തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയേക്കും

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയേക്കും

ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും കാര്‍ഷിക മേഖലയെയും സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് കൃത്യമായ മണ്‍സൂണ്‍ കാലം

ന്യൂഡെല്‍ഹി: ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കം 4 ദിവസത്തോളം വൈകിയേക്കുമെന്ന് ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. സാധാരണയായി ജൂണ്‍ 1ന് കേരളാ തീരത്ത് എത്തുന്ന മഴ ഇത്തവണ ജൂണ്‍ 5ന് കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇക്കാര്യത്തില്‍ 4 ദിവസത്തിന്റെ വ്യത്യാസം അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടാകാമെന്നും ഐഎംഡി പറയുന്നു.

കേരളത്തിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടെയാണ് രാജ്യത്തെ നാലുമാസത്തോളം നീളുന്ന മഴക്കാലത്തിന് തുടക്കമാകുക. ഇത്തവണ ദീര്‍ഘകാല ശരാശരിക്ക് യോജിച്ച തരത്തില്‍ സാധാരണ മഴ മണ്‍സൂണില്‍ ലഭിക്കുമെന്നാണ് ഐഎംഡിയുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. കേരളത്തില്‍ ഓഗസ്റ്റില്‍ അതി വര്‍ഷത്തിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും കാര്‍ഷിക മേഖലയെയും സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് കൃത്യമായ മണ്‍സൂണ്‍ കാലം. കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്നുള്ള തിരിച്ചുവരവിനും ഗ്രാമീണ ഉപഭോഗവും ആവശ്യകവും മെച്ചപ്പെടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയത്തിന് സാക്ഷ്യം വഹിച്ചിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിലവില്‍ ഇക്കാര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് 19 വ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല എന്നതിനാല്‍ ഈ ഘട്ടത്തില്‍ മഴ കൂടി വരുന്നത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണങ്ങളെയും എങ്ങനെ ബാധിക്കുമെന്നതും ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: monsoon