സ്വദേശി പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

സ്വദേശി പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

ഇന്ത്യയെ സ്വയം പര്യാപ്ത രാജ്യമാക്കി മാറ്റുകയെന്ന ആശയം നല്ലതുതന്നെയാണ്. എന്നാല്‍ ലോകനിലവാരത്തിലുള്ളതാണ് നമ്മുടെ ഉല്‍പ്പന്നങ്ങളെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമുണ്ടാകണം

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സ്വദേശി ഉല്‍പ്പന്നങ്ങളുടെ വ്യാപകമായ പ്രോല്‍സാഹനമാണ് നടക്കുന്നത്. ആഭ്യന്തര വ്യവസായങ്ങളെയും ബിസിനസുകളെയും പരമാവധി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യവുമാണ്. ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചും തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘുമെല്ലാം സ്വദേശി പ്രചരണം നേരത്തെ തന്നെ ശക്തമായി ഏറ്റെടുത്തിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന പല പദ്ധതികളെയും ഇവര്‍ കാര്യമായി വിമര്‍ശിച്ചിട്ടുമുണ്ട്.

കൊറോണ വൈറസ് ലോക സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ചതോട് കൂടി രാജ്യങ്ങള്‍ പലതും സംരക്ഷണവാദത്തിലേക്ക് വീണ്ടും തിരിയുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കവേ സ്വയം പര്യാപ്ത, സ്വദേശി ഭാരതത്തിനുള്ള പുതിയ പദ്ധതിയും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്.

ഫ്‌ളിപ്കാര്‍ട്ടിനെയും ആമസോണിനെയും മറന്നേക്കൂ, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കൂ, ആഗോള ബ്രാന്‍ഡുകളെ ഒഴിവാക്കി ഇന്ത്യന്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങൂ എന്നെല്ലാമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലിരുന്ന് പലരും പറയുന്നത്.

സ്വദേശി പ്രോല്‍സാഹിപ്പിക്കുമ്പോള്‍ തന്നെ നമ്മള്‍ ഓര്‍ക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഉല്‍പ്പന്നമാണെങ്കിലും സേവനമാണെങ്കിലും അത് ഉന്നത, ആഗോള നിലവാരത്തില്‍ ലഭ്യമാക്കുക എന്നത്. ഒരേ വിലയ്ക്ക് തന്നെ ഗുണനിലവാരമുള്ളതും ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമ്പോള്‍ സ്വദേശി നയം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പറഞ്ഞാല്‍ ഉപഭോക്താക്കള്‍ ചെവിക്കൊള്ളില്ല. ഇക്കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ അങ്ങനെ വാങ്ങിയാല്‍ തന്നെ അത് നിലനില്‍ക്കുന്ന പ്രവണതയായി മാറുകയുമില്ല.

പ്രധാനമന്ത്രി സ്വപ്‌നം കാണുന്ന സ്വാശ്രയ ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രാദേശിക കമ്പനികളില്‍ നിന്ന് ലഭ്യമാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുമുണ്ടാകണം. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് ചൂണ്ടിക്കാണിക്കുകയുമുണ്ടായി.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വലിയ ബോധ്യമില്ലാതെയാണ് ഇപ്പോഴത്തെ പല ബഹളങ്ങളുമെന്ന് വിമര്‍ശിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആഗോള വിപണിയില്‍ മല്‍സരിക്കാനും വിജയിക്കാനും ശേഷിയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കപ്പെടുകയാണ് വേണ്ടത്. ഇന്ത്യയില്‍ നിന്നും ഫേസ്ബുക്കിനും ഗൂഗിളിനും സമാനമായി അവരെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള സേവനങ്ങള്‍ ഉണ്ടാകുകയാണ് വേണ്ടത്. അല്ലാതെ അത്ര വിശാലമായ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം അതിലും നിലവാരം കുറഞ്ഞതോ ഫീച്ചേഴ്‌സ് കുറഞ്ഞതോ ആയ സേവനം അവതരിപ്പിച്ചിട്ട് അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ കാര്യമില്ല. ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനവുമായെത്തുന്ന ബഹുരാഷ്ട്ര കമ്പനികളെ വിലക്കുന്നതോ അവര്‍ക്ക് വിപണി പരിമിതപ്പെടുത്തുന്നതോ ആയ സമീപനവും ഗുണം ചെയ്യില്ല. അവരോട് മല്‍സരിച്ച് പിടിച്ചുനില്‍ക്കാന്‍ പാകത്തില്‍ നമ്മുടെ കമ്പനികളെ വളര്‍ത്തുകയാണ് വേണ്ടത്. ചൈന പരീക്ഷിച്ചതുപോലുള്ള സംരക്ഷണവാദത്തിലധിഷ്ഠിതമായ തുറന്ന വിപണിയെ അട്ടിമറിക്കുന്ന സാമ്പത്തിക മാതൃകകളല്ല ഭാരതത്തിനാവശ്യം.

Categories: Editorial, Slider
Tags: Job law, Swadeshi