കോവിഡ്-19 സമ്മര്‍ദ്ദം: ഇറാന്റെ പ്രതിരോധ ചിലവിടല്‍ കുറയും

കോവിഡ്-19 സമ്മര്‍ദ്ദം: ഇറാന്റെ പ്രതിരോധ ചിലവിടല്‍ കുറയും

അക്രമോത്സുകമായ സൈനിക നയങ്ങള്‍ പിന്തുടരുന്ന ഇറാന് പ്രതിരോധ ചിലവിടല്‍ വെട്ടിക്കുറയ്ക്കുന്നത് ദുഷ്‌കരമാകും

ടെഹ്‌റാന്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്‍ പ്രതിരോധ ചിലവിടല്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റെജിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ഇരുപത് ശതമാനം ചുരുങ്ങുമെന്ന വിലയിരുത്തലിലാണ് പ്രതിരോധ മേഖലയില്‍ ഇറാന് വ്യാപക ചിലവ് ചുരുക്കല്‍ അനിവാര്യമായി വരുമെന്ന് കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി, എണ്ണവിലത്തകര്‍ച്ച, അമേരിക്കയുടെ ഉപരോധം എന്നിവയുടെ സമ്മര്‍ദ്ദം മൂലം വരുംമാസങ്ങളില്‍ ഇറാന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ ഇല്ലാതായേക്കുമെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി. പകര്‍ച്ചവ്യാധി കാരണം ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളും സമ്മര്‍ദ്ദത്തിലാണെന്നും ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നു.

ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളും ഐആര്‍ജിസി തലവന്‍ ഖാസിം സുലെയ്മാനിയുടെ കൊലപാതകവും പ്രതിരോധ രംഗത്തെ ചിലവിടല്‍ ഉയര്‍ത്താന്‍ കാരണമായെങ്കിലും സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ ചിലവുകള്‍ വെട്ടിച്ചുരുക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരാകും. മാത്രമല്ല, സാമ്പത്തികമായ തിരിച്ചടികള്‍ ഇറാനെ പാശ്ചാത്യ ശക്തികളുമായുള്ള വിലപേശല്‍ ചര്‍ച്ചകളിലേക്ക് മടക്കി എത്തിക്കുമെന്നും കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. എന്നാല്‍ ചര്‍ച്ച പുനഃരാരംഭിക്കാനുള്ള ഇറാന്റെ സന്നദ്ധതയോട് അമേരിക്കയുടെ സമീപനം എത്തരത്തിലായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവ യാഥാര്‍ത്ഥ്യമാകൂ.

പ്രതിരോധ ചിലവിടല്‍ കുറയുമെങ്കിലും പ്രാദേശിക സഖ്യകക്ഷികള്‍, ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികള്‍ തുടങ്ങി നിലനില്‍പ്പിന് അത്യാവശ്യമായ മേഖലകളില്‍ ഇറാന്‍ ചിലവിടല്‍ തുടരും. അമേരിക്കയുമായുള്ള ഭാവി വിലപേശല്‍ ചര്‍ച്ചകളില്‍ ഇവ നിര്‍ണായകമാകുമെന്നാണ് നേതൃത്വം കരുതുന്നത്. അതുകൊണ്ടുതന്നെ ലെബനനിലെ ഹിസ്ബുള്ള, ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍, യെമനിലെ ഹൂത്തികള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ക്ക് ഇറാനില്‍ നിന്നുള്ള ഫണ്ടിംഗ് തുടര്‍ന്നും ലഭിച്ചേക്കും.

പശ്ചിമേഷ്യയില്‍ പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച രാജ്യമാണ് ഇറാന്‍. 115,000 കോവിഡ്-19 കേസുകളും ഏഴായിരത്തിനടുത്ത് മരണവുമാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല എന്നും ആരോപണമുണ്ട്. ഒക്ടോബറില്‍ അവസാനിക്കുന്ന ഇറാനെതിരായ ആയുധ ഉപരോധം സുരക്ഷാ കൗണ്‍സില്‍ നീട്ടിയില്ലെങ്കില്‍ മുമ്പുണ്ടായിരുന്ന ഉപരോധങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ ലോകശക്തികളും ഇറാനും തമ്മിലുള്ള ആണവ കരാറിന്റെ ഭാഗമാണ് ആയുധ ഉപരോധം. അണുവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉപാധിയിലാണ് ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഈ രാഷ്ട്രങ്ങള്‍ തയ്യാറായത്. കരാര്‍ ലംഘിച്ചാല്‍ ഇറാനുമേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്താന്‍ അംഗരാജ്യങ്ങള്‍ക്ക് കഴിയും. അതേസമയം 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്നും പിന്മാറുകയും ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആണവ കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ തുടര്‍ന്ന് യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധി അടക്കമുള്ള ഉപാധികള്‍ ഇറാന്‍ ലംഘിച്ചിരുന്നു. എന്നാല്‍ കരാര്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍.

Comments

comments

Categories: Arabia
Tags: Covid 19