മനുഷ്യത്വത്തോടെ പെരുമാറേണ്ട കാലം

മനുഷ്യത്വത്തോടെ പെരുമാറേണ്ട കാലം

ഓരോരുത്തരും അതിജീവിക്കാന്‍ കഴിയാവുന്നത് ചെയ്യുക. തൊഴിലാളികളോട് നാളെ മുതല്‍ വരേണ്ട എന്ന് പറയുന്നതിന് പകരം പകുതി ശമ്പളമെങ്കിലും കൊടുക്കുക

-വി ജി ദേവദാസ്, ചെയര്‍മാന്‍, നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പ്

ആയുര്‍വേദ ഇന്‍ഡസ്ട്രിയെ കോവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. ശാരീരികമായി സ്പര്‍ശിച്ചുകൊണ്ടും മറ്റുമാണ് ആയുര്‍വേദ ചികിത്സ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് കസ്റ്റമേഴ്‌സ് കൂടുതലും എത്തുന്നത്. കയറ്റുമതി നിലച്ചു. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും ബുദ്ധിമുട്ടായി. പൊതുഗതാഗതം പുനരാരംഭിച്ചാലേ മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കാനാകൂ. മികച്ച വിപണികളായിരുന്ന തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം പ്രശ്‌നമാണ്.

കോവിഡിന്റെ ഒരു ആഘാതപഠനം ഇതുവരെ നടന്നിട്ടില്ല. പലര്‍ക്കും വരുമാനവും ജോലിയും ഇല്ലാതാവുന്നു. അതിജീവനത്തിനായി വേണ്ട സാധനങ്ങളിലേക്ക് ആളുകള്‍ ചുരുങ്ങും. മറ്റ് സാധനങ്ങളുടെയൊക്കെ ഡിമാന്‍ഡ് കുറയും. ജീവിതരീതിയില്‍ പലവിധ മാറ്റങ്ങളും വരും. ഏതൊക്കെ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. രണ്ടോ മൂന്നോ വര്‍ഷമെങ്കിലും പിടിക്കും ഇതില്‍നിന്ന് കരകയറാന്‍.

ഉത്തര്‍പ്രദേശിലൊക്കെ നിക്ഷേപാവസരങ്ങള്‍ വരുന്നുണ്ട്. ചൈനയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതോടെ ആളുകള്‍ ബദല്‍ തേടുകയും ഇന്ത്യക്ക് അവസരം ലഭിക്കുകയും ചെയ്യും.

അവബോധം വര്‍ധിക്കും

ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വര്‍ധിക്കും. കേരളം നല്ലൊരു ഡെസ്റ്റിനേഷന്‍ ആണെന്ന് തോന്നി കൂടുതല്‍ ആള്‍ക്കാര്‍ ഇവിടേക്ക് വരണം. എന്നാല്‍ അത് അടിയന്തരമായി സംഭവിക്കും എന്ന് തോന്നുന്നില്ല. യാത്രചെയ്യാന്‍ ആളുകള്‍ക്ക് ഭയമായിരിക്കും. ആയുര്‍വേദം രോഗം വരാതെയുള്ള കരുതലാണ്. അത്തരമൊരു ജീവിതരീതിയാണ് അത് നിഷ്‌കര്‍ഷിക്കുന്നത്. രണ്ടു മൂന്നു കൊല്ലത്തിനുശേഷം ആയുര്‍വേദം മികച്ച അവസരം ആയുര്‍വേദത്തിനുണ്ടാവും.

ഗവേഷണം സജീവമാക്കണം

ഗവേഷണത്തിനായുള്ള ഒരു സമയമാണിത്. മുഴുവന്‍ കഴിവുകളെയും മെച്ചപ്പെടുത്താന്‍ ശ്രമം വേണം. ആളുകളുടെ കഴിവ്, സംവിധാനത്തിന്റെ കഴിവ്, ഉല്‍പ്പന്നങ്ങളുടെ കഴിവ്…എല്ലാം. അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ അങ്ങനെ സജ്ജരാകാം.

