ബെസോസ് ആകുമോ ആദ്യത്തെ ട്രില്യണയര്‍?

ബെസോസ് ആകുമോ ആദ്യത്തെ ട്രില്യണയര്‍?

2026 ഓടെ ജെഫിന്റെ ആസ്തി ലക്ഷം കോടി കടക്കുമെന്ന് കംപാരിസണ്‍ റിസര്‍ച്ച്

ന്യൂയോര്‍ക്ക്: സ്വന്തം ആസ്തി ലക്ഷം കോടി ഡോളര്‍ കടത്തുന്ന ലോകത്തെ ആദ്യ ട്രില്യണയര്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയേക്കാമെന്ന പ്രവചനവുമായി ഗവേഷണ സ്ഥാപനം. 2026 ഓടെ ജെഫിന്റെ ആകെ ആസ്തി ലക്ഷം കോടി കടക്കുമെന്നാണ് കംപാരിസണ്‍ റിസര്‍ച്ച് എന്ന സ്ഥാപനം പറയുന്നത്. 143 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെസോസ് ഇപ്പോള്‍ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. 1,000 ബില്യണാണ് ഒരു ട്രില്യണ്‍.

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മുന്‍നിര ഓഹരികളെയും ലോകത്തെ 25 അതിസമ്പന്നരെയുമാണ് സ്ഥാപനം പഠനവിധേയമാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ശരാശരി വാര്‍ഷിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം. ബെസോസിന്റെ പിന്നില്‍ ചൈനീസ് റിയല്‍ ഏസ്റ്റേറ്റ് വമ്പനായ സു ജിയായിന്‍ രണ്ടാം സ്ഥാനത്തുണ്ട്. 2027 ല്‍ അദ്ദേഹം ട്രില്യണയറാകും. ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 2033 ല്‍ തന്റെ 75 ാം വയസില്‍ അംബാനി ട്രില്യണറാകുമെന്നാണ് അനുമാനം.

കഴിഞ്ഞ വര്‍ഷത്തില്‍ ബെസോസിന്റെ ആസ്തി 25 ശതമാനമാണ് വളര്‍ന്നത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഇ-കൊമേഴ്‌സ് വ്യവസായം ഇനിയും വളരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഈ വാര്‍ത്തയോട് സമ്മിശ്രമായാണ് സമൂഹ മാധ്യമങ്ങള്‍ പ്രതികരിച്ചത്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്ന മഹാമാരിക്കാലത്ത്, ശതകോടീശ്വരന്‍ ബെസോസിന്റെ ആസ്തി വര്‍ധിക്കുന്നതിലുള്ള അനീതി ചൂണ്ടിക്കാണിക്കപ്പെടുകയും, അതിലുള്ള രോഷം ട്വിറ്ററില്‍ വ്യാപകമായി പ്രകടമാവുകയും ചെയ്തു.

വ്യവസായി കമ്പനി ട്രില്യണയറാകുന്ന വര്‍ഷം

ജെഫ് ബെസോസ് ആമസോണ്‍ 2026

സു ജിയായിന്‍ എവര്‍ഗ്രാന്റ് ഗ്രൂപ്പ് 2027

ജാക് മാ ആലിബാബ 2030

മാ ഹുവാടെംഗ് ടെന്‍സെന്റ് 2033

മുകേഷ് അംബാനി റിലയന്‍സ് 2033

Comments

comments

Categories: Business & Economy