പകര്‍ച്ചവ്യാധിക്ക് ശേഷം ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് പോള്‍ ഗ്രിഫിത്ത്‌സ്

പകര്‍ച്ചവ്യാധിക്ക് ശേഷം ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് പോള്‍ ഗ്രിഫിത്ത്‌സ്
  • എന്നാല്‍ തിരിച്ചുവരവിന് രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് സിഇഒ
  • യാത്രാ ഡിമാന്‍ഡും യാത്രികരുടെ എണ്ണവും പഴയ അവസ്ഥയിലേക്ക് എത്തുന്നതുവരെ പരിമിതമായ പ്രവര്‍ത്തനം തുടരും

ദുബായ്: ആകാശയാത്ര സുരക്ഷിതമാണെന്ന് ബോധ്യപ്പെടുന്നതോടെ വിമാനത്താവളങ്ങളിലേക്ക് യാത്രക്കാര്‍ തിരികെ എത്തുമെന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ മേധാവി. എന്നാല്‍ അതെപ്പോഴുണ്ടാകുമെന്ന് തനിക്കും അറിയില്ലെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 86.4 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ നാമമാത്രമായി ചുരുങ്ങി. പകര്‍ച്ചവ്യാധിക്ക് ശാശ്വതമായ പരിഹാരം വന്ന ശേഷം വിമാനത്താവളത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു. വൈറസ് പകരുമെന്ന ഭീതിയില്ലാതെ യാത്ര ചെയ്യാമെന്ന് വൈദ്യശാസ്ത്രപരമായി ഉറപ്പ് ലഭിക്കാതെ നിലവിലെ അവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നും ഗ്രിഫിത്ത്‌സ് അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കാന്‍ സാധിച്ച രാജ്യങ്ങളില്‍ നിന്ന് തുടങ്ങി ക്രമേണ ഇത്തരത്തിലൊരു വിശ്വാസം ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍കരുതലുകള്‍

യാത്രാ ഡിമാന്‍ഡും യാത്രികരുടെ എണ്ണവും സാധാരണ നിലയിലേക്ക് എത്തുന്നതുവരെ ദുബായ് രാജ്യാന്തര വിമാനത്താവളം 30 ശതമാനം ജീവനക്കാരുമായി പരിമിതമായ പ്രവര്‍ത്തനം തുടരുമെന്ന് ഗ്രിഫിത്ത്‌സ് അറിയിച്ചു. അണുനശീകരണം, സാമൂഹിക അകലം, ലളിതവും വേഗതയാര്‍ന്നതും ആശ്രയിക്കാന്‍ സാധിക്കുന്നതുമായ കൊറോണ വൈറസ് പരിശോധന സംവിധാനം തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ ദുബായ് വിമാനത്താവളങ്ങളില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അത്യാവശ്യമല്ലാത്ത വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. നിര്‍ബന്ധിത ക്വാറന്റീനും സാമൂഹിക അകല നിബന്ധനകളും ഇനിയങ്ങോട്ടും ജനങ്ങളെ വിമാനയാത്രയില്‍ നിന്നും അകറ്റിനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വൈറസിനെ ഇല്ലാതാക്കുന്ന വാക്‌സിനോ ഫലപ്രദമായ ചികിത്സയോ കണ്ടുപിടിക്കുന്നതുവരെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തേണ്ടി വരുമെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് വിമാനയാത്രയ്ക്കുള്ള ഡിമാന്‍ഡ് തിരിച്ചെത്തുന്നതിന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ഗ്രിഫിത്ത്‌സിന്റെ അഭിപ്രായം. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായം രണ്ടുവര്‍ഷം കൊണ്ടും വ്യോമയാന മേഖല മുന്‍ അവസ്ഥയിലേക്ക് എത്തില്ലെന്നാണ്. കഴിഞ്ഞ വര്‍ഷത്തെ നിലവാരത്തിലേക്ക് വ്യോമയാന രംഗം എത്തണമെങ്കില്‍ 2023 എങ്കിലും ആകണമെന്നാണ് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ അഭിപ്രായം.