സംരംഭകരുടെ മനോവീര്യം നശിക്കരുത്

എല്ലാവരെയും ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണിത്. തൊഴില്‍ നഷ്ടവും മറ്റും സാധാരണമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വ്യവസായ മേഖല തകരാതെ നോക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഒന്നോ രണ്ടോ ആളുകള്‍ ചേര്‍ന്ന് നടത്തുന്നതായിരിക്കും ഒരു കമ്പനി. ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും തൊഴിലാളി യൂണിയനുകളും എല്ലാം സഹകരിക്കണം. തിരിച്ചുവരുമ്പോള്‍ നഷ്ടപരിഹാരം കൊടുക്കാമെന്ന് സംരംഭകരും ഉറപ്പ് നല്‍കണം. കുറെക്കൂടി സുതാര്യമായി അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്തി ഒരു ധാരണ ഉണ്ടാക്കണം. എല്ലാ വ്യവസായികളും പണം നിക്ഷേപിച്ചിട്ടുണ്ട്. എവിടെയെങ്കിലും തകര്‍ന്നു തരിപ്പണമായാല്‍ കുറെ സംരംഭകര്‍ ആത്മഹത്യയിലേക്കും മറ്റും തിരിയാം. അപ്പോള്‍ എല്ലാവരുടെയും മനോവീര്യം നശിക്കും. സര്‍ക്കാര്‍ ഫണ്ട് ലഭ്യത സജീവമാക്കുന്നുണ്ട്. ഇതിലൂടെ ആവശ്യകത വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വരാന്‍പോകുന്ന അവസരങ്ങളെ ഉപയോഗിക്കാന്‍ നാം സജ്ജരായിരിക്കണം. കുറച്ചുകാലം എല്ലാവരും അല്‍പ്പം വിഷമതകള്‍ സഹിക്കാന്‍ തയാറാവണം. സര്‍ക്കാര്‍ നികുതി പിരിവില്‍ കടുംപിടുത്തം കാണിക്കരുത്.

സമഗ്ര പഠനം വേണം

വിവിധ മേഖലകളിലെ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും പ്രശ്‌നപരിഹാരം കണ്ടെത്താനുമായി ഒരു സംവിധാനം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നന്നായിരുന്നു. കേരളത്തിലെ വിശ്വാസ്യതയുള്ള മികച്ച സംരംഭകരെ അതിലേക്ക് നിയോഗിക്കാം. ചെറിയ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരിക്കും ചില ചെറിയ കമ്പനികളും മറ്റും പൂട്ടിപ്പോവുക. കൃത്യസമയത്ത് സഹായിച്ചാല്‍ അത് ഒഴിവാക്കാം. അങ്ങനെ ഒരു പ്രോആക്ടീവ് ആയിട്ടുള്ള നടപടി എടുത്താല്‍ തന്നെ വലിയ വ്യത്യാസം വരും.

മനുഷ്യത്വത്തോടെ പെരുമാറണം

എന്റെ അഭിപ്രായത്തില്‍ ഇത് വളരെ വളരെ ഗുരുതരമായ സാഹചര്യമാണ്. കൊറോണയ്ക്ക് മുന്‍പും ശേഷവും എന്ന് കുറെക്കാലം കഴിയുമ്പോള്‍ ആളുകള്‍ പറയുംപോലെ ഗുരുതരം. ആയിരമോ അഞ്ഞൂറോ കൊല്ലം കൂടുമ്പോള്‍ വരുന്ന മോശം സാഹചര്യം. പരസ്പരം സഹായിക്കുകയെന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഓരോരുത്തരും അതിജീവിക്കാന്‍ കഴിയാവുന്നത് ചെയ്യുക. തൊഴിലാളികളോട് നാളെ മുതല്‍ വരേണ്ട എന്ന് പറയുന്നതിന് പകരം പകുതി ശമ്പളമെങ്കിലും കൊടുക്കുക. മനുഷ്യത്വത്തോടെ ഇതൊക്കെ ചെയ്താല്‍ അവര്‍ക്കും നിലനില്‍ക്കാനാകും. വേതനത്തില്‍ നിന്ന് കുറച്ച് വെട്ടിക്കുറയ്ക്കുന്നത് അവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇപ്രകാരം തൊഴിലാളികളെ സഹായിക്കുന്ന കമ്പനികളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കണം. ബാങ്കില്‍ നിന്നും വായ്പകള്‍ ലഭ്യമാക്കണം.

Categories: FK Special, Slider