതനാകുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ അയാള്‍ തൊട്ടടുത്തുള്ള ഒരാശുപത്രിയുടെ മോര്‍ച്ചറി കാവല്‍ക്കാരന്‍ ആണെന്ന് മനസ്സിലാകുന്നു. സിസിടിവി ഫൂട്ടേജില്‍ ആ കാവല്‍ക്കാരന്‍ എന്തോ കണ്ടു പേടിച്ചു ഓടുന്നത് മാത്രമേ അവര്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. ബാക്കി എല്ലാ കാമറകളും പ്രവര്‍ത്തനരഹിതമായിരുന്നു.

എന്തിനായിരുന്നു ഈ ഓട്ടം?

നഗരത്തിലെ അതിസമ്പന്നയായ ബിസിനസ് വുമണായിരുന്നു മായ്ക്ക വില്ലാവര്‍ദേ. വിവിധ ഔഷധ നിര്‍മ്മാണ കമ്പനികളുടെ ഉടമയായ മായ്ക്കയുടെ ബിസിനസ് സാമ്രാജ്യം വളരെ വലുതായിരുന്നു. പെട്ടന്നൊരു ദിവസം ഉച്ചയ്ക്ക് മായ്ക്ക ഹൃദയസ്തംഭനം വന്ന് മരിക്കുന്നു. വൈകിട്ടോടെ ബോഡി മോര്‍ച്ചറിയില്‍ എത്തുന്നു. അന്നുരാത്രിയാണ് പാവം മോര്‍ച്ചറി കാവല്‍ക്കാരന്‍ മോര്‍ച്ചറിയില്‍ നിന്ന് എന്തോ കണ്ടു പേടിച്ച് ഓടി വണ്ടിയിടിച്ചു കോമയിലാകുന്നത്.

ഒരു കേസ്, ഒരുപാട് ചോദ്യങ്ങള്‍!

മോര്‍ച്ചറി കാവല്‍ക്കാരന്റെ വാഹനാപകടം അന്വേഷിച്ചെത്തിയ പോലീസ്, മോര്‍ച്ചറിയില്‍ നിന്ന് മായ്ക്കയുടെ ശവശരീരം കാണാതായി എന്ന സത്യം ഞെട്ടലോടെ മനസിലാക്കുന്നു.അതോടെ സംഭവങ്ങള്‍ക്ക് ചൂട് പിടിക്കുകയാണ്. ബോഡി പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. അതിനു മുമ്പേ അത് ആര് മോഷ്ടിച്ചു എന്ന സംശയത്തില്‍ പോലീസ്, സ്ത്രീയുടെ ചെറുപ്പക്കാരനായ ഭര്‍ത്താവ് അലക്‌സിനെ ചോദ്യം ചെയ്യാനായി മോര്‍ച്ചറിക്ക് തൊട്ടടുത്തുള്ള പോലീസ് റൂമിലേക്ക് വിളിച്ചുവരുത്തുന്നു. അലക്‌സ് മായ്ക്കയുടെ തന്നെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. അലക്‌സാണോ മായ്ക്കയെ കൊന്നത്? അതോ വേറെ ആരെങ്കിലുമാണോ? അതോ നേരത്തെ പറഞ്ഞതുപോലെ ഹൃദയസ്തംഭനം വന്നു മരണപ്പെട്ടതാണോ? അതോ ഇനി മായ്ക്ക മരിച്ചിട്ടില്ലേ? എല്ലാം വെറും അഭിനയം മാത്രമായിരുന്നോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിച്ചാലേ അന്വേഷണം മുന്നോട്ടു പോകൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍.

ആരെക്കെയാണ് ഇതിന്റെയൊക്കെ പിന്നില്‍?

സാധാരണ ഗതിയില്‍ അവയവങ്ങള്‍ വില്‍ക്കുന്ന മാഫിയകള്‍ മോര്‍ച്ചറിയില്‍ നിന്നും മറ്റും ശവ ശരീരങ്ങള്‍ മോഷ്ടിക്കാറുണ്ട്. എന്നാല്‍ ഇവിടെ പല കാരണങ്ങള്‍ കൊണ്ടും അതിനുള്ള സാധ്യത തീരെയില്ല. പ്രധാന കാരണം മായ്ക്ക അതിസമ്പന്നയായ ബിസിനസുകാരി ആയിരുന്നു എന്നത് തന്നെ. സാധാരണ ഗതിയില്‍ ഒരിക്കലും അങ്ങനെയുള്ള ഒരാളുടെ മൃതശരീരം മോഷ്ടിച്ചു കേസിലും അതിന്റെ നൂലാമാകളിലും ചെന്നുചാടാന്‍ അവയവമാഫിയ തുനിയില്ല.

അന്വേഷണം ആരംഭിക്കുന്നു…

കോമയില്‍ കിടക്കുന്ന മോര്‍ച്ചറി കാവല്‍ക്കാരന്‍ ഒഴികെ യാതൊരു തെളിവുകളും ഇല്ലാതെ, അതിലേറെ ആശയക്കുഴപ്പവുമായി ഇന്‍സ്‌പെക്ടര്‍ ജയ്മി പെന കേസ് അന്വേഷണം ഏറ്റെടുക്കുന്നു. ആദ്യ ഘട്ടങ്ങളില്‍ ഒരു തെളിവും കിട്ടാതെ കുഴയുന്ന അന്വേഷണ സംഘത്തിന് കേസന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ ചില നിര്‍ണായകമായ തെളിവുകള്‍ കിട്ടുന്നതോടെ അന്വേഷണം ട്രാക്കിലാകുന്നു. പിന്നീടങ്ങോട്ട് പ്രേക്ഷകന് വല്ലാത്തൊരു ദൃശ്യാനുഭവം നല്‍കുകയാണ് ഈ സിനിമ.

രാത്രിയും മഴയും…

സിനിമയുടെ എഴുപത്തിയഞ്ച് ശതമാനവും രാത്രിയും മഴയുമാണ്. അതുകൊണ്ട് തന്നെ വല്ലാത്തൊരു ഫീല്‍ നല്‍കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. രാത്രിയുടെ പശ്ചാത്തലത്തില്‍ നിഗൂഢത നിറഞ്ഞു നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് പ്രേക്ഷകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും അവരില്‍ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് ഒടുവില്‍ ആരും പ്രതീക്ഷിക്കാത്തൊരു വഴിത്തിരിവിലുടെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ദ ബോഡി’.

ഹൊറര്‍ ആണോ, അതോ ക്രൈം ആണോ?

സിനിമ കാണാന്‍ തുടങ്ങുമ്പോള്‍ തൊട്ട് ഹൊറര്‍ ആണോ അതോ ക്രൈം ആണോ എന്നൊന്നും നമ്മള്‍ക്ക് മനസ്സിലാക്കിത്തരാതെ പ്രേക്ഷകന്റെ ഇഷ്ടത്തിനു വിട്ടുകൊണ്ട് അവസാനിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു ‘ഡാര്‍ക്ക് മൂഡ് ത്രില്ലര്‍’ ആയ ഈ ചിത്രം, ഒരേ മൂഡില്‍, ഒരേ ട്രാക്കില്‍ സഞ്ചരിച്ച് കഥാഗതിയെക്കുറിച്ച് ഊഹിക്കാന്‍ നമ്മളെ എപ്പൊഴും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ മായ്ക്ക മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്ന് ഭര്‍ത്താവ് അലക്‌സിനൊപ്പം പ്രേക്ഷകരും ചിന്തിച്ചുകൊണ്ടേയിരിക്കും. നോണ്‍ ലീനിയര്‍ കഥപറച്ചിലാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടതെല്ലാം ഒത്തിണങ്ങിയ ‘ദി ബോഡി’ എക്കാലത്തെയും മികച്ച മിസ്റ്ററി മൂവീസില്‍ ഉയര്‍ന്ന സ്ഥാനത്ത് തന്നെ നില്‍ക്കുന്നു. ഒരിക്കലും ഒരു നിമിഷവും ലാഗ് ചെയ്യാത്ത ഒരു സിനിമ കാണണോ? ധൈര്യമായി കണ്ടു തുടങ്ങിക്കോളൂ…

സംവിധായകനെ പറ്റി…

സ്പാനിഷ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനായിരിക്കും ഓറിയോള്‍ പൌലോ. ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016), ജൂലിയാസ് ഐസ് (2010) എന്നിവയാണ് സംവിധായകന്റെ മറ്റു മികച്ച സിനിമകള്‍. പഴുതടച്ചുള്ള ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമാണ് ഓറിയോള്‍ പൌലോ സിനിമകളുടെ പ്രത്യേകത. പ്രേക്ഷകരെ ശ്വാസം വിടാന്‍ അനുവദിക്കാതെ, കണ്ണിമ ചിമ്മിക്കാതെ ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഓറിയോള്‍ പൌലോ സിനിമകള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.

റീമേക്ക്

2016 ല്‍ കന്നഡ-തമിഴ് സിനിമയായ ‘ഏമാല’, 2018 ല്‍ കൊറിയന്‍ സിനിമയായ ‘ദ വാനിഷ്ഡ്’, 2019 ല്‍ മലയാളത്തിന്റെ പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ ആദ്യ ഹിന്ദി ചിത്രം ‘ദ ബോഡി’ എന്നിവയൊക്കെ ഈ സിനിമയുടെ റീമേക്കുകളാണ്.

ദ ബോഡി (THE BODY)

Year: 2012

Genre: Thriller/Mystery

Director: Oriol Paulo

Starring: Jose Coronado, Belen Rueda, Hugo Silva, Aura Garrido, Juan Pablo Shuk, Cristina Plazas, Oriol Vila, Manel Dueos, Nausicaa Bonnin.

Country: Spain

Running Time: 107 Minutes

Language: Spanish

.

Categories: Movies, Slider
Tags: The Body