മേയ് അവസാനം മുതല്‍ വിമാനയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്താനാണ് യുകെയുടെ പദ്ധതി. അതേസമയം ജൂണ്‍ 15 തുടങ്ങി കെഫ്‌ളാവിക് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരിലും കൊറോണ വൈറസ് പരിശോധന നടത്താനാണ് ഐസ്‌ലന്‍ഡിന്റെ തീരുമാനം. പരിശോധനയില്‍ നെഗറ്റീവ് ആകുന്ന യാത്രക്കാരെയും രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിക്കും.

പകര്‍ച്ചവ്യാധി പ്രശ്‌നം ആരംഭിച്ചതിന് ശേഷം ദുബായ് എയര്‍പോര്‍ട്ട്‌സ് രണ്ട് ടെര്‍മിനലുകള്‍ അടച്ചിരുന്നു. വിമാനത്താവളത്തിലേക്ക് 2,500ഓളം ജീവനക്കാരെ നല്‍കിയിരുന്ന കമ്പനികളുമായുള്ള സര്‍വീസ് കരാറുകള്‍ റദ്ദ് ചെയ്ത് മൊത്തത്തിലുള്ള ജീവനക്കാരുടെ എണ്ണം പകുതിയാക്കുകയും ചെയ്തു. ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവള നടത്തിപ്പ് കമ്പനി ആണെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ സഹായമോ അധിക ഫണ്ടുകളോ ദുബായ് എയര്‍പോര്‍ട്ട്‌സിന് വേണ്ടി വരില്ലെന്ന് ഗ്രിഫിത്ത്‌സ് വ്യക്തമാക്കി. ‘ചിലവ് ചുരുക്കലിനും പ്രവര്‍ത്തനം തുടരുന്നതിനും തിരിച്ചുവരവിനായി ഒരുങ്ങുന്നതിനുമിടയിലുള്ള സുരക്ഷിതമായ ഇടം കണ്ടെത്താനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നത്. ഇപ്പോഴുള്ളതും സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത് അടിസ്ഥാനസൗകര്യം പരിമിതപ്പെടുത്തി. ഏതുസമയത്തും അടിസ്ഥാന സൗകര്യങ്ങള്‍ പഴയപടിയിലാക്കാന്‍ പറ്റുന്ന രീതിയിലുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്. നിലവില്‍ മൂന്നാം ടെര്‍മിനലിലൂടെയാണ് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നത്. ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈദുബായും മറ്റ് വിദേശ വിമാനക്കമ്പനികളും രണ്ടാം ടെര്‍മിനലാണ് ഉപയോഗിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതോടെ ചില വിദേശ വിമാനക്കമ്പനികള്‍ മൂന്നാം ടെര്‍മിനലിലേക്ക് മാറും. കൂടുതല്‍ ടെര്‍മിനലുകള്‍ ആവശ്യമാണെന്ന് ബോധ്യം വരുന്ന സ്ഥിയിലേക്ക് യാത്രികരുടെയും വിമാനക്കമ്പനികളുടെയും എണ്ണം കൂടിയെങ്കില്‍ മാത്രമേ മറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തനനിരതമാക്കുകയുള്ളു’ ഗ്രിഫിത്ത്‌സ് പറഞ്ഞു.

ഇതുവരെയുള്ള കണക്ക് അനുസരിച്ച് 52,000 ആളുകളാണ് ദുബായില്‍ നിന്നും ഇന്ത്യ, യുകെ, നെതര്‍ലന്‍ഡ്‌സ്, ഇറാഖ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലുള്ള അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. അവശ്യസാധനങ്ങള്‍ എത്തിക്കുന്ന കാര്‍ഗോ വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. ലോകത്തിലെ 260ഓളം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗോള വിമാനയാത്രാ ഹബ്ബായ ദുബായ് ഈ പ്രതിസന്ധിയില്‍ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഗ്രിഫിത്ത്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു. സമീപഭാവിയില്‍ വിമാനയാത്രയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞ് തന്നെ തുടര്‍ന്നാല്‍ നേരിട്ടുള്ള സര്‍വീസുകള്‍ കുറയും. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മതിയായ ഡിമാന്‍ഡ് ഇല്ലാത്തപ്പോഴും നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ് ഹബ്ബ് മാതൃകയുടെ മേന്മയെന്നും ഗ്രിഫിത്ത്‌സ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